ദമാം – ശനിയാഴ്‌ച രാവിലെ ജറ്റ് എയര്‍വേസ് ദമാമില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് റദ്ദാക്കി. സാങ്കേതിക തകരാറാണ് കാരണം. യാത്രക്കാരെ ഇന്ന് പുലര്‍ച്ചെ കൊണ്ടുപോകുമെന്ന് ജറ്റ് എയര്‍വേസ് വൃത്തങ്ങള്‍ മലയാളം ന്യൂസിന്റെ അന്വേഷണത്തില്‍ വ്യക്തമാക്കി.
വെള്ളിയാഴ്‌ച രാത്രി 11. 55ന് ദമാമില്‍ നിന്നും പുറപ്പെടുന്ന 9 ഡബ്ലു 565 നേരിട്ടുള്ള വിമാനം രാവിലെ 7.15നാണ് തിരുവനന്തപുരത്ത് എത്തുന്നത്. സാങ്കേതിക തകരാറ് മൂലം വിമാനത്തിന് പറക്കാനാവില്ലെന്ന് അറിയിച്ച് തിരികെ ലോഞ്ചിലെത്തിക്കുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു.
റീ എന്‍ട്രി വിസയിലുള്ള യാത്രക്കാര്‍ക്ക് ദമാമില്‍ ഹോട്ടലുകളില്‍ താമസ സൗകര്യം നല്‍കി. എക്‌സിറ്റ് വിസ പതിച്ചവര്‍് വിമാനത്തില്‍ നിന്നും പുറത്ത് പോകാന്‍ കഴിയാത്തതിനാല്‍ ഏറെ പ്രയാസപ്പെട്ടു. രണ്ട് വയസ് പ്രായമായ കുഞ്ഞുമായി സന്ദര്‍ശക വിസയിലെത്തി മടങ്ങുകയായിരുന്ന അമ്മക്കും, ഒരു ഗര്‍ഭിണിക്കും ബിസിനസ് ക്ലാസ് ലോഞ്ചില്‍ സൗകര്യം നല്‍കി.
All posts by Ashfaq Haris
സൗദി മരുഭൂമിയില്‍ ഒട്ടക ജീവിതം നയിച്ച തമിഴ് യുവാവ് മലയാളികളുടെ തുണയില്‍ നാട്ടിലെത്തി
ദമാം – ഖത്തറില്‍ തൊഴില്‍ വിസയിലെത്തി ആറ് മാസത്തോളം മരുഭൂമിയില്‍ ഒട്ടകം മേയ്‌ക്കാന്‍ നിര്‍ബന്ധിതനായ തമിഴ്‌നാട് സ്വദേശി നാട്ടിലേക്ക് മടങ്ങി. തമിഴ്‌നാട് പുതുക്കോട്ടൈ മാവട്ടം സ്വദേശി അബ്‌ദുല്‍ മജീദിന്റെ മകന്‍റഹ്‌മത്ത് ജിന്ന (30)യാണ് ഭാഗ്യവശാല്‍ രക്ഷപ്പെട്ടത്. വഴിതെറ്റി എത്തിയ ഒരു മലയാളി പുറം ലോകത്ത് എത്തിച്ച റഹ്‌മത്ത് ജിന്നക്ക് നാട്ടിലേക്ക് മടങ്ങുന്നതിനും മലയാളി സാമൂഹിക പ്രവര്‍ത്തകരാണ് തുണയായത്.
അറുപതിനായിരം രൂപ മുടക്കിയാണ് രണ്ടര വര്‍ഷം മുമ്പ് ഖത്തറിലേക്ക് വന്നത്. കുടുംബം പുലര്‍ത്താനും രണ്ട് ഇളയ സഹോദരമമാരുടെ വിവാഹം നടത്താനും സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് വിദേശത്ത് ജോലി തേടിയത്. വിമാനമിറങ്ങിയ ഉടനെ ഒരു മലയാളി സ്‌പോണ്‍സറുടെ വീട്ടിലേക്ക് കൊണ്ടുപോയി. അറബിയുടെ വീട്ടില്‍ രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ വീട്ടുജോലിയെന്നും 750 റിയാല്‍ ശമ്പളവുമാണ് പറഞ്ഞത്. ഖത്തറിലെ തിരിച്ചറിയല്‍ കാര്‍ഡ് എടുത്തിരുന്നു. മൂന്നാഴ്‌ച കഴിഞ്ഞപ്പോഴാണ് കൊടും യാതനക്ക് തുടക്കമായത്.
അല്‍ഹസയിലുള്ള തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് എന്ന് പറഞ്ഞ് സ്‌പോണ്‍സര്‍ ഹസയില്‍ നിന്നും 200 കിലോമീറ്റര്‍ അകലെ വിജനമായ മരുഭൂമിയിലാണ് എത്തിച്ചത്. നൂറ് ഒട്ടകങ്ങളോടൊപ്പം ആ മരുഭൂമിയില്‍ ആറ് മാസം നരകജീവിതം നയിച്ചു. മുമ്പ് ജോലി ചെയ്‌ത ഹൈദരബാദി പോയ ഒഴിവിലേക്കാണ് റഹ്‌മത്തിനെ അവിടെ എത്തിച്ചത്. ആറ് മാസം വീട്ടുകാരുമായി ബന്ധപ്പെടാന്‍ പോലും കഴിഞ്ഞില്ല.
ഉറക്കമില്ലാതെ, കൃത്യമായ ഭക്ഷണം ലഭിക്കാതെ, സംസാരിക്കാനും ഒരാളുമില്ലാതെ രാപ്പകലുകള്‍ തള്ളിനീക്കി. ഭക്ഷണമായി ലഭിച്ചത് ഖുബ്‌സും ഒട്ടകത്തിന് നല്‍കുന്ന ടാങ്കര്‍ വെള്ളവും മാത്രം. കുളിക്കാനോ നനയ്‌ക്കാനോ പറ്റില്ല. സ്വന്തം മുഖം പോലും കാണുന്നത് രക്ഷപ്പെട്ട് അല്‍കോബാറിലെത്തിയതിന് ശേഷമായിരുന്നു.
രണ്ടാഴ്‌ച കൂടെ തമ്പില്‍ കഴിയുന്ന സ്‌പോണ്‍സര്‍ പിന്നീട് രണ്ടാഴ്‌ച കഴിഞ്ഞാണ് വരിക. ഒരു മിനിട്ടും വിശ്രമമില്ലാത്ത ജോലിയായിരുന്നു. അപകടകാരികളായ മൂന്ന് ആണ്‍ ഒട്ടകങ്ങളെ പരിചരിച്ചത് ഭീതിയോടെയാണ്. പുലര്‍ച്ച നാല് മണിക്ക് അവക്ക് ഭക്ഷണം നല്‍കണം. പ്രസവിച്ച ഒട്ടുകങ്ങളുടെ പാല്‍ കറയ്‌ക്കല്‍ പതിനൊന്ന് മണി വരെ നീളും. മേയാന്‍ പോയ ഒട്ടകങ്ങള്‍ നാല് മണിയോടെ തിരിച്ചെത്തുന്നതിന് മുമ്പ് തന്നെ പുല്ലും വെള്ളവും ഖുബ്‌സും ഒരുക്കിവെക്കണം. ഏഴര മണിയോടെ സ്‌പോണ്‍സര്‍ക്കുള്ള കാവയും ഭക്ഷണവും. അര്‍ധരാത്#ി വരെ നീളുന്ന ജോലിക്കിടക്ക് പുറംലോകവുമായി ബന്ധപ്പെടാന്‍ ഒരു അവസരവും സ്‌പോണ്‍സര്‍ നല്‍കിയില്ല.
ഇതിനിടെ നൂറ് കിലോമീറ്റര്‍ അകലെ കമ്പനിയില്‍ ജോലി ചെയ്‌ത സലീം എന്ന മലയാളി വഴി തെറ്റി വന്നതാണ് റഹ്‌മത്തിന് രക്ഷയായത്. മരുഭൂമിയിലൂടെ വെള്ളം നിറച്ച വാഹനവുമായി വന്ന സലീം ദിശ മാറി റഹ്‌മത്തിന്റെ താമസസ്ഥലത്തെത്തി. വഴി ചോദിക്കാനെത്തിയ സലീമിനോട് തന്റെ ദുരിതം വിവരിച്ച റഹ്‌മത്ത് സഹായം തേടി. മാസങ്ങളായി വീടുമായി ബന്ധപ്പെടാന്‍ കഴിയാതിരുന്ന റഹ്‌മത്തിന് സ്വന്തം മൊബൈല്‍ നല്‍കി. റഹ്‌മത്തിനെ രക്ഷപ്പെടുത്തണമെന്ന ഉമ്മയുടെ അഭ്യര്‍ത്ഥന തള്ളാനാവാതെ സലീം മരുഭൂമിയില്‍ നിന്നും രക്ഷപ്പെടുത്തി.
പുറം ലോകത്തെത്തിയ റഹ്‌മത്ത് കോബാറിലും ദമാമിലും ടൊയോട്ടയിലും വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്‌തു. ഇതിനിടെ കോബാര്‍ സില്‍വര്‍ ടവറിന് സമീപം ഒരു സ്വദേശി പൗരനും സഹായം നല്‍കി. റഹ്‌മത്തിന് ജോലിയും താമസസൗകര്യവും നല്‍കിയ ഓ.ഐ.സി.സി. ഭാരവാഹിയും സാമൂഹിക പ്രവര്‍ത്തകനുമായ മമ്മൂട്ടി പട്ടാമ്പി നാട്ടിലേക്കുള്ള ടിക്കറ്റും നല്‍കി. വാസു ചിദംബരം, നവോദയ പ്രവര്‍ത്തകരായ ഷാജഹാന്‍, അയൂബ് കൊടുങ്ങല്ലൂര്‍ എന്നിവരും സഹായം നല്‍കി.
തര്‍ഹീലില്‍ നിന്നും വരുന്ന വഴി സ്വകാര്യ ടാക്‌സിയില്‍ കയറിയ റഹ മത്തിന്റൈ കൈവശമുണ്ടായിരുന്ന ആയിരം റിയാല്‍ കാറില്‍ കൂടെ യാത്ര ചെയ്‌ത രണ്ട് പേര്‍ കത്തികാട്ടി കവര്‍ന്നത് മറ്റൊരു ദുരനുഭവമായി. തുക തട്ടിപ്പറിച്ച ശേഷം തന്നെ റോഡിലേക്ക് തള്ളിയിട്ട് കടന്ന കാറിന്റെ നമ്പര്‍ ശ്രദ്ധിക്കാന്‍ പോലുമാവാതെ നിസ്സഹായനായിരുന്നു റഹ്‌മത്ത്.
മടക്കയാത്ര തനിക്ക് അവിശ്വസനീയമാണെന്നും വീട്ടുകാരെ ഇനിയൊരിക്കലെങ്കിലും കാണാനാവുമെന്ന് കരുതിയില്ലെന്നും നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് റഹ്‌മത്ത് പറഞ്ഞു. ഇതിനിടെ മരണമടഞ്ഞ പിതാവിന്റെ മുഖം പോലും കാണാന്‍ ഭാഗ്യമുണ്ടായില്ല. നാട്ടിലെത്തിയ റഹ്‌മത്ത് ജിന്ന തന്റെ ജീവിതം തിരിച്ചുതന്ന എല്ലാവരോടും കടപ്പാടും നന്ദിയും അറിയിച്ചു.
മൂന്ന് മലയാളികളടക്കം 8 ഇന്ത്യക്കാരുടെ ഔട്ട്‌പാസുകള്‍ ദമാം തെരുവോരത്ത്!!
ദമാം – യാത്രാരേഖയായി ഇന്ത്യന്‍ എംബസി നല്‍കിയ എട്ട് ഇ.സി. അഥവാ ഔട്ട്‌പാസുകളും ഒരു പാസ്‌പോര്‍ട്ടും ദമാം തെരുവോരത്ത്. മൂന്ന് മലയാളികളുള്‍പ്പെടെ എട്ട് ഇന്ത്യക്കാരുടെയും ഒരു നേപ്പാളിയുടെയും രേഖകളാണ് ദമാമില്‍ വീണു കിട്ടിയത്. ഈ വര്‍ഷം ഒക്‌ടോബറില്‍ കാലാവധി തീരുന്നതാണ് പാസ്‌പോര്‍ട്ട്. മറ്റുള്ളവയെല്ലാം യാത്രാരേഖയായി എംബസി നല്‍കിയ ഇ.സി. അഥവാ ഔട്ട്‌പാസുകളാണ്.
മലപ്പുറം താനൂര്‍ അബ്‌ദുല്‍ റാസിഖ് ചെട്ടിയാന്റെ പുരക്കല്‍ (25), അബ്‌ദു മുല്ലന്‍ (47), തിരുവനന്തപുരം കല്ലറ സുകുമാരപിള്ള തുളസീധരന്‍ നായര്‍ (50) എന്നീ മലയാളികളുടെ ഔട്ട്‌പാസുകളാണ് വീണുകിട്ടിയത്. തമിഴ്‌നാട് വേലായുധ പരം സ്വദേശി കാസിം മുഹമ്മദ് ബഷീര്‍ (41), മരിയ കുമാര ദാസ് സുന്ദരരാജന്‍ (30) ഒഡിഷ സ്വദേശി മഖ്‌സൂദ് ഖാന്‍ (48), ആന്ധ്ര സ്വദേശി ചില്ല ശ്യാമയ്യ (41) എന്നിവരുടെ ഔട്ട്‌പാസുകളും ആന്ധ്ര സ്വദേശി ശൈഖ് മഹ്‌മൂദ് (40) ന്റെ പാസ്‌പോര്‍ട്ടും (നമ്പര്‍ ഇ 6718522) ലഭിച്ചവയില്‍ ഉള്‍പ്പെടുന്നു. ഈ പാസ്‌പോര്‌ട്ട് കാലാവധി തീരാന്‍ മൂന്ന് മാസമേയുള്ളു. നേപ്പാളി ബിനോദ് ഗുരുംഗ് (28)യുടേതാണ് നേപ്പാള്‍ എംബസി നല്‌കിയ ഔട്ട്‌പാസ്.
കൂട്ടുകാരന്റെ എക്‌സിറ്റ് ആവശ്യത്തിന് തര്‍ഹീലില്‍ പോയി മടങ്ങിയ ഒരു മലയാളിയാണ് ഈ രേഖകള്‍ കണ്ടത്. തര്‍ഹീലിന് സമീപം മക്‌ഡൊണാള്‍ഡ്‌സിനടുത്ത് പാര്‍ക്ക് ചെയ്‌ത വാഹനത്തിലേക്ക് വരുന്ന വഴിയാണ് പാസ്‌പോര്‍ട്ടും ഇ.സികളും കണ്ടതെന്ന് പെരിന്തല്‍മണ്ണ കുന്നപ്പള്ളി സ്വദേശി അന്‍വര്‍ പറഞ്ഞു. പരന്ന് നിലത്ത് കിടക്കുന്ന നിലയിലായിരുന്നു. ഇന്ത്യക്കാരുടെ രേഖകളാണെന്ന് മനസിലായി. ആരെല്ലാമോ രോഷാകുലരായി വലിച്ചെറിഞ്ഞതാണെന്നാണ് ആദ്യം കരുതിയതെന്ന് അന്‍വര്‍ പറഞ്ഞു. ഇ.സിയുടെ കൂടെയുള്ള രേഖയില്‍ കണ്ട നമ്പറില്‍ രണ്ട് മലയാളികളുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ എക്‌സിറ്റ് പ്രതീക്ഷിച്ച് കഴിയുന്നവരാണെന്ന് മനസിലായി. സുഹൃത്തും സാമൂഹിക പ്രവര്‍ത്തകനുമായ ഹബീബ് ഏലംകുളത്തിന് അന്‍വര്‍ ഉടനെ വിവരം നല്‍കി. ഹബീബിന്റെ കൈവശം സൂക്ഷിച്ച രേഖകള്‍ സാമൂഹിക പ്രവര്‍ത്തകനായ നാസ് വക്കം ഏറ്റുവാങ്ങി. അവ ഇന്ന് ദമം തര്‍ഹീല്‍ മേധാവിക്ക് കൈമാറുമെന്ന് നാസ് പറഞ്ഞു.
തര്‍ഹീലില്‍ ജൂണ്‍ 25നാണ് തന്റെ വിരലടയാളമെടുത്തതെന്ന് തുളസീധരന്‍ നായര്‍ പറഞ്ഞു. അല്‍ഹസയില്‍ ജോലി ചെയ്‌തിരുന്ന താന്‍ ദമാമിലെത്തി നാല് ദിവസമായി എക്‌സിറ്റ് പ്രതീക്ഷിച്ച് തര്‍ഹീലില്‍ കയറിയിറങ്ങുകയാണെന്ന് അദ്ദേഹം മലയാളം ന്യൂസിനോട് പറഞ്ഞു. തന്റെ ഔട്ട്‌പാസ് തെരുവോരത്തെത്തിയത് തുളസീധരന്‍ നായര്‍ അറിഞ്ഞിരുന്നില്ല. ഒന്നര മാസം മുമ്പ് വിരലടയാളമെടുത്തതാണെന്നും അതിന് ശേഷം എക്‌സിറ്റ് കാത്തിരിക്കുകയാണെന്നും അബ്‌ദുല്‍ റാസിഖ് വെളിപ്പെടുത്തി.
നാരിയയില്‍ അഞ്ച് മലയാളികള്‍ക്ക് നരകയാതന
ദമാം – മാസങ്ങളായി ശമ്പളം ലഭിക്കാതെ, താമസസൗകര്യമില്ലാതെ അഞ്ച് മലയാളികള്‍ ദമാമിന് സമീപം നാരിയയില്‍ നരകിക്കുന്നു. പറവൂര്‍, ഏഴിക്കര മട്ടപ്പുറം ചന്ദ്രന്‍ – പുഷ്‌പ ദമ്പതികളുടെ മകന്‍ രാജേഷ് (35), മുളവുകാട് ചേനാത്ത് ഗബ്രിയല്‍ – മേരി ദമ്പതികളുടെ മകന്‍ ജുഡ് തദദേവ് (42), കണ്ണമാലി ചെല്ലാനം അഴീക്കല്‍ ഹെന്റിയുടെ മകന്‍ അഗസ്റ്റിന്‍ ഹെന്‍റി(43), എറണാകുളം മളുവുകാട്, ചാലാവീട്ടില്‍ വര്‍ഗീസ് – എല്‍സി ദമ്പതികളുടെ മകന്‍ അലക്‌സ് ജോസഫ് (26) , കുമ്പളങ്ങി കുമരോത്ത് വര്‍ഗീസ് – ഗ്രീസ ദമ്പതികളുടെ മകന്‍ ജിനേഷ് റാഫേല്‍ (28) എന്നിവരാണ് ഈ ഹതഭാഗ്യര്‍. ശമ്പള കുടിശ്ശിക നേടി നാട്ടില്‍ തിരിച്ചെത്താനുള്ള വഴി തേടുകയാണ് തങ്ങളെന്ന് അവര്‍ മലയാളം ന്യൂസിനോട് പറഞ്ഞു.
റിയാദ് കേന്ദ്രമായുള്ള ഒരു കോണ്‍ട്രാക്‌ടിംഗ് കമ്പനിയുടെ ലേബര്‍ വിസയില്‍ 2011 ഡിസംബര്‍ 19നാണ് സൗദിയില്‍ ജോലിക്കെത്തിയത്. വന്നത് ആറ് മലയാളികളാണ്. അമ്മക്ക് അസുഖം കാരണം ഒരാള്‍ സ്വന്തം ചെലവില്‍ ടിക്കറ്റെടുത്ത് നാട്ടിലേക്ക് മടങ്ങി. മഹദിലും ആസയിലും യാംബുവിലും മറ്റുമായി ജോലി ചെയ്‌ത അഞ്ച് പേരും ഏഴ് മാസമായി നാരിയയില്‍ പള്ളി നിര്‍മാണ സൈറ്റിലാണ് ജോലി ചെയ്യുന്നത്.
താമസസൗകര്യമോ, ഭക്ഷണമോ മെഡിക്കലോ ഒന്നും കമ്പനി നല്‍കിയിട്ടില്ല. പണി തുടങ്ങുന്നതിന് മുമ്പാണെങ്കില്‍ താബൂക്ക് അടുക്കി മുകളില്‍ പ്ലൈവുഡ് നിരത്തി അതിലയിരിക്കും ഉറക്കം. പണി നടക്കുന്നതിനനുസരിച്ച് കെട്ടിടത്തിന് അകത്തേക്ക് മാറും. ഭക്ഷണം സൂക്ഷിച്ചുവെക്കുന്നതിനോ, വെള്ളം തണുപ്പിച്ച് കുടിക്കുന്നതിനോ ഒരു സൗകര്യവുമില്ല.
ഏഴ് മാസം കഴിഞ്ഞാണ് ആദ്യത്തെ ശമ്പളം കിട്ടിയത്. പിന്നീട് മൂന്നോ നാലോ മാസമാകുമ്പോള്‍ ഒരു മാസത്തെ ശമ്പളം നല്‍കും.പത്തോ പതിനഞ്ചോ ദിവസത്തിനകം ബാക്കി നല്‍കാമെന്ന് പറയുകയല്ലാതെ മുഴുവന്‍ ശമ്പളവും നല്‍കാറില്ല. 2013 ജനവരിയിലെ ശമ്പളമാണ് അവസാനമായി ലഭിച്ചത്. അഞ്ച് മാസത്തെ ശമ്പളം ഇപ്പോള്‍ കുടിശ്ശികയാണ്. നാട്ടില്‍ നിന്നും വന്ന് ജോലിയില്‍ പ്രവേശിച്ച അന്ന് മുതല്‍ ഒന്നിടവിട്ട മാസങ്ങളില്‍ 200 റിയാല്‍ ഭക്ഷണത്തിന് നല്‍കിയിരുന്നു. നാല് മാസമായി ഇതും കിട്ടുന്നില്ല. ദൈനംദിന ചിലവുകള്‍ക്ക് വിഷമിക്കുമ്പോഴും ജുലൈ 14ന് ശമ്പളം മുഴുവന്‍ നല്‍കാമെന്നും ഇല്ലെങ്കില്‍ ജോലിക്കിറങ്ങേണ്ടെന്നും സ്‌പോണ്‍സറും ഫോര്‍മാനും പറഞ്ഞതായി തൊഴിലാളികള്‍ പറയുന്നു. അതനുസരിച്ച് ജോലി നിര്‍ത്തി. അഞ്ച് പേരുടെയും ഇഖാമ 2013 മാര്‍ച്ചില്‍ കാലാവധി കഴിഞ്ഞു. പുതുക്കാനാവശ്യമായ ഒരു കാര്യവും ഇതേ വരെ ചെയ്‌തിട്ടില്ല. അതിനാല്‍ പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണ്.
പണി ഏതാണ്ട് പൂര്‍ത്തിയാകാറായ പള്ളിയുടെ അനുബന്ധമായ ഹാരിസിന്റെ മുറിയിലാണ് അഞ്ച് പേരും ഇപ്പോള്‍ കഴിയുന്നത്. നാല് കിലോമീറ്റര്‍ അകലെയുള്ള ബഖാലയാണ് ഭക്ഷണത്തിന് ഏക ആശ്രയമായിരുന്നത്. കടം വാങ്ങിയ സാധനങ്ങള്‍ക്കുള്ള പണം മൂന്ന് മാസമായി നല്‍കിയിട്ടില്ല. സാധനങ്ങള്‍ നല്‍കിയ മലയാളിയെ കടയുടമയായ സൗദി കര്‍ശനമായി വിലക്കിയതിനാല്‍ മുഴുപട്ടിണിയിലാണിപ്പോള്‍. റമദാനായതിനാല്‍ സമീപത്തെ പള്ളികളില്‍ നിന്നും ഒരു സുഹൃത്ത് എത്തിക്കുന്ന ഭക്ഷണമാണ് ജീവന്‍ നിലനിര്‍ത്തുന്നത്.
മൂന്ന് പേര്‍ വിവാഹിതരാണ്. സ്‌കൂള്‍ തുറന്നതിനാല്‍ കുട്ടികളെ മാന്യമായി സ്‌കൂളിലേക്ക് പറഞ്ഞയക്കാന്‍ യൂനിഫോമും ബാഗുപോലും വാങ്ങിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഒപ്പം ജോലി ചെയ്‌ത പാകിസ്ഥാനിയെ ജോലി സ്ഥലത്ത് നിന്നും വിളിച്ചുവരുത്തി വ്യാജപരാതിയുടെ അടിസ്ഥാനത്തില്‍ എക്‌സിറ്റ് അടിച്ച് നാട്ടിലയക്കുന്നതായി അവര്‍ പറയുന്നു. മൂന്ന് മാസത്തിലേറെ ശമ്പളം തനിക്ക് കിട്ടാനുണ്ടെന്ന് പാകിസ്ഥാനി പറഞ്ഞിരുന്നു. ഇതേ അവസ്ഥ നാളെ തങ്ങള്‍ക്കും നേരിടുമെന്ന ഭയത്തിലാണ് അഞ്ച് പേരും. നാട്ടില്‍ പോകാന്‍ ഒരുക്കമാണെങ്കിലും ഇത് വരെ ജോലി ചെയ്‌ത ശമ്പളം കിട്ടണമെന്ന ആവശ്യം മാത്രമാണ് അവര്‍ക്കുള്ളത്. റമദാന്‍ അവസാനിക്കുന്നതിന് മുമ്പ് നാട്ടിലെത്താന്‍ വഴി തേടിയാണ് തൊഴിലാളികള്‍ നാരിയ നവോദയയെ സമീപിച്ചതെന്ന് സെക്രട്ടറി നവാസ് കൂത്തുപറമ്പ് പറഞ്ഞു.സ്‌പോണ്‍സറുമായി ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ഫോണ്‍ ഓഫ് ചെയ്‌തുവെന്ന അറിയിപ്പാണ് ലഭിക്കുന്നത്.
കമ്പനിയുടെ ഓഫീസ് റിയാദിലായതിനാല്‍ റിയാദിലുള്ള സാമൂഹിക പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും സഹായം നല്‍കുമെന്നാണ് പ്രതീക്ഷ. ദുരിതം നേരിടുന്ന ഈ തൊഴിലാളികളുടെ സഹായത്തിനെത്താന്‍ നാരിയയിലുള്ള നല്ലവരായ മനുഷ്യ സ്‌നേഹികളോടും നവോദയ നാരിയ യൂനിറ്റ് ആവശ്യപ്പെട്ടു.

കരള് വേവുന്ന ചൂടിലും ദമാമില്‍ മുന്നൂറോളം ഇന്ത്യക്കാര്‍ ആന്ധ്രാ പാര്‍ക്കില്‍!!

കൊടും ചൂടിലും ദമാമില്‍ ആന്ധ്രാ പാര്‍ക്കിലും സമീപത്തെ ഈത്തപ്പന മരത്തണലിലും കഴിയുന്ന അനധികൃത താമസക്കാരായ ഇന്ത്യക്കാര്‍.
ദമാം – നട്ടുച്ചക്ക് കരള് വേവുന്ന ചൂടില്‍ ഈത്തപ്പനയുടെ തണല്‍, രാത്രി കിടക്കുന്നത് കോണ്‍ഗ്രീറ്റ് തറയിലും, പുല്ലിലും, ചട്ടകളിലും. നാട്ടിലെത്താനുള്ള അവസരം കാത്ത് നൂറു കണക്കിന് ഇന്ത്യക്കാരാണ് ദമാമില്‍. നഗരഹൃദയത്തില്‍ സീകോ ബില്‍ഡിംഗിന് സമീപം ആന്ധ്രാ പാര്‍ക്കിലും സമീപത്തെ ഈത്തപ്പന മരത്തണലുകളിലുമാണ് ഇവര്‍ തങ്ങുന്നത്. മനസിനുള്ളില്‍ ഇത്തിരിയെങ്കിലും കാരുണ്യം അവശേഷിക്കുന്നവര്‍ക്ക് ആ കാഴ്‌ച വേദനയുളവാക്കും. സുമനസുകളുടെ സഹകരണത്തോടെ വിവിധ സാമൂഹിക – സാംസ്‌കാരിക കൂട്ടായ്‌മകള്‍ നല്‍കുന്ന ഭക്ഷണമാണ് മിക്കവരുടെയും ആശ്രയം. രണ്ട് മാസത്തിലേറെയായി ഇവിടെ കഴിയുന്നവരുണ്ട്.
മൂന്നൂറോളം പേര്‍ ഇപ്പോഴും ഇവിടെ കഴിയുന്നതായി സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. കാര്‍പാര്‍ക്കിംഗിലും സമീപത്തെ കടത്തിണ്ണകളിലും തെരുവോരങ്ങളിലുമായി കഴിച്ചുകൂട്ടുന്നവരില്‍ ഏറെയും യു.പി, ബീഹാര്‍, രാജസ്ഥാന്‍, ദല്‍ഹി, പഞ്ചാബ്, ബംഗാള്‍ തുടങ്ങി വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ആവശ്യമായ അളവില്‍ ഭക്ഷണവും കുടിവെള്ളവും ഇല്ലാത്തതും, കനത്ത ചൂടും കാരണം പലരും രോഗികളായി മാറുന്നതായി സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. ഏറെ പേരുടെയും സ്ഥിതി ദയനീയമാണ്. Continue reading