Motive

പ്രചോദനം

മലയാളം ന്യൂസ് ഫാറൂഖ് ലുഖ്മാൻ എന്ന പ്രഗത്ഭമതിയുടെ മുഖ്യപത്രാധിപത്യത്തിൽ ഗൾഫ് മലയാളികളെ ലക്ഷ്യം വെച്ച് ജിദ്ദ കേന്ദ്രമായി സൗദി റിസർച്ച് ആന്റ് പബ്ലിഷിംഗ് കമ്പനി 1999ൽ ആരംഭിച്ച ദിനപത്രം. വിദേശത്ത് നിന്നും പ്രസിദ്ധീകരിക്കുന്ന മലയാളത്തിലെ പ്രഥമ സമ്പൂർണ ദിനപത്രമെന്ന നിലയിൽ മലയാളം ന്യൂസ് സൗദി മലയാളികളുടെ മാത്രമല്ല, ഇതര പ്രദേശങ്ങളിൽ നിന്നുള്ള ഇന്ത്യക്കാരുടെയും പലപ്പോഴും മറ്റ് നാട്ടുകാരുടെയും, സ്വദേശികളുടെയും കൂടി ദർപ്പണമാണ്.
സൗദിയിൽ, വിശേഷിച്ചും ദമാം കേന്ദ്രമായ കിഴക്കൻ പ്രവിശ്യയിൽ കേവലം വാർത്തകളുടെ നിരീക്ഷകൻ മാത്രമായി ഒരു പത്രപ്രവർത്തകന് മാറിനിൽക്കാനാകുമായിരുന്നില്ല. അതിനാൽ മാധ്യമ പ്രവർത്തനത്തിനിടെ പലപ്പോഴും ആക്ടിവിസ്റ്റിന്റെ കുപ്പായം കൂടി അണിയാൻ നിർബന്ധിതനായിരുന്നു.
മലയാളിയുടെയും കിഴക്കൻ പ്രവിശ്യയുടെയും പരിധികൾ കടക്കുന്ന പലതും വാർത്തകളായപ്പോൾ സ്വന്തം വാർത്തകൾ പലപ്പോഴും ഫാക്സിലും പി.ഡി.എഫ് ഫോർമാറ്റിലും അയക്കണമെന്ന അഭ്യർത്ഥനകൾ നാട്ടിൽ നിന്നും അയൽ നാടുകളിൽ നിന്നും പലപ്പോഴും ലഭിച്ചിരുന്നു. സൗദിക്ക് അകത്ത് നിന്നും പുറത്ത് നിന്നും വിശേഷിച്ചും അപകട വേളകളിൽ .നിരവധി കോളുകൾ വാർത്തകളും വിശദാംശങ്ങളും തേടിയെത്തിയിരുന്നു. 2015ൽ മലയാളം ന്യൂസ് വിടുന്നത് വരെ പത്രത്തിന് സ്വന്തമായി വെബ്സൈറ്റ് ഉണ്ടായിരുന്നില്ല.
മലയാളം ന്യൂസ് ദമാം ലേഖകനായിരിക്കെ കണ്ടതും കാണുന്നതും, അറിഞ്ഞതും അറിയുന്നതും, എഴുതിയതും എഴുതുന്നതും പുറം ലോകം കൂടി അറിയുന്നത് നന്നാകുമെന്ന് കരുതി. ബാഹ്യലോകത്തിന്റെ കാഴ്ചപ്പാടിൽ നിന്നും വ്യത്യസ്തമായി ഇവിടെ സൗദിയുടെ വ്യത്യസ്തമായ മുഖം. സൗദിയുടെയും കിഴക്കൻ പ്രവിശ്യയുടെയും അവിടെ കഴിയുന്ന ലക്ഷങ്ങളുടെയും ജീവിതത്തിന്റെ നേർചിത്രം നൽകേണ്ടത് ആവശ്യമായിരുന്നു. ഇൗ പശ്ചാത്തലത്തിലാണ് മകൻ അശ്ഫാഖ് ഹാരിസിന്റെ സുമനസിൽ ഇൗ വെബ്സൈറ്റിന് തുടക്കം കുറിച്ചത്.
മലയാളം ന്യൂസ് ദിനപത്രം വാർത്താ വെബ്സൈറ്റ് ആരംഭിച്ചതോടെ ഇൗ സാഹചര്യം മാറി. ഇനി പുതിയ ദൗത്യങ്ങളിലേക്ക്

പുതിയ ദൗത്യം

മുഖ്യ പ്രവർത്തന കേന്ദ്രം കേരളത്തിലേക്ക് മാറ്റുന്നത് ഇന്ത്യൻ ജനത വിശേഷിച്ചും കേരളീയ സമൂഹം വളരെ നിർണായകമായ ചരിത്രസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ്. സംസാരത്തിനും എഴുത്തിനും കൂച്ചുവിലങ്ങ് വീഴുന്ന, പറയാനും എഴുതാനും ധരിക്കാനും ഭക്ഷിക്കാനുമുള്ള വ്യക്തി സ്വാതന്ത്ര്യത്തിന് വിലങ്ങ് വീഴുന്ന, അതെല്ലാം മറ്റാരോ തീരുമാനിക്കുന്ന കാര്യങ്ങൾ അന്ധമായി സ്വീകരിക്കാനുള്ള അടിമകൾ മാത്രമായി മനുഷ്യൻ മാറുന്ന കാലം. എന്നല്ല, അതെല്ലാം വലിയ യോഗ്യതകളായി അവതരിപ്പിക്കപ്പെടുമ്പോൾ മൗനം കുറ്റകരമാണെന്ന് മനസിലാക്കുന്നു. അതിനാൽ ഇൗ ബ്ലോഗ് പുതിയ ദൗത്യം മുന്നിൽ കാണുന്നു.

നൂറു കണക്കിന് വാർത്തകളാണ് ഒാരോ ദിവസവും തേടിയെത്തുന്നത്. വളരെ ശ്രദ്ധേയമായ നിരവധി ലേഖനങ്ങൾ മുന്നിലെത്തുന്നു. അവയിൽ അച്ചടി മഷി പുരളുന്നത് വിരലിലെണ്ണാവുന്നവ മാത്രം. മലയാളം വാർത്താ സൈറ്റുകളിൽ പോലും സുപ്രധാനമായ പല വാർത്തകളും ലേഖനങ്ങളും പ്രകാശിതമാകുന്നില്ല.
ഇൗ വാർത്തകളും ലേഖനങ്ങളും എല്ലാം മലയാളത്തിൽ നൽകാനാവില്ലെങ്കിലും അവയെക്കുറിച്ച സൂചനകളോ ലിങ്കുകളോ നൽകി കൂടുതൽ പേരിലെത്തിക്കുന്നതിനുള്ള എളിയ ശ്രമം ഉപകരിക്കുമെന്ന് കരുതുന്നു. വായനക്കാർക്ക് മാത്രമല്ല, മറ്റ് മാധ്യമ സുഹൃത്തുക്കൾക്കും പ്രസിദ്ധീകരണങ്ങൾക്കും കൂടി അവ ഉപകരിക്കുമെന്നാണ് പ്രതീക്ഷ.
ആനുകാലിക വിഷയങ്ങളിലുള്ള കുറിപ്പുകളും പ്രതികരണങ്ങളും ഇവിടെ ഉൾപ്പെടുത്താമെന്ന് കരുതുന്നു.
വിവിധ വ്യക്തികളുമായി നടത്തിയ അഭിമുഖങ്ങൾ, ഫീച്ചറുകൾ, അനുസ്മരണ ലേഖനങ്ങൾ, വിവർത്തനം ചെയ്ത ലേഖനങ്ങൾ എന്നിവ ഉൾപ്പെടുത്തും.
കേരളത്തിലും സൗദിയിലും സാമൂഹിക പ്രവർത്തന, മാധ്യമ പ്രവർത്തന രംഗങ്ങളിലെ അനുഭവങ്ങൾ പങ്കുവെക്കാനും താൽപ്പര്യമുണ്ട്.
വായനക്കാരുടെ സഹകരണവും പ്രതികരണവും തീർച്ചയായും ഏറെ പ്രിയപ്പെട്ടതാണ്.

നന്ദി

ഇൗ സൈറ്റിന് തുടക്കം കുറിച്ചതും ഇപ്പോൾ അൽപ്പകാലത്തെ ഇടവേളക്ക് ശേഷം പുതിയ മുഖവുമായി വീണ്ടും സജീവമാക്കുന്നതും എല്ലാം മകൻ അശ്ഫാഖ് ഹാരിസാണ്. . ജോലിത്തിരക്കിനിടയിലും അതിന് സമയം കണ്ടെത്തിയ അശ്ഫാഖിന്റെ നല്ല മനസിന് നന്ദി.