നാരിയയില്‍ അഞ്ച്‌ മലയാളികള്‍ക്ക്‌ നരകയാതന

ദമാം – മാസങ്ങളായി ശമ്പളം ലഭിക്കാതെ, താമസസൗകര്യമില്ലാതെ അഞ്ച്‌ മലയാളികള്‍ ദമാമിന്‌ സമീപം നാരിയയില്‍ നരകിക്കുന്നു. പറവൂര്‍, ഏഴിക്കര മട്ടപ്പുറം ചന്ദ്രന്‍ – പുഷ്‌പ ദമ്പതികളുടെ മകന്‍ രാജേഷ്‌ (35), മുളവുകാട്‌ ചേനാത്ത്‌ ഗബ്രിയല്‍ – മേരി ദമ്പതികളുടെ മകന്‍ ജുഡ്‌ തദദേവ്‌ (42), കണ്ണമാലി ചെല്ലാനം അഴീക്കല്‍ ഹെന്റിയുടെ മകന്‍ അഗസ്റ്റിന്‍ ഹെന്‍റി(43), എറണാകുളം മളുവുകാട്‌, ചാലാവീട്ടില്‍ വര്‍ഗീസ്‌ – എല്‍സി ദമ്പതികളുടെ മകന്‍ അലക്‌സ്‌ ജോസഫ്‌ (26) , കുമ്പളങ്ങി കുമരോത്ത്‌ വര്‍ഗീസ്‌ – ഗ്രീസ ദമ്പതികളുടെ മകന്‍ ജിനേഷ്‌ റാഫേല്‍ (28) എന്നിവരാണ്‌ ഈ ഹതഭാഗ്യര്‍. ശമ്പള കുടിശ്ശിക നേടി നാട്ടില്‍ തിരിച്ചെത്താനുള്ള വഴി തേടുകയാണ്‌ തങ്ങളെന്ന്‌ അവര്‍ മലയാളം ന്യൂസിനോട്‌ പറഞ്ഞു.
റിയാദ്‌ കേന്ദ്രമായുള്ള ഒരു കോണ്‍ട്രാക്‌ടിംഗ്‌ കമ്പനിയുടെ ലേബര്‍ വിസയില്‍ 2011 ഡിസംബര്‍ 19നാണ്‌ സൗദിയില്‍ ജോലിക്കെത്തിയത്‌. വന്നത്‌ ആറ്‌ മലയാളികളാണ്‌. അമ്മക്ക്‌ അസുഖം കാരണം ഒരാള്‍ സ്വന്തം ചെലവില്‍ ടിക്കറ്റെടുത്ത്‌ നാട്ടിലേക്ക്‌ മടങ്ങി. മഹദിലും ആസയിലും യാംബുവിലും മറ്റുമായി ജോലി ചെയ്‌ത അഞ്ച്‌ പേരും ഏഴ്‌ മാസമായി നാരിയയില്‍ പള്ളി നിര്‍മാണ സൈറ്റിലാണ്‌ ജോലി ചെയ്യുന്നത്‌.
താമസസൗകര്യമോ, ഭക്ഷണമോ മെഡിക്കലോ ഒന്നും കമ്പനി നല്‍കിയിട്ടില്ല. പണി തുടങ്ങുന്നതിന്‌ മുമ്പാണെങ്കില്‍ താബൂക്ക്‌ അടുക്കി മുകളില്‍ പ്ലൈവുഡ്‌ നിരത്തി അതിലയിരിക്കും ഉറക്കം. പണി നടക്കുന്നതിനനുസരിച്ച്‌ കെട്ടിടത്തിന്‌ അകത്തേക്ക്‌ മാറും. ഭക്ഷണം സൂക്ഷിച്ചുവെക്കുന്നതിനോ, വെള്ളം തണുപ്പിച്ച്‌ കുടിക്കുന്നതിനോ ഒരു സൗകര്യവുമില്ല.
ഏഴ്‌ മാസം കഴിഞ്ഞാണ്‌ ആദ്യത്തെ ശമ്പളം കിട്ടിയത്‌. പിന്നീട്‌ മൂന്നോ നാലോ മാസമാകുമ്പോള്‍ ഒരു മാസത്തെ ശമ്പളം നല്‍കും.പത്തോ പതിനഞ്ചോ ദിവസത്തിനകം ബാക്കി നല്‍കാമെന്ന്‌ പറയുകയല്ലാതെ മുഴുവന്‍ ശമ്പളവും നല്‍കാറില്ല. 2013 ജനവരിയിലെ ശമ്പളമാണ്‌ അവസാനമായി ലഭിച്ചത്‌. അഞ്ച്‌ മാസത്തെ ശമ്പളം ഇപ്പോള്‍ കുടിശ്ശികയാണ്‌. നാട്ടില്‍ നിന്നും വന്ന്‌ ജോലിയില്‍ പ്രവേശിച്ച അന്ന്‌ മുതല്‍ ഒന്നിടവിട്ട മാസങ്ങളില്‍ 200 റിയാല്‍ ഭക്ഷണത്തിന്‌ നല്‍കിയിരുന്നു. നാല്‌ മാസമായി ഇതും കിട്ടുന്നില്ല. ദൈനംദിന ചിലവുകള്‍ക്ക്‌ വിഷമിക്കുമ്പോഴും ജുലൈ 14ന്‌ ശമ്പളം മുഴുവന്‍ നല്‍കാമെന്നും ഇല്ലെങ്കില്‍ ജോലിക്കിറങ്ങേണ്ടെന്നും സ്‌പോണ്‍സറും ഫോര്‍മാനും പറഞ്ഞതായി തൊഴിലാളികള്‍ പറയുന്നു. അതനുസരിച്ച്‌ ജോലി നിര്‍ത്തി. അഞ്ച്‌ പേരുടെയും ഇഖാമ 2013 മാര്‍ച്ചില്‍ കാലാവധി കഴിഞ്ഞു. പുതുക്കാനാവശ്യമായ ഒരു കാര്യവും ഇതേ വരെ ചെയ്‌തിട്ടില്ല. അതിനാല്‍ പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണ്‌.
പണി ഏതാണ്ട്‌ പൂര്‍ത്തിയാകാറായ പള്ളിയുടെ അനുബന്ധമായ ഹാരിസിന്റെ മുറിയിലാണ്‌ അഞ്ച്‌ പേരും ഇപ്പോള്‍ കഴിയുന്നത്‌. നാല്‌ കിലോമീറ്റര്‍ അകലെയുള്ള ബഖാലയാണ്‌ ഭക്ഷണത്തിന്‌ ഏക ആശ്രയമായിരുന്നത്‌. കടം വാങ്ങിയ സാധനങ്ങള്‍ക്കുള്ള പണം മൂന്ന്‌ മാസമായി നല്‍കിയിട്ടില്ല. സാധനങ്ങള്‍ നല്‍കിയ മലയാളിയെ കടയുടമയായ സൗദി കര്‍ശനമായി വിലക്കിയതിനാല്‍ മുഴുപട്ടിണിയിലാണിപ്പോള്‍. റമദാനായതിനാല്‍ സമീപത്തെ പള്ളികളില്‍ നിന്നും ഒരു സുഹൃത്ത്‌ എത്തിക്കുന്ന ഭക്ഷണമാണ്‌ ജീവന്‍ നിലനിര്‍ത്തുന്നത്‌.
മൂന്ന്‌ പേര്‍ വിവാഹിതരാണ്‌. സ്‌കൂള്‍ തുറന്നതിനാല്‍ കുട്ടികളെ മാന്യമായി സ്‌കൂളിലേക്ക്‌ പറഞ്ഞയക്കാന്‍ യൂനിഫോമും ബാഗുപോലും വാങ്ങിക്കാന്‍ പറ്റാത്ത അവസ്ഥയാണ്‌. ഒപ്പം ജോലി ചെയ്‌ത പാകിസ്ഥാനിയെ ജോലി സ്ഥലത്ത്‌ നിന്നും വിളിച്ചുവരുത്തി വ്യാജപരാതിയുടെ അടിസ്ഥാനത്തില്‍ എക്‌സിറ്റ്‌ അടിച്ച്‌ നാട്ടിലയക്കുന്നതായി അവര്‍ പറയുന്നു. മൂന്ന്‌ മാസത്തിലേറെ ശമ്പളം തനിക്ക്‌ കിട്ടാനുണ്ടെന്ന്‌ പാകിസ്ഥാനി പറഞ്ഞിരുന്നു. ഇതേ അവസ്ഥ നാളെ തങ്ങള്‍ക്കും നേരിടുമെന്ന ഭയത്തിലാണ്‌ അഞ്ച്‌ പേരും. നാട്ടില്‍ പോകാന്‍ ഒരുക്കമാണെങ്കിലും ഇത്‌ വരെ ജോലി ചെയ്‌ത ശമ്പളം കിട്ടണമെന്ന ആവശ്യം മാത്രമാണ്‌ അവര്‍ക്കുള്ളത്‌. റമദാന്‍ അവസാനിക്കുന്നതിന്‌ മുമ്പ്‌ നാട്ടിലെത്താന്‍ വഴി തേടിയാണ്‌ തൊഴിലാളികള്‍ നാരിയ നവോദയയെ സമീപിച്ചതെന്ന്‌ സെക്രട്ടറി നവാസ്‌ കൂത്തുപറമ്പ്‌ പറഞ്ഞു.സ്‌പോണ്‍സറുമായി ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ഫോണ്‍ ഓഫ്‌ ചെയ്‌തുവെന്ന അറിയിപ്പാണ്‌ ലഭിക്കുന്നത്‌.
കമ്പനിയുടെ ഓഫീസ്‌ റിയാദിലായതിനാല്‍ റിയാദിലുള്ള സാമൂഹിക പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും സഹായം നല്‍കുമെന്നാണ്‌ പ്രതീക്ഷ. ദുരിതം നേരിടുന്ന ഈ തൊഴിലാളികളുടെ സഹായത്തിനെത്താന്‍ നാരിയയിലുള്ള നല്ലവരായ മനുഷ്യ സ്‌നേഹികളോടും നവോദയ നാരിയ യൂനിറ്റ്‌ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *