All posts by Ashfaq Haris

ദമാം തര്‍ഹീലില്‍ തടവില്‍ കഴിഞ്ഞ 19 ഇന്ത്യക്കാര്‍ നാട്ടിലെത്തി

ദമാം – തൊഴില്‍ – ആഭ്യന്തര മന്ത്രാലയങ്ങളും ജവാസാത്തും നടത്തിയ ശക്തമായ പരിശോധനയില്‍ പിടിയിലായി കിഴക്കന്‍ പ്രവിശ്യയിലെ ദമാം ഡിപോര്‍ട്ടേഷന്‍ സെന്ററില്‍ (തര്‍ഹീല്‍) തടവില്‍ കഴിഞ്ഞിരുന്ന അഞ്ച്‌ മലയാളികളടക്കം പത്തൊമ്പത്‌ ഇന്ത്യക്കാര്‍ നാട്ടിലേക്ക്‌ മടങ്ങി. ഇബ്രാഹിം പുലാക്കല്‍ (കൊളത്തൂര്‍) ഭാസി കൊച്ചു നാരായണന്‍ ( കിളിമാനൂര്‍ വെള്ളല്ലൂര്‍), റഫീഖ്‌ പണിക്കവീട്ടില്‍ (ഒറ്റപ്പാലം), സജികുമാര്‍ സുമതി (ചാത്തനൂര്‍), ഉമര്‍ ഫാറൂഖ്‌ കുറുങ്ങാട്ടി (കണ്ണൂര്‍) എന്നിവരാണ്‌ നാട്ടിലേക്ക്‌ മടങ്ങിയ മലയാളികള്‍. തമിഴ്‌നാട്‌ (മൂന്ന്‌), ആന്ധ്രപ്രദേശ്‌ (രണ്ട്‌), രാജസ്ഥാന്‍ (ആറ്‌ പേര്‍) ഹിമാചല്‍ പ്രദേശ്‌ (മൂന്ന്‌ ) സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്‌ മറ്റുള്ളവര്‍.
തര്‍ഹീലില്‍ കിടന്ന്‌ നിരവധി പേര്‍ രോഗബാധിതരായതിനെത്തുടര്‍ന്ന്‌ തര്‍ഹീല്‍ മേധാവി മേജര്‍ നാസര്‍ മുഹമ്മദ്‌ അല്‍ ദോസരിയുടെ ശ്രദ്ധയില്‍ പെടുത്തി സാമൂഹിക പ്രവര്‍ത്തകനായ നാസ്‌ വക്കം രണ്ട്‌ മാസം മുമ്പ്‌ ഇവരെ സ്വന്തം ജാമ്യത്തില്‍ പുറത്തിറക്കിയതായിരുന്നു. ബുധനാഴ്‌ച പുലര്‍ച്ചെ ദല്‍ഹിയിലേക്കുള്ള സൗദിയ എയര്‍ ലൈന്‍സ്‌ വിമാനത്തില്‍ നാട്ടിലേക്ക്‌ തിരിച്ച പത്തൊമ്പത്‌ പേരെയും യാത്രയയക്കാനും നാസ്‌ എത്തിയിരുന്നു.
ദല്‍ഹയില്‍ വിമാനമിറങ്ങുന്ന ഇവരില്‍ മലയാളികളെ സ്വീകരിച്ച്‌ കേരളത്തിലെത്തിക്കുന്നതിന്‌ ആവശ്യമായ നടപടി സ്വീകരിക്കണമമെന്ന്‌ അഭ്യര്‍ത്ഥിച്ച്‌ നോര്‍ക്കയുമായി ബന്ധപ്പെട്ടതായി നാസ്‌ വക്കം പറഞ്ഞു.

നിര്‍ധന രോഗികള്‍ക്ക്‌ സാന്ത്വനം പകരാന്‍ പിന്തുണ തേടി സി.എച്ച്‌. സെന്റര്‍

ദമാം – കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന നിര്‍ധനരും അവശരുമായ രോഗികള്‍ക്ക്‌ ജാതി – മത ഭേദമെന്യേ അത്താണിയായി പ്രവര്‍ത്തിക്കുന്ന സി.എച്ച്‌. സെന്റര്‍ – ശിഹാബ്‌ തങ്ങള്‍ ഡയാലിസിസ്‌ സെന്റര്‍ എന്നിവയുടെ അനുപമമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ മനുഷ്യ സ്‌നേഹികള്‍ മുന്നോട്ട്‌ വരണമെന്ന്‌ സി.എച്ച്‌. സെന്റര്‍ ദമാം ചാപ്‌റ്റര്‍ പൊതു സമൂഹത്തോട്‌ അഭ്യര്‍ത്ഥിച്ചു.
വന്‍ സാമ്പത്തിക ബാധ്യത കാരണം ഡയാലിസിസ്‌ ചെയ്യുവാന്‍ കഴിയാതെ മരണത്തോട്‌ മല്ലടിച്ചുകൊണ്ടിരിക്കുന്ന കുട്ടികളും യുവാക്കളും സ്‌ത്രീകളും വൃദ്ധരുമടങ്ങുന്ന നൂറു കണക്കിന്‌ വൃക്ക രോഗികള്‍ക്ക്‌ പ്രതീക്ഷയേകിക്കൊണ്ടാണ്‌ ശിഹാബ്‌ തങ്ങള്‍ ഡയാലിസിസ്‌ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്‌. സമ്പൂര്‍ണമായി സൗജന്യ നിരക്കില്‍ മൂന്ന്‌ ഷിഫ്‌റ്റുകളിലായി ഇരുപത്തിയേഴ്‌ രോഗികള്‍ക്ക്‌ പ്രതിദിനം ഡയാലിസിസ്‌ സേവനം നല്‍കുന്ന ഇന്ത്യയിലെ പ്രഥമ സ്ഥാപനമാണിതെന്ന്‌ ദമാം ചാപ്‌റ്റര്‍ കോഓര്‍ഡിനേറ്റര്‍ മൊയ്‌തീന്‍ വെണ്ണക്കാട്‌ പറഞ്ഞു. പതിനാറ്‌ മെഷീനുകളിലായി നാല്‍പ്പത്തിയെട്ട്‌ രോഗികള്‍ക്ക്‌ സേവനം വിപുലീകരിക്കുന്നതിനും, എം.ആര്‍.ഐ സ്‌കാനിംഗ്‌ ഉള്‍പ്പെടെ നൂതന സംവിധാനങ്ങള്‍ സൗജന്യമായി ഒരുക്കുന്നതിനുമാണ്‌ സ്ഥാപനം ലക്ഷ്യം വെക്കുന്നത്‌. കൂടാതെ ഭക്ഷണം, മരുന്ന്‌, ചികിത്സാ സഹായം, ആംബുലന്‍സ്‌ സേവനം തുടങ്ങി ആയിരത്തോളം രോഗികള്‍#്‌കാണ്‌ സി.എച്ച്‌. സെന്ററില്‍ നിന്നും ദിവസവും കാരുണ്യ സേവനമെത്തുന്നത്‌. മൂന്ന്‌ ലക്ഷത്തോളം രോഗികള്‍ക്ക്‌ 2011 – 12ല്‍ സി.എച്ച്‌. സെന്ററിന്റെ സേവനം ലഭിച്ചു. കഴിഞ്ഞ റമദാനില്‍ മാത്രം എഴുപതിനായിരത്തോളം പേര്‍ക്ക്‌ നോമ്പ്‌ തുറക്കാനും, അത്താഴത്തിനുമുള്ള സൗകര്യം ലഭ്യമാക്കി. ഈ വര്‍ഷം പാവപ്പെട്ട രണ്ടായിരത്തില്‍ പരം നോമ്പുകാരാണ്‌ സെന്ററില്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്‌. ഈ സംരംഭങ്ങള്‍ക്ക്‌ പ്രവാസി സമൂഹത്തില്‍ നിന്നും സഹകരിച്ചവര്‍ക്ക്‌ നന്ദിപ്രകടിപ്പിച്ച മൊയ്‌തീന്‍ അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവും തുടരണമെന്ന്‌ അഭ്യര്‍ത്ഥിച്ചു. കിഴക്കന്‍ പ്രവിശ്യാ കെ.എം.സി.സി. കോഴിക്കോട്‌ ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള സി.എച്ച്‌. സെന്റര്‍ ദമാം ചാപ്‌റ്റര്‍ സമാഹരിച്ച അര ലക്ഷം രൂപയുടെ ചെക്ക്‌ അബ്‌ദുല്‍ റഹ്‌മാന്‍ മലയമ്മ കോഓര്‍ഡിനേറ്റര്‍ മൊയ്‌തീന്‍ വണ്ണക്കാടിന്‌ കൈമാറി. എ.പി. അമീറലി കൊയിലാണ്ടി, അഷ്‌റഫ്‌ ആളത്ത്‌ എന്നിവര്‍ സംബന്ധിച്ചു.

ഖതീഫില്‍ പൊള്ളലേറ്റ്‌ ചികിത്സയില്‍ കഴിഞ്ഞ മലയാളി യുവാവ്‌ മരിച്ചു

ദമാം – ഖതീഫ്‌ മത്സ്യമാര്‍ക്കറ്റിന്‌ സമീപം തൗഫീഖ്‌ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ ഗുരുതരമായി പൊള്ളലേറ്റ്‌ ആറ്‌ ദിവസത്തോളം ആശുപത്രിയിലായിരുന്ന മലപ്പുറം വാളക്കുളം വെണ്ണിയൂര്‍ നന്നമ്പ്ര അബ്‌ദു (40) മരിച്ചു. ഇന്നലെ പുലര്‍ച്ചെ അഞ്ചര മണിയോടെയായിരുന്നു മരണമെന്ന്‌ സുഹൃത്തുക്കള്‍ അറിയിച്ചു. തീപിടുത്തതില്‍ 75 ശതമാനം പൊള്ളലേറ്റ അബ്‌ദുവിന്റെ നില ഗുരുതരമായി തുടരുകയാണെന്ന്‌ മലയാളം ന്യൂസ്‌ (ജുലൈ 16) വാര്‍ത്ത നല്‍കിയിരുന്നു.
ഒരു കിടപ്പാടം എന്ന സ്വപ്‌നം സാക്ഷാത്‌കരിക്കാനാവാതെയാണ്‌ അബ്‌ദുവിന്റെ മരണം. മൂന്നര വര്‍ഷത്തോളമായി നാട്ടില്‍ പോയിട്ടില്ല.
പത്ത്‌ വര്‍ഷത്തോളമായി സൗദിയില്‍ ജോലി ചെയ്യുന്ന അബ്‌ദു നേരത്തെ ദമാം ഷാര്‍ജ ഹോട്ടലില്‍ ജോലി ചെയ്‌തിരുന്നു. മൂന്നര വര്‍ഷമായി ഖതീഫില്‍ പൊന്നാനി വെളിയംകോട്‌ സ്വദേശിയുടെ മാനേജ്‌മെന്റിലുള്ള തൗഫീഖ്‌ ഹോട്ടലില്‍ പാചകക്കാരനാണ്‌. വന്‍ തുക ചിലവഴിച്ച്‌ വിസ മാറ്റുന്നതിനുള്ള രേഖകള്‍ നേടി ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നതിനിടക്കാണ്‌ അപകടം.
തൗഫീഖ്‌ ഹോട്ടല്‍ ഏതാണ്ട്‌ രണ്ട്‌ മാസം മുമ്പാണ്‌ പുതിയ സ്ഥലത്ത്‌ പ്രവര്‍ത്തനം ആരംഭിച്ചത്‌. നോമ്പ്‌തുറക്ക്‌ ഹോട്ടലില്‍ സാധനങ്ങള്‍ ഒരുക്കുന്നതിന്‌ വെള്ളിയാഴ്‌ച രാവിലെ ഒമ്പതര മണിയോടെ എത്തിയതായിരുന്നു അബ്‌ദു. ഏതാനും ഗ്യാസ്‌ സിലിണ്ടറുകളും സൂക്ഷിച്ച മുറിയില്‍ ഗ്യാസ്‌ ലീക്കുണ്ടായിരുന്നത്‌ അറിയാതെ സ്വിച്ചിട്ടതാണ്‌ വിനയായത്‌. ഇതോടെ മുറിയില്‍ കത്തിപ്പിടിച്ച തീ ദേഹത്ത്‌ പടര്‍ന്നു. ആസ്‌ത്‌മ രോഗിയായ അബ്‌ദു പുക ശ്വസിക്കാനും ഇടയായതാണ്‌ സ്ഥിതി ഗുരുതരമാകുന്നതിന്‌ കാരണമായത്‌. ആറ്‌ ദിവസമായി ഖതീഫ്‌ സെന്‍ട്രല്‍ ആശുപത്രിയില്‍ പൊള്ളലേറ്റവര്‍ക്കുള്ള തീവ്ര പരിചരണ വിഭാഗത്തില്‍ കഴിഞ്ഞ അബ്‌ദുവിന്റെ ദേഹം മരുന്നിനോട്‌ പ്രതികരിക്കുന്നില്ലെന്ന്‌ ഡോക്‌ടര്‍മാര്‍ വെളിപ്പെടുത്തിയിരുന്നു.
അഹ്‌മദ്‌ കുട്ടി ഹാജി – കുഞ്ഞിപ്പാത്തുമ്മ ദമ്പതികളുടെ മകനാണ്‌. ഭാര്യ: സക്കീന, അര്‍ഷിദ്‌ (14) സലീമ (11) എന്നിവര്‍ മക്കളാണ്‌. ജിദ്ദയില്‍ ജോലി ചെയ്യുന്ന ജ്യേഷ്‌ഠന്‍ മൊയ്‌തീന്‍ അപകടവിവരമറിഞ്ഞ്‌ ഖതീഫിലെത്തിയിരുന്നു. ഖഫ്‌ജിയിലുള്ള സഹോദരന്‍ ഇപ്പോള്‍ ഖതീഫിലുണ്ട്‌.
കെ.എം.സി.സി. ഖതീഫ്‌ ഘടകം നേതാക്കളായ അഷ്‌റഫ്‌ ചാലാട്‌, അബ്‌ദുല്‍ അസീസ്‌ (വെല്‍ഫെയര്‍ വിഭാഗം) തുടങ്ങിയവര്‍ ആശുപത്രിയിലെത്തിയിരുന്നു.

സുദര്‍ശനന്‍ ആറാമത്‌ റമദാന്റെ നിറവില്‍

ദമാം – സൗദി അറേബ്യയിലെ പ്രവാസ ജീവിതത്തിന്റെ ആദ്യ നോമ്പനുഭവങ്ങള്‍ നല്‍കിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ട്‌ നേപ്പാള്‍ കാഠ്‌മണ്ടു സ്വദേശി സുദര്‍ശനന്‍ തുടര്‍ച്ചയായി ആറാം വര്‍ഷത്തിലും പരിശുദ്ധ റമദാനില്‍ നോമ്പെടുക്കുന്നു. ദുബായില്‍ അഞ്ച്‌ വര്‍ഷം ജോലി ചെയ്‌തുവെങ്കിലും സൗദിയിലെത്തിയതിന്‌ ശേഷം മലയാളികളായ സുഹൃത്തുക്കളിലൂടെയാണ്‌ റമദാന്‍ മാസത്തെക്കുറിച്ചും നോമ്പ്‌ അനുഷ്‌ഠിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും സുദര്‍ശനന്‍ മനസിലാക്കിയത്‌. ഒരു മാസത്തെ വ്രതാനിഷ്‌ഠാനത്തിലൂടെ ബോധ്യപ്പെടുന്ന ബുദ്ധിമുട്ടുകളും ജീവിത യാഥാര്‍ത്ഥ്യങ്ങളും ദരിദ്ര ജനസമൂഹം ജീവിതകാലം മുഴുവനും അനുഭവിച്ചുകൊണ്ടിരിക്കുന്നുവെന്ന തിരിച്ചറിവുമാണ്‌ തുടര്‍ച്ചയായ ആറാം വര്‍ഷത്തിലും നോമ്പ്‌ അനുഷ്‌ഠിക്കുന്നതിനും, ഇനിയുള്ള കാലവും റമദാന്‍ മാസം നോമ്പെടുക്കുമെന്ന തീരുമാനത്തില്‍ എത്തിച്ചേരുന്നതിനും വഴിയായതെന്ന്‌ സുദര്‍ശനന്‍ പറയുന്നു. നേപ്പാള്‍ ബ്രാഹ്മണ കുടുംബാംഗമായ സുദര്‍ശനന്‍ മതാചാര പ്രകാരം മാസത്തില്‍ രണ്ട്‌ ദിവസം നോമ്പനുഷ്‌ഠിക്കാറുണ്ടായിരുന്നു. എങ്കിലും `വിശപ്പിന്റെ വില’ മനസിലാക്കാന്‍ കഴിഞ്ഞത്‌ റമദാന്‍ മാസത്തിലെ നോമ്പിലൂടെയാണെന്ന്‌ സാക്ഷ്യപ്പെടുത്തുന്നു. റമദാന്‍ മാസത്തെ പകലുകള്‍ സഹനത്തിലൂടെ വിശപ്പടക്കി രാവുകള്‍ പ്രാര്‌ത്ഥനയിലൂടെ സജീവമാക്കി മനസിനെയും ശരീരത്തെയും ശുദ്ധീകരിക്കുന്ന റമദാന്‍ അനുഭവങ്ങള്‍ നാട്ടിലുള്ള ഭാര്യയോടും കുടുംബത്തോടും പറയുമ്പോള്‍ പൂര്‍ണ പിന്തുണയാണ്‌ കിട്ടുന്നതെന്ന്‌ സുദര്‍ശനന്‍ പറയുന്നു. മലയാളം സംസാരിക്കാന്‍ കഴിയുന്ന സുദര്‍ശനന്‍ ദമാം നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഫുഡ്‌ ഡിപ്പാര്‍ട്‌മെന്റ്‌ മാനേജറാണ്‌

അല്‍കോബാറില്‍ മണ്ണാര്‍ക്കാട്‌ സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി

ദമാം – പാലക്കാട്‌ മണ്ണാര്‍ക്കാട്‌ നാരങ്ങപ്പറ്റ ഫസീല മന്‍സിലില്‍ അബ്‌ദുല്‍ ജലീല്‍ (48) അല്‍കോബാറില്‍ ഹൃദയാഘാതം മൂലം നിര്യാതനായി.
പരേതനായ മുഹമ്മദാണ്‌ പിതാവ്‌. ഉമ്മ: ബീക്കുട്ടി. ഭാര്യ: ഹസീന
മക്കള്‍: ജുനൈദ്‌, മുഫീദ്‌, ഫസീല. അനിയന്‍ അക്‌ബര്‍ അലി റാകയില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ട്‌.
റാകയില്‍ ഇന്റര്‍ റെന്റ്‌ എ കാര്‍ (സഹബ്‌ ലിമോസിന്‍) എന്ന സ്ഥാപനത്തിലാണ്‌ 22 വര്‍ഷമായി ജോലി ചെയ്യുന്നത്‌. ദീര്‍ഘകാലം ഡ്രൈവറായിരുന്ന അബ്‌ദുല്‍ ജലീല്‍ ഒരു വര്‍ഷമായി ഓഫീസില്‍ നൈറ്റ്‌ ഷിഫ്‌ടിലാണ്‌ ജോലി ചെയ്‌തിരുന്നത്‌. ബുധനാഴ്‌ച താമസസ്ഥലത്ത്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‌ന്ന്‌ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട്‌ കിംഗ്‌ ഫഹദ്‌ ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കനായില്ലെന്ന്‌ സുഹൃത്തുക്കള്‍ പറഞ്ഞു. കിംഗ്‌ ഫഹദ്‌ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടിലെത്തിക്കണമെന്ന്‌ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്‌. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്‌ സ്‌പോണ്‍സര്‍ ജാബിര്‍ നാസര്‍ സജീവ താല്‍പ്പര്യമെടുക്കുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു.