മൂന്ന്‌ മലയാളികളടക്കം 8 ഇന്ത്യക്കാരുടെ ഔട്ട്‌പാസുകള്‍ ദമാം തെരുവോരത്ത്‌!!

ദമാം – യാത്രാരേഖയായി ഇന്ത്യന്‍ എംബസി നല്‍കിയ എട്ട്‌ ഇ.സി. അഥവാ ഔട്ട്‌പാസുകളും ഒരു പാസ്‌പോര്‍ട്ടും ദമാം തെരുവോരത്ത്‌. മൂന്ന്‌ മലയാളികളുള്‍പ്പെടെ എട്ട്‌ ഇന്ത്യക്കാരുടെയും ഒരു നേപ്പാളിയുടെയും രേഖകളാണ്‌ ദമാമില്‍ വീണു കിട്ടിയത്‌. ഈ വര്‍ഷം ഒക്‌ടോബറില്‍ കാലാവധി തീരുന്നതാണ്‌ പാസ്‌പോര്‍ട്ട്‌. മറ്റുള്ളവയെല്ലാം യാത്രാരേഖയായി എംബസി നല്‍കിയ ഇ.സി. അഥവാ ഔട്ട്‌പാസുകളാണ്‌.
മലപ്പുറം താനൂര്‍ അബ്‌ദുല്‍ റാസിഖ്‌ ചെട്ടിയാന്റെ പുരക്കല്‍ (25), അബ്‌ദു മുല്ലന്‍ (47), തിരുവനന്തപുരം കല്ലറ സുകുമാരപിള്ള തുളസീധരന്‍ നായര്‍ (50) എന്നീ മലയാളികളുടെ ഔട്ട്‌പാസുകളാണ്‌ വീണുകിട്ടിയത്‌. തമിഴ്‌നാട്‌ വേലായുധ പരം സ്വദേശി കാസിം മുഹമ്മദ്‌ ബഷീര്‍ (41), മരിയ കുമാര ദാസ്‌ സുന്ദരരാജന്‍ (30) ഒഡിഷ സ്വദേശി മഖ്‌സൂദ്‌ ഖാന്‍ (48), ആന്ധ്ര സ്വദേശി ചില്ല ശ്യാമയ്യ (41) എന്നിവരുടെ ഔട്ട്‌പാസുകളും ആന്ധ്ര സ്വദേശി ശൈഖ്‌ മഹ്‌മൂദ്‌ (40) ന്റെ പാസ്‌പോര്‍ട്ടും (നമ്പര്‍ ഇ 6718522) ലഭിച്ചവയില്‍ ഉള്‍പ്പെടുന്നു. ഈ പാസ്‌പോര്‌ട്ട്‌ കാലാവധി തീരാന്‍ മൂന്ന്‌ മാസമേയുള്ളു. നേപ്പാളി ബിനോദ്‌ ഗുരുംഗ്‌ (28)യുടേതാണ്‌ നേപ്പാള്‍ എംബസി നല്‌കിയ ഔട്ട്‌പാസ്‌.
കൂട്ടുകാരന്റെ എക്‌സിറ്റ്‌ ആവശ്യത്തിന്‌ തര്‍ഹീലില്‍ പോയി മടങ്ങിയ ഒരു മലയാളിയാണ്‌ ഈ രേഖകള്‍ കണ്ടത്‌. തര്‍ഹീലിന്‌ സമീപം മക്‌ഡൊണാള്‍ഡ്‌സിനടുത്ത്‌ പാര്‍ക്ക്‌ ചെയ്‌ത വാഹനത്തിലേക്ക്‌ വരുന്ന വഴിയാണ്‌ പാസ്‌പോര്‍ട്ടും ഇ.സികളും കണ്ടതെന്ന്‌ പെരിന്തല്‍മണ്ണ കുന്നപ്പള്ളി സ്വദേശി അന്‍വര്‍ പറഞ്ഞു. പരന്ന്‌ നിലത്ത്‌ കിടക്കുന്ന നിലയിലായിരുന്നു. ഇന്ത്യക്കാരുടെ രേഖകളാണെന്ന്‌ മനസിലായി. ആരെല്ലാമോ രോഷാകുലരായി വലിച്ചെറിഞ്ഞതാണെന്നാണ്‌ ആദ്യം കരുതിയതെന്ന്‌ അന്‍വര്‍ പറഞ്ഞു. ഇ.സിയുടെ കൂടെയുള്ള രേഖയില്‍ കണ്ട നമ്പറില്‍ രണ്ട്‌ മലയാളികളുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ എക്‌സിറ്റ്‌ പ്രതീക്ഷിച്ച്‌ കഴിയുന്നവരാണെന്ന്‌ മനസിലായി. സുഹൃത്തും സാമൂഹിക പ്രവര്‍ത്തകനുമായ ഹബീബ്‌ ഏലംകുളത്തിന്‌ അന്‍വര്‍ ഉടനെ വിവരം നല്‍കി. ഹബീബിന്റെ കൈവശം സൂക്ഷിച്ച രേഖകള്‍ സാമൂഹിക പ്രവര്‍ത്തകനായ നാസ്‌ വക്കം ഏറ്റുവാങ്ങി. അവ ഇന്ന്‌ ദമം തര്‍ഹീല്‍ മേധാവിക്ക്‌ കൈമാറുമെന്ന്‌ നാസ്‌ പറഞ്ഞു.
തര്‍ഹീലില്‍ ജൂണ്‍ 25നാണ്‌ തന്റെ വിരലടയാളമെടുത്തതെന്ന്‌ തുളസീധരന്‍ നായര്‍ പറഞ്ഞു. അല്‍ഹസയില്‍ ജോലി ചെയ്‌തിരുന്ന താന്‍ ദമാമിലെത്തി നാല്‌ ദിവസമായി എക്‌സിറ്റ്‌ പ്രതീക്ഷിച്ച്‌ തര്‍ഹീലില്‍ കയറിയിറങ്ങുകയാണെന്ന്‌ അദ്ദേഹം മലയാളം ന്യൂസിനോട്‌ പറഞ്ഞു. തന്റെ ഔട്ട്‌പാസ്‌ തെരുവോരത്തെത്തിയത്‌ തുളസീധരന്‍ നായര്‍ അറിഞ്ഞിരുന്നില്ല. ഒന്നര മാസം മുമ്പ്‌ വിരലടയാളമെടുത്തതാണെന്നും അതിന്‌ ശേഷം എക്‌സിറ്റ്‌ കാത്തിരിക്കുകയാണെന്നും അബ്‌ദുല്‍ റാസിഖ്‌ വെളിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *