അല്‍ഹസയില്‍ സ്വയം ജീവനൊടുക്കിയ ബഷീറിന്റെ കുടുംബം നാട്ടിലേക്ക്‌ മടങ്ങി

അല്‍ഹസ – താമസസ്ഥലത്ത്‌ ആത്മഹത്യക്ക്‌ ശ്രമിക്കുകയും ഒടുവില്‍ ഈ മാസം രണ്ടാം തീയതി വെളുപ്പിന്‌ സ്വകാര്യ ആശുപത്രിയില്‍ മരണമടയുകയും ചെയ്‌ത എറണാകുളം ആലുവ അശോകപുരം കൊടിക്കുത്തുമല പിലാപ്പള്ളി ഹൗസില്‍ മുസ്‌തഫ – ഐഷ ദമ്പതികളുടെ മകന്‍ ബഷീറി (42)ന്റെ കുടുംബം കഴിഞ്ഞ ദിവസം നാട്ടിലേക്ക്‌ മടങ്ങി. ബഷീറിന്റെ മൃതദേഹം അഞ്ചാം തീയതി അല്‍ഹസ സലാഹിയ ഖബര്‍ സ്ഥാനില്‍ ഖബറടക്കിയിരുന്നു.
ബഷീറും ഭാര്യ തസ്‌നീലയും കഴിഞ്ഞ പന്ത്രണ്ട്‌ വര്‍ഷമായി മക്കളോടൊപ്പം സലഹിയയില്‍ താമസിച്ചുവരികയായിരുന്നു. സാമ്പത്തിക ബാധ്യതകള്‍ മൂലം ബഷീര്‍ ജീവനൊടുക്കിയപ്പോള്‍ ഭാര്യയും മൂന്ന്‌ മക്കളും ഒറ്റപ്പെട്ട അവസ്ഥയില്‍ ഹസയില്‍ ബാക്കിയായി. സാമൂഹിക പ്രവര്‍ത്തകരുടെയും ചില ബന്ധുക്കളുടെയും സജീവ ഇടപെടലുണ്ടായതിനെത്തുടര്‍ന്നാണ്‌ കഴിഞ്ഞ ദിവസം രാവിലെ ഖത്തര്‍ എയര്‍വേസ്‌ വിമാനത്തില്‍ നാട്ടില്‍ തിരിച്ചെത്താന്‍ കഴിഞ്ഞത്‌. ബഷീറിന്റഎ അണ്മാവന്റെ മകന്‍ ഷെഫീഖും ഭാര്യ ഷഹീനയും ബഷീറിന്റെ കുടുംബത്തെ അനുഗമിച്ചു.
ബഷീറിന്റെയും കുടുംബത്തിന്റെയും ഇഖാമയും പാസ്‌പോര്‍ട്ടും കാലാവധി കഴിഞ്ഞിട്ടും പുതുക്കിയിരുന്നില്ല. രേഖകളുടെ കാലാവധി കഴിഞ്ഞ്‌ പതിനഞ്ച്‌ മാസത്തോളമായിരുന്നു. മക്കള്‍ മുഹമ്മദ്‌ മിന്നഫാദ്‌ (നാലാം ക്ലാസ്‌), ഫില്‍ദ (യു.കെ.ജി), അംറ (ഒരു വയസ്‌) എന്നിവരുള്‍പ്പെടെ എല്ലാവരും ഔട്ട്‌പാസ്‌ എംബസിയില്‍ നിന്നും വാങ്ങിയാണ്‌ തര്‍ഹീലില്‍ നിന്നും എക്‌സിറ്റ്‌ നേടി നാട്ടിലെത്തിയത്‌. ബഷീര്‍ മരിക്കുമ്പോള്‍ ഇളയകുട്ടിക്ക്‌ പാസ്‌പോര്‍ട്ടോ ജനന സര്‍ടിഫിക്കറ്റോ എടുത്തിരുന്നില്ല.

തസ്‌നീലയെയും മൂന്ന്‌ മക്കളെയും ഔദ്യോഗിക രേഖകള്‍ ശരിയാക്കി നാട്ടിലെത്തിക്കുന്നതിന്‌ അല്‍ ഹസ ഇസ്‌ലാമിക്‌ സെന്റര്‍ മലയാള വിഭാഗം പ്രബോധകനും സാമൂഹിക പ്രവര്‍ത്തകനുമായ മുഹമ്മദ്‌ നാസര്‍ മദനിയാണ്‌ നേതൃത്വം നല്‍കിയത്‌. അബ്‌ദുല്‍ നാസര്‍ പെരിന്തല്‍മണ്ണ, അബ്‌ദുല്‍ റഹ്‌മാന്‍ പെരുമ്പാവൂര്‍, ബഷീറിന്റെ അനിയന്‍ സുധീര്‍ (റിയാദ്‌), അടുത്ത ബന്ധുക്കളായ ഷെഫീഖ്‌, സിദ്ദീഖ്‌, മിറാഷ്‌, ഈജിപ്‌ത്‌ പൗരനായ വജ്‌ദി തുടങ്ങിയവര്‍ കുടുംബത്തെ നാട്ടിലയക്കുന്നതിന്‌ വിവിധ ഘട്ടങ്ങളില്‍ സഹായത്തിനെത്തി. നിരവധി പേര്‍ ഇതിനായി സാമ്പത്തികമുള്‍പ്പെടെ സഹായം നല്‍കാനും മുന്നോട്ട്‌ വന്നു.

Leave a Reply

Your email address will not be published. Required fields are marked *