സൗദിയില്‍ അനധികൃത താമസക്കാരായി നവ. 3ന്‌ ശേഷം ഇന്ത്യക്കാര്‍ ഉണ്ടാകരുത്‌ : ഡി.സി.എം.

ദമാം– ഇളവ്‌ കാലാവധി അവസാനിക്കുന്ന നവമ്പര്‍ മൂന്നിന്‌ ശേഷം അനധികൃത താമസക്കാരനായി ഒരു ഇന്ത്യക്കാരനും സൗദിയില്‍ ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനം തുടരാന്‍ ഇന്ത്യന്‍ എംബസി ഡി.സി.എം. സിബി ജോര്‍ജ്‌ ആവശ്യപ്പെട്ടു. നഗരങ്ങള്‍ക്ക്‌ പകരം ഉള്‍പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച്‌ ഇത്‌ സംബന്ധമായ ബോധവത്‌കരണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്ന്‌ വ്യ

ഡി.സി.എം. സിബി ജോര്‍ജ്‌ ദമാമില്‍ വാര്‍ത്താ സമ്മേളനത്തില്‍

ക്തമാക്കിയ അദ്ദേഹം അതിനായി സന്നദ്ധ പ്രവര്‍ത്തകരുടെ സേവനവും സഹകരണവും അഭ്യര്‍ത്ഥിച്ചു. അതിന്‌ സന്നദ്ധതയുള്ളവര്‍ക്ക്‌ തുടര്‍ന്നും എംബസിയില്‍ രജിസ്‌ട്രേഷന്‍ തുടരും. വോളന്റിയര്‍മാര്‍ക്ക്‌ പേര്‌ നല്‍കാം. വോളന്റിയറായി പേര്‌ നല്‍കാം.
നിലവില്‍ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ച വോളന്റിയര്‍മാരുമായി എംബസി ദീര്‍ഘകാല പങ്കാളിത്തമാണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ ഡി.സി.എം. വ്യക്തമാക്കി. വോളന്റിയര്‍മാരുടെ ശൃംഖല തുടര്‍ന്നും കൊണ്ടുപോകണമെന്നാണ്‌ താല്‍പ്പര്യം. ജയില്‍, മരണം തുടങ്ങിയ കാര്യങ്ങളില്‍ അവരുടെ സഹായം തേടും.
ഇരുപത്തിയഞ്ച്‌ ലക്ഷത്തോളം ഇന്ത്യക്കാരാണ്‌ സൗദിയിലുള്ളതെന്നാണ്‌ കണക്ക്‌. നിതാഖാത്‌ സംബന്ധമായ ശക്തമായ നടപടികളും ബോധവത്‌കരണവും നടന്ന കഴിഞ്ഞ നാല്‌ – അഞ്ച്‌ മാസത്തിനകം സൗദിയിലുള്ള ഇന്ത്യക്കാരുടെ എണ്ണം കുറയുകയല്ല, കൂടുകയാണ്‌ ചെയ്‌തതെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
അനധികൃത താമസക്കാര്‍ക്ക്‌ പദവി ശരിപ്പെടുത്തുന്നതിനുള്ള കാലാവധി ദീര്‍ഘിപ്പിച്ച തിരുഗേഹങ്ങളുടെ സേവകന്‍ അബ്‌ദുല്ലാ രാജാവിന്‌ ഡി.സി.എം. നന്ദിപ്രകടിപ്പിച്ചു. ഇളവ്‌ കാലാവധി ദീര്‍ഘിപ്പിച്ചതിന്‌ ശേഷം ആദ്യമായാണ്‌ ദമാമിലെത്തിയത്‌. ഇളവ്‌ ദീര്‍ഘിപ്പിക്കുന്നതിന്‌ മുമ്പ്‌ അംബാസഡറുടെ സന്ദര്‍ശനത്തില്‍ ലഭിച്ച വിവരങ്ങള്‍ സൗദി അധികൃതരുടെ മുന്നില്‍ സമര്‍പ്പിച്ചിരുന്നു. അതിന്‌ തുടര്‍ച്ചയായാണ്‌ സന്ദര്‍ശനം. നിലവിലുള്ള പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനും, തുടര്‍നടപടികളെക്കുറിച്ചും വോളന്റിയര്‍മാരുടെ കോര്‍ ഗ്രൂപ്പുമായി വിശദമായ ചര്‍ച്ചകള്‍ക്കായാണ്‌ താന്‍ എത്തിയതെന്ന്‌ ഡി.സി.എം. വിശദീകരിച്ചു. സാങ്കേതിക മികവോടെ മികച്ച പ്രസന്റേഷന്‍ തയാറാക്കി അവതരിപ്പിച്ചത്‌ കാര്യങ്ങള്‍ ശരിയായി മനസിലാക്കുന്നതിന്‌ ഉപകരിച്ചതായി അദ്ദേഹം പറഞ്ഞു. പ്രശ്‌നങ്ങള്‍ സൗദി അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തും.
മൂന്ന്‌ മാസക്കാലം എംബസി നടത്തിയ തീവ്രയത്‌നത്തിന്‌ പൂര്‍ണ പിന്തുണയും സഹായവും നല്‍കിയ ദമാം ഇന്ത്യന്‍ സ്‌കൂള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, വോളന്റിയര്‍മാര്‍, മാധ്യമങ്ങള്‍ തുടങ്ങിയവരുടെ സേവനം അദ്ദേഹം എടുത്തുപറഞ്ഞു.
ജൂലൈ മൂന്ന്‌ വരെ 92,000 പേരാണ്‌ യാത്രാരേഖയായി ഇ.സിക്ക്‌ അപേക്ഷ നല്‍കിയത്‌. 65000 പേര്‍ക്ക്‌ ഇ.സി. നല്‍കി. ഇതില്‍ 60,000 ഇതിനകം നല്‍കിക്കഴിഞ്ഞു. 5000 പേര്‍ കൂടി വാങ്ങാന്‍ ബാക്കിയുണ്ട്‌.
നിലവില്‍ തടസം നേരിടുന്നത്‌ എക്‌സിറ്റ്‌ ലഭിക്കുന്നതിനാണ്‌. എക്‌സിറ്റ്‌ എന്നത്‌ എന്‍ട്രി വിസ പോലെ തന്നെ പ്രധാനമാണ്‌. ഇതുമായി ബന്ധപ്പെട്ട്‌ പല ഔദ്യോഗിക പ്രക്രിയകളുമുണ്ട്‌. ആദ്യമായി യാത്രാരേഖ വേണം. പാസ്‌പോര്‍ട്ടില്ലാത്തതിനാല്‍ എംബസിയെ സമീപിച്ച എല്ലാവര്‍ക്കും ഇതിനകം യാത്രാരേഖ നല്‍കി. യാത്രാരേഖ ഇല്ലാത്തവര്‍ക്ക്‌ ഇനിയും സമീപിക്കാം.
ഈ യാത്രാരേഖയില്‍ എക്‌സിറ്റ്‌ ലഭിക്കലാണ്‌ രണ്ടാമത്തെ പടി. അതിന്‌ തര്‍ഹീലിലാണ്‌ സമീപിക്കേണ്ടത്‌. വിരലടയാളം എടുക്കല്‍ തുടങ്ങിയ നടപടികള്‍ പൂര്‍ത്തിയാക്കണം. റിയാദില്‍ നിന്നും നാല്‍പ്പതിനായിരം ഇന്ത്യക്കാര്‍ക്ക്‌ എക്‌സിറ്റ്‌ ലഭിച്ചതായി ഡി.സി.എം. വെളിപ്പെടുത്തി. പലയിടത്തും എക്‌സിറ്റ്‌ നമ്പര്‍ നല്‍കുന്നുണ്ട്‌. മുപ്പത്‌ ദിവസത്തിന്‌ ശേഷം വിമാനത്താവളത്തിലെത്തിയാല്‍ എക്‌സിറ്റ്‌ ലഭിക്കുമെന്നാണ്‌ അറിയിച്ചതെങ്കിലും പലര്‍ക്കും റിയാദില്‍ തടസം നേരിട്ടു. ഇത്‌ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയതായി ഡി.സി.എം. പറഞ്ഞു.
കിഴക്കന്‍ പ്രവിശ്യയില്‍ ഇത്‌ വരെ നാലായിരം പേര്‍ മാത്രമാണ്‌ തര്‍ഹീലില്‍ എക്‌സിറ്റിനായി ബന്ധപ്പെട്ടത്‌. 2500 പേരുടെ വിരലടയാളം എടുത്തു കഴിഞ്ഞു. ഇവര്‍ക്ക്‌ എക്‌സിറ്റ്‌ ലഭിക്കുന്നതിന്‌ വോളന്റിയര്‍മാര്‍ സഹകരണം നല്‍കും.
എക്‌സിറ്റ്‌ കിട്ടിയവര്‍ക്ക്‌ നാട്ടിലെത്തുന്നതിനും കേസുകളും നിയമനടപടികളും , ആവശ്യമായ രേഖകളുടെ അഭാവവും കാരണം എക്‌സിറ്റ്‌ ലഭിക്കാതെ പോയവര്‍ക്ക്‌ അത്‌ ലഭിക്കുന്നതിനും ഇനിയും ശ്രമം തുടരേണ്ടതുണ്ട്‌. ഇത്‌ വരെ പുലര്‍ത്തിയ ഊര്‍ജസ്വലത അതേ അളവില്‍ തുടരേണ്ടതുണ്ട്‌. ഏജന്റുമാര്‍ക്ക്‌ പണം നല്‍കി എക്‌സിറ്റിന്‌ ശ്രമിക്കരുതെന്നും അത്‌ ക്രിമിനല്‍ കുറ്റമാണെന്നും ഡി.സി.എം. ഉണര്‍ത്തി.
സൗദിയില്‍ ജോലിക്കെത്തുന്നവര്‍ ജാഗ്രത പുലര്‍ത്തുന്നതിന്‌ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച എമിഗ്രേഷന്‍ സംബന്ധമായ നടപടിക്രമങ്ങള്‍ എംബസി വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുമെന്ന്‌ ഡി.സി.എം. അറിയിച്ചു. വിസ ലഭിക്കുമ്പോള്‍ ജോലി എവിടെയാണെന്നും, എന്താണെന്നും, കമ്പനി ഏത്‌ വിഭാഗത്തിലാണെന്നും ഉറപ്പ്‌ വരുത്തേണ്ടതുണ്ട്‌. ഇനി വരുന്നവരെങ്കിലും ശമ്പളം, തൊഴില്‍ കരാര്‍ എന്നിവയെക്കുറിച്ചും അന്വേഷിച്ച്‌ വ്യക്തമായ ധാരണയുണ്ടാവണമെന്ന്‌ ഡി.സി.എം. പറഞ്ഞു. എമിഗ്രേഷന്‍ പരിശോധന ആവശ്യമില്ല (ഇ.സി.എന്‍.ആര്‍) എന്ന രേഖ ഒരു ഉത്തരവാദിത്തമാണെന്നും ഇന്ത്യാ ഗവണ്മെന്റ്‌ ഓരോ വ്യക്തിയും അര്‍പ്പിക്കുന്ന വിശ്വാസമാണെന്നും അത്‌ പാലിക്കണമെന്നും ഡി.സി.എം ഉണര്‍ത്തി.
നാട്ടിലേക്ക്‌ മടങ്ങുന്നവരുടെ ടിക്കറ്റ്‌ സംബന്ധമായി കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഔദ്യോഗിക വിവരങ്ങള്‍ ഒന്നുമില്ലെന്ന്‌ അദ്ദേഹം ചോദ്യത്തിന്‌ മറപുടി നല്‍കി.