ബഷീര്‍ – പലിശയുടെ ഊരാക്കുടുക്കില്‍ ഒടുങ്ങിയ ജീവിതം

അല്‍ഹസ – പ്ലാസ്റ്റിക്‌ ഉല്‍പ്പന്നങ്ങളുടെ ബിസിനസ്‌ നടത്തി ഒടുവില്‍ പ്ലാസ്റ്റിക്‌ കയറില്‍ തന്നെ ജീവനൊടുക്കിയ ബഷീറിന്റെ ജീവിതവും മരണവും ഒരു ഒറ്റപ്പെട്ട സംഭവമല്ല. മലയാളി സമൂഹത്തെ കാര്‍ന്ന്‌ തിന്നുന്ന പലിശയുടെയും അനുബന്ധ സാമ്പത്തിക ഇടപാടുകളുടെയും ഒടുവിലത്തെ ദുരന്തമാണ്‌.

അല്‍ഹസയിലെത്തി പതിനെട്ടാം വര്‍ഷം ജീവനൊടുക്കുമ്പോള്‍ നാല്‌ ലക്ഷം റിയാല്‍ ബാധ്യതയുണ്ടായിരുന്നുവെന്നാണ്‌ ഇത്‌ വരെ ലഭ്യമായ കണക്കുകളില്‍ നിന്നും ബോധ്യമാകുന്നത്‌. ഇതില്‍ സ്വദേശി – വിദേശി വേര്‍തിരിവില്ല. ഒരു സ്വദേശിയുമായി എണ്‍പതിനായിരം റിയാലിന്റെ ഇടപാടുണ്ടായിരുന്നു. മാസം തോറും ഒരു നിശ്ചിത തുക വെച്ച്‌ (13,000 സൗദി റിയാല്‍) മടക്കിനല്‍കിയിരുന്നു. എന്നാല്‍ തനിക്ക്‌ ഇനിയും തുക കിട്ടാനുണ്ടെന്നാണ്‌ സ്വദേശി ഇപ്പോഴും പറയുന്നത്‌. സ്വന്തം ഇഖാമയും മകന്റെ പാസ്‌പോര്‍ട്ടും ഇദ്ദേഹത്തിന്റെ പക്കല്‍ ബഷീര്‍ പണയം വെച്ചിരുന്നു. (മരണശേഷം സ്വദേശി ഈ രേഖകള്‍ പോലീസിന്‌ കൈമാറി).
അടുത്തിടെ ദുബായ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ചിട്ടിക്കമ്പനി അല്‍ഹസയിലും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്‌. ഇവരില്‍ നിന്നും 90,000 റിയാലിന്റെ ഇടപാട്‌ നടത്തിയിരുന്നു. ഇവര്‍ക്കും അധികം തുക നല്‍കിയിട്ടില്ലെന്നാണ്‌ ബഷീറിന്റെ ആത്മഹത്യാ കുറിപ്പ്‌ സൂചിപ്പിക്കുന്നത്‌. (ഭാര്യക്കും പൊതുജനത്തിനും സഹപ്രവര്‍ത്തകര്‍ക്കും ഈജിപ്‌ത്‌ പൗരനുമായി നാല്‌ കുറിപ്പുകള്‍ കണ്ടെടുത്തിരുന്നു.). ചിട്ടിക്കമ്പനിക്ക്‌ കൈമാറിയ ഗാരന്റ്‌ ചെക്ക്‌ തിരിച്ചുകിട്ടിയിട്ടുണ്ട്‌. സ്ഥാപനങ്ങള്‍ ഉള്ളവര്‍ക്ക്‌ ലക്ഷങ്ങള്‍ വായ്‌പ നല്‍കുകയും, അത്‌ നൂറ്‌ ദിവസം കൊണ്ട്‌ തിരിച്ചടക്കുകയും ചെയ്യുന്ന പുതിയ പലിശ ക്രമം മേഖലയില്‍ സജീവമാണെന്ന്‌ വെളിവാകുന്നത്‌ ബഷീറിന്റെ മരണത്തോടെയാണ്‌.

സാമ്പത്തിക ഇടപാടുകളെക്കുറിച്ച്‌ പൂര്‍ണമായ ചിത്രം ഇനിയും വ്യക്തമായിട്ടില്ല. ബഷീറിന്‌ ആരെല്ലാം തുക നല്‍കാനുണ്ടെന്ന്‌ വ്യക്തമല്ല. മരിക്കുന്നതിന്‌ അടുത്ത ദിവസം 6500 റിയാലിന്റെ സാധനങ്ങള്‍ കടയില്‍ നിന്നും കൊണ്ടുപോയിരുന്നതായി സഹപ്രവര്‍ത്തകനായ ഈജിപ്‌ത്‌ പൗരന്‍ പറയുന്നു. അത്‌ ആര്‍ക്കെല്ലാം നല്‍കിയെന്ന്‌ വ്യക്തമല്ല. ബഷീര്‍ നടത്തിയിരുന്ന അല്‍ഹിന്ദ്‌ പ്ലാസ്റ്റിക്‌ സാമ്പത്തിക ബുദ്ധിമുട്ട്‌ മൂലം ഈജിപ്‌തുകാരന്‌ കൈമാറുകയായിരുന്നു. ബഷീര്‍ സാധനങ്ങള്‍ എടുത്ത വകയില്‍ കൊടുക്കാനുള്ള തുക മരണത്തെത്തുടര്‍ന്ന്‌ എഴുതിത്തള്ളിയതായി ഒരു സ്ഥാപനം അറിയിച്ചു.
ബഷീറിന്റെ ഇടപാടുകളെക്കുറിച്ച്‌ അറിയാവുന്ന ഒരു പെരിന്തല്‍മണ്ണ സ്വദേശി വ്യക്തമായ മറുപടിയും സഹകരണവും നല്‍കുന്നില്ലെന്ന്‌ പ്രശ്‌നത്തില്‍ ഇടപെട്ടവര്‌ തന്നെ പറയുന്നു. അതിനാല്‍ ബഷീര്‍ പണയം വെച്ച ഇരുപത്‌ പവന്റെ സ്വര്‍ണത്തില്‍ പത്ത്‌ പവന്‍ ഇനിയും വീണ്ടെടുക്കാനായിട്ടില്ല. എവിടെയാണ്‌ ഇത്‌ പണയം വെച്ചതെന്ന്‌ അറിയില്ല. പത്തു പവന്‍ സ്വദേശിയില്‍ നിന്നും ബന്ധുക്കള്‍ക്കു സാമൂഹിക പ്രവര്‍ത്തകര്‍ക്കും വീണ്ടെടുക്കാനായി.

സാമ്പത്തിക ഇടപാടുകളില്‍ സ്വദേശികള്‍ക്ക്‌ സ്വര്‍ണം പണയം വെക്കുന്നത്‌ സാമൂഹിക പ്രവര്‍ത്തകര്‍ക്ക്‌ പുതിയ അറിവായിരുന്നു. ഒരു പവന്‌ ആയിരം റിയാല്‍ വരെ ലഭിക്കാറുണ്ട്‌. പലരും യഥാസമയം അത്‌ വീണ്ടെടുക്കുമെങ്കിലും അതിലേറെ പേര്‍ തിരിച്ചെടുക്കാന്‍ കഴിയാത്തവരാണെന്ന്‌ അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞു. സാമ്പത്തിക ഇടപാടിനെക്കാള്‍ കുറഞ്ഞ പലിശയാണ്‌ സ്വര്‍ണം പണയം വെക്കാന്‍ പലരെയു പ്രേരിപ്പിക്കുന്നത്‌. സാധാരണ പലിശ ഇപ്പോല്‍ സൂപ്പറും കഴിഞ്ഞ്‌ എക്‌സ്‌പ്രസ്‌ എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌.

സാമ്പത്തിക ഇടപാടിന്റെ പേരില്‍ കഴിഞ്ഞ എട്ട്‌ വര്‍ഷമായി ബഷീര്‍ നാട്ടില്‍ പോയിട്ടില്ല. കുടുംബം മൂന്ന്‌ വര്‍ഷം മുമ്പ്‌ നാട്ടില്‍ പോയി വന്നിരുന്നു. . ഇവിടെ നടത്തിയ ഇടപാടിന്റെ പേരില്‍ കൈമാറിയ ചെക്കിന്റെ പേരിലുണ്ടായ കേസ്‌ ബഷീറിന്റെ നാട്ടിലേക്കുള്ള യാത്രക്ക്‌ തടസമായി. പെരിന്തല്‍മണ്ണ സ്വദേശിയില്‍ നിന്നും മൂന്ന്‌ ലക്ഷം വാങ്ങിയതിന്റെ പേരില്‍ നാട്ടിലുള്ള ബഷീറിന്റെ വീടും പത്ത്‌ സെന്റ്‌ പുരയിടവും വില്‍ക്കാതിരിക്കാന്‍ ഇദ്ദേഹം സ്റ്റേ വാങ്ങിയതാണ്‌ കാരണം. പക്ഷെ. ഇപ്പോഴത്തെ അവസ്ഥയില്‍ ഇത്‌ അനുഗ്രഹമായി വേണം കരുതാന്‍. ബഷീറിന്റെ മരണത്തോടെ സ്റ്റേ പിന്‍വലിക്കാനും ചെക്കുകള്‍ കൈമാറാനും ഇദ്ദേഹം തയാറായിട്ടുണ്ട്‌. മുമ്പ്‌ തറവാട്‌ വിറ്റ്‌ ബഷീര്‍ എട്ട്‌ ലക്ഷം രൂപ സൗദിയിലേക്ക്‌ കൊണ്ടുവന്നിരുന്നു. അതും നഷ്‌ടമായി.

ആര്‍ഭാട ജീവിതത്തില്‍ ബഷീറിനൊപ്പം ഉണ്ടായിരുന്ന പലരും ഒന്നുമറിയില്ലെന്ന മട്ടില്‍ മാറിപ്പോയപ്പോള്‍ അകന്ന്‌ നിന്നവരാണ്‌ മരണശേഷം സഹായത്തിനെത്തിയത്‌. ഇതില്‍ സുഹൃത്തുക്കളും ബന്ധുക്കളുമുണ്ട്‌. ഇപ്പോള്‍ ബഷീറിന്റേ പേരിലുള്ള വീടും പുരയിടവുമായി ബന്ധപ്പെട്ട്‌ അഞ്ച്‌ വര്‍ഷമായി അകന്ന്‌ നിന്ന അല്‍ഹസയിലെ അടുത്ത ബന്ധുക്കള്‍ തന്നെ കുടുംബത്തിന്റെ സഹായത്തിനെത്തുകയായിരുന്നു.

ബഷീര്‍ എങ്ങിനെ ഇത്തരത്തില്‍ ഒരു തകര്‍ച്ചയുടെ വഴിയിലെത്തിയെന്നതിന്‌ വ്യക്തമായ ഉത്തരം ആര്‍ക്കുമില്ല. അടിപൊളി ജീവിതം ഒരു പരിധി വരെ ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും പലിശയുടെ അഴിയാക്കുരുക്ക്‌ തന്നെയാണ്‌ ജീവിതം അവസാനിപ്പിച്ചതെന്നാണ്‌ കരുതപ്പെടുന്നത്‌. പദവികള്‍ ശരിയാക്കാന്‍ അനുവദിക്കപ്പെട്ട നിതാഖാത്‌ സമയപരിധിയുടെ അവസാന മണിക്കൂറില്‍ ജീവനൊടുക്കിയത്‌ എന്തെന്ന്‌ വ്യക്തമല്ല. മരണമടഞ്ഞതിന്റെ പിറ്റേന്ന്‌ സാമ്പത്തിക ഇടപാടില്‍ (ഒരു അറബ്‌ പൗരനുമായി) കോടതിയില്‍ ഹാജരാകേണ്ട ദിവസമായിരുന്നുവെന്ന്‌ അറിയുന്നു.
പലപ്പോഴും മരണത്തെക്കുറിച്ച്‌ പറയുകയും, ഇടയ്‌ക്ക്‌ അതിനുള്ള ശ്രമം നടത്തുകയും ചെയ്‌തിരുന്നുവെന്നാണ്‌ ഇപ്പോള്‍ വെളിവാകുന്നത്‌. ബഷീറിന്റെ ഭാര്യ തസ്‌നീലയും അത്തരം ശ്രമം നടത്തിയിരുന്നതായി അയല്‍വാസികളില്‍ നിന്നും അറിയുന്നു. ഒരു വര്‍ഷം മുമ്പ്‌ വരെ ഹുഫൂഫ്‌ എം.ഐ.എസ്‌. സ്‌കൂളില്‍ പ്രൈമറി അധ്യാപികയായിരുന്നു തസ്‌നീല.

പലിശയുടെ ഊരാക്കുടുക്കില്‍ പെട്ട്‌ ഒടുങ്ങിയ ബഷീറിന്റെ കുടുംബത്തെ നാട്ടിലെത്തിക്കാനുള്ള ഉദ്യമത്തില്‍ രംഗത്തിറങ്ങിയ സാമൂഹിക പ്രവര്‍ത്തകര്‍ക്ക്‌ ലഭിച്ച ഞെട്ടിക്കുന്ന വിവരം ഇനിയും ചില കു#ുടംബങ്ങള്‍ ഇത്തരമൊരു ദുരന്തത്തിന്റെ വക്കിലാണെന്നാണ്‌. നിന്ന്‌ പിഴക്കാന്‍ നിവൃത്തിയില്ലാതെ മുപ്പത്‌ പവന്‍ സ്വര്‍ണം വരെ പണയം വെച്ചവര്‍ ഈ കൂട്ടത്തിലുണ്ട്‌. സാമ്പത്തിക താളം തെറ്റിച്ച കുടുംബ ജീവിത ക്രമങ്ങളില്‍ നിയമവിരുദ്ധമായ പ്രവൃത്തികള്‍ക്കും ഇവരെ പ്രേരിപ്പിക്കുകയാണ്‌. രക്ഷിച്ചെടുക്കാനുള്ള ശ്രമത്തിനിടയില്‍ തെക്കന്‍ ജില്ലയില്‍ നിന്നുള്ള രണ്ടും വടക്കന്‍ ജില്ലയില്‍ നിന്നുള്ള ഒരു കുടുംബവും ദുരന്തത്തിലേക്ക്‌ വഴുതുമോയെന്ന്‌ സാമൂഹിക പ്രവര്‍ത്തകര്‍ ഭയപ്പെടുന്നു

Leave a Reply

Your email address will not be published. Required fields are marked *