ജുബൈലില്‍ ആത്മഹത്യ ചെയ്‌ത ഇന്ത്യക്കാരന്റെ മൃതദേഹം ആറ്‌ മാസമായി കുടുംബം കാത്തിരിക്കുന്നു!!!

ദമാം – സ്വയം ജീവനൊടുക്കിയ ഇന്ത്യക്കാരന്റെ മൃതദേഹം ആറ്‌ മാസമായിട്ടും നാട്ടിലെത്തിയില്ല. പശ്ചിമ ബംഗാളില്‍ നോര്‍ത്ത്‌ 24 പര്‍ഗാനാസ്‌ ജില്ലയിലെ ബൊന്‍ഗാവോണ്‍ താന്‍ഗ്ര കോളനിയില്‍ സുതിയയില്‍ പരേതനായ ജഗബന്ധു ബിശ്വാസിന്റെ മകന്‍ നില്‍മണി ബിശ്വാസ്‌(40)ന്റെ പ്രായം ചെന്ന അമ്മ നാട്ടില്‍ മൃതദേഹം കാത്തിരിക്കുന്നു. നജ്‌റാനിലുള്ള സ്‌പോണ്‍സറുടെ കീഴില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 19ന്‌ കാര്‍പ്പെന്റര്‍ വിസയില്‍ സൗദിയിലെത്തിയ നില്‍മണി ജുബൈലിലെ ഒരു കമ്പനിയിലാണ്‌ ജോലിക്ക്‌ ചേര്‍ന്നത്‌. ജനവരി 21ന്‌ പുലര്‍ച്ചെയാണ്‌ ജുബൈല്‍ അല്‍ ദോസരി ക്യാമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്‌.
പോസ്റ്റ്‌മോര്‍ട്ടത്തിന്‌ ശേഷം മൃതദേഹം സംസ്‌കാരത്തിനായി നാട്ടിലെത്തിക്കണമെന്ന്‌ ആവശ്യപ്പെടുന്ന എമ്പത്‌കാരിയായ അമ്മ ചപാറാണി ബിശ്വാസ്‌ ഒപ്പിട്ട അഫിഡഫിറ്റിന്റെ പകര്‍പ്പ്‌ മലയാളം ന്യൂസിന്‌ ലഭിച്ചു. ഏപ്രില്‍ 12ന്‌ നോട്ടറി സാക്ഷ്യപ്പെടുത്തി അഫിഡവിറ്റ്‌ കമ്പനിക്ക്‌ അയച്ചുകൊടുത്തിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഏറ്റുവാങ്ങി നാട്ടിലെത്തിക്കുന്നതിന്‌ സാധാരണയായി സ്‌പോണ്‍സറെയോ, ഇന്ത്യന്‍ എംബസിയെയോ, സൗദിയില്‍ താമസിക്കുന്ന നാട്ടുകാരെയോ, സാമൂഹിക പ്രവര്‍ത്തകരെയോ ആണ്‌ ചുമതലപ്പെടുത്താറുള്ളത്‌. നില്‍മണി ബിശ്വാസിന്റെ മൃതദേഹം നാട്ടിലെത്തുക്കുന്നതിനുള്ള നടപടികള്‍ക്ക്‌ മുംബൈയിലെ ഒരു ഏജന്‍സിയെയാണ്‌ അഫിഡവിറ്റില്‍ ചുമതലപ്പെടുത്തിയത്‌. മുംബൈയിലെ ഏജന്‍സിയുടെ പേരില്‍ അധികാരപത്രം നല്‍കാന്‍ ഈ ദരിദ്ര കുടുംബത്തിന്‌ ആരാണ്‌ ഉപദേശം നല്‍കിയതെന്ന്‌ അറിയില്ല. ഇത്‌ കാരണം തുടര്‍നടപടികള്‍ ഒന്നുമുണ്ടായില്ല.
മൃതദേഹം നാട്ടിലെത്തിയില്ലെന്ന്‌ ഇടക്കിടെ കുടുംബം ബന്ധപ്പെട്ട്‌ പരാതിപ്പെടുന്നതായി കമ്പനിയില്‍ ജോലി ചെയ്യുന്ന മലയാളി ജിജോ (തിരുവനന്തപുരം) മലയാളം ന്യൂസിനോട്‌ പറഞ്ഞു. മൃതദേഹം നാട്ടിലെത്തിക്കുന്നതിന്‌ ആവശ്യമായത്‌ അടിയന്തിരമായി ചെയ്യാന്‍ നിര്‍ദേശിച്ച കമ്പനി പാസ്‌പോര്‍ട്ട്‌ തനിക്ക്‌ കൈമാറിയതായി അദ്ദേഹം അറിയിച്ചു. ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ മൃതദേഹം വൈകാതെ നാട്ടിലയക്കാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *