എന്തിനീ വെബ്‌സൈറ്റ്‌


     മലയാളം ന്യൂസ്‌ - ഫാറൂഖ്‌ ലുഖ്‌മാന്‍ എന്ന പ്രഗത്ഭമതിയുടെ
     മുഖ്യപത്രാധിപത്യത്തില്‍ ഗള്‍ഫ്‌ മലയാളികളെ ലക്ഷ്യം വെച്ച്‌
     ജിദ്ദ കേന്ദ്രമായി സൗദി റിസര്‍ച്ച്‌ ആന്റ്‌ പബ്ലിഷിംഗ്‌ കമ്പനി 1999ല്‍
     ആരംഭിച്ച ദിനപത്രം. വിദേശത്ത്‌ നിന്നും പ്രസിദ്ധീകരിക്കുന്ന
     മലയാളത്തിലെ പ്രഥമ സമ്പൂര്‍ണ ദിനപത്രം.


     സൗദിയിലെ മലയാളികളുടെ മാത്രമല്ല, ഇതര പ്രദേശങ്ങളില്‍
     നിന്നുള്ള ഇന്ത്യക്കാരുടെയും പലപ്പോഴും മറ്റ്‌ നാട്ടുകാരുടെയും,
     സ്വദേശികളുടെയും കൂടി ദര്‍പ്പണമാണ്‌ ഇന്ന്‌ മലയാളം ന്യൂസ്‌.


     സൗദിയില്‍, വിശേഷിച്ചും ദമാം കേന്ദ്രമായ കിഴക്കന്‍ പ്രവിശ്യയില്‍
     കേവലം വാര്‍ത്തകളുടെ നിരീക്ഷകന്‍ മാത്രമായി ഒരു പത്രപ്രവര്‍ത്തകന്‌
     മാറിനില്‍ക്കാനാവില്ല. അതിനാല്‍ പലപ്പോഴും ആക്‌ടിവിസ്റ്റിന്റെ കുപ്പായം
     കൂടി ജര്‍ണലിസ്റ്റ്‌ അണിയേണ്ടി വരുന്നു.


     മലയാളം ന്യൂസ്‌ ദമാം ലേഖകനായിരിക്കെ കണ്ടതും കാണുന്നതും,
     അറിഞ്ഞതും അറിയുന്നതും, എഴുതിയതും എഴുതുന്നതും പുറം ലോകം
     കൂടി അറിയുന്നത്‌ നന്നാകുമെന്ന്‌ കരുതി. ബാഹ്യലോകത്തിന്റെ
     കാഴ്‌ചപ്പാടില്‍ നിന്നും വ്യത്യസ്‌തമായി ഇവിടെ സൗദിയുടെ വ്യത്യസ്‌തമായ
     മുഖം. സൗദിയുടെയും കിഴക്കന്‍ പ്രവിശ്യയുടെയും അവിടെ കഴിയുന്ന
     ലക്ഷങ്ങളുടെയും ജീവിതത്തിന്റെ നേര്‍ചിത്രം.


     വെബ്‌സൈറ്റ്‌ ഇല്ലാത്ത ദിനപത്രമാണ്‌ മലയാളം ന്യൂസ്‌.
     മലയാളിയുടെയും കിഴക്കന്‍ പ്രവിശ്യയുടെയും പരിധികള്‍ കടക്കുന്ന
     പലതും വാര്‍ത്തകളാവുന്നു. സ്വന്തം വാര്‍ത്തകള്‍ ഫാക്‌സിലും പി.ഡി.എഫ്‌
     ഫോര്‍മാറ്റിലും അയക്കാനുള്ള അഭ്യര്‍ത്ഥനകള്‍ പലപ്പോഴും ലഭിക്കുന്നു.
     ഈ പശ്ചാത്തലത്തിലാണ്‌ ഈ വെബ്‌സൈറ്റിന്റെ പിറവി.


     മകന്‍ അശ്‌ഫാഖിന്റെ നല്ല മനസിന്‌ നന്ദി. ഈ സൈറ്റിന്റെ എല്ലാം അശ്‌ഫഖാണ്‌.


- പി.എ.എം ഹാരിസ്‌      


Click Here for your comments