നിര്‍ധന രോഗികള്‍ക്ക്‌ സാന്ത്വനം പകരാന്‍ പിന്തുണ തേടി സി.എച്ച്‌. സെന്റര്‍

ദമാം – കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന നിര്‍ധനരും അവശരുമായ രോഗികള്‍ക്ക്‌ ജാതി – മത ഭേദമെന്യേ അത്താണിയായി പ്രവര്‍ത്തിക്കുന്ന സി.എച്ച്‌. സെന്റര്‍ – ശിഹാബ്‌ തങ്ങള്‍ ഡയാലിസിസ്‌ സെന്റര്‍ എന്നിവയുടെ അനുപമമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ മനുഷ്യ സ്‌നേഹികള്‍ മുന്നോട്ട്‌ വരണമെന്ന്‌ സി.എച്ച്‌. സെന്റര്‍ ദമാം ചാപ്‌റ്റര്‍ പൊതു സമൂഹത്തോട്‌ അഭ്യര്‍ത്ഥിച്ചു.
വന്‍ സാമ്പത്തിക ബാധ്യത കാരണം ഡയാലിസിസ്‌ ചെയ്യുവാന്‍ കഴിയാതെ മരണത്തോട്‌ മല്ലടിച്ചുകൊണ്ടിരിക്കുന്ന കുട്ടികളും യുവാക്കളും സ്‌ത്രീകളും വൃദ്ധരുമടങ്ങുന്ന നൂറു കണക്കിന്‌ വൃക്ക രോഗികള്‍ക്ക്‌ പ്രതീക്ഷയേകിക്കൊണ്ടാണ്‌ ശിഹാബ്‌ തങ്ങള്‍ ഡയാലിസിസ്‌ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്‌. സമ്പൂര്‍ണമായി സൗജന്യ നിരക്കില്‍ മൂന്ന്‌ ഷിഫ്‌റ്റുകളിലായി ഇരുപത്തിയേഴ്‌ രോഗികള്‍ക്ക്‌ പ്രതിദിനം ഡയാലിസിസ്‌ സേവനം നല്‍കുന്ന ഇന്ത്യയിലെ പ്രഥമ സ്ഥാപനമാണിതെന്ന്‌ ദമാം ചാപ്‌റ്റര്‍ കോഓര്‍ഡിനേറ്റര്‍ മൊയ്‌തീന്‍ വെണ്ണക്കാട്‌ പറഞ്ഞു. പതിനാറ്‌ മെഷീനുകളിലായി നാല്‍പ്പത്തിയെട്ട്‌ രോഗികള്‍ക്ക്‌ സേവനം വിപുലീകരിക്കുന്നതിനും, എം.ആര്‍.ഐ സ്‌കാനിംഗ്‌ ഉള്‍പ്പെടെ നൂതന സംവിധാനങ്ങള്‍ സൗജന്യമായി ഒരുക്കുന്നതിനുമാണ്‌ സ്ഥാപനം ലക്ഷ്യം വെക്കുന്നത്‌. കൂടാതെ ഭക്ഷണം, മരുന്ന്‌, ചികിത്സാ സഹായം, ആംബുലന്‍സ്‌ സേവനം തുടങ്ങി ആയിരത്തോളം രോഗികള്‍#്‌കാണ്‌ സി.എച്ച്‌. സെന്ററില്‍ നിന്നും ദിവസവും കാരുണ്യ സേവനമെത്തുന്നത്‌. മൂന്ന്‌ ലക്ഷത്തോളം രോഗികള്‍ക്ക്‌ 2011 – 12ല്‍ സി.എച്ച്‌. സെന്ററിന്റെ സേവനം ലഭിച്ചു. കഴിഞ്ഞ റമദാനില്‍ മാത്രം എഴുപതിനായിരത്തോളം പേര്‍ക്ക്‌ നോമ്പ്‌ തുറക്കാനും, അത്താഴത്തിനുമുള്ള സൗകര്യം ലഭ്യമാക്കി. ഈ വര്‍ഷം പാവപ്പെട്ട രണ്ടായിരത്തില്‍ പരം നോമ്പുകാരാണ്‌ സെന്ററില്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്‌. ഈ സംരംഭങ്ങള്‍ക്ക്‌ പ്രവാസി സമൂഹത്തില്‍ നിന്നും സഹകരിച്ചവര്‍ക്ക്‌ നന്ദിപ്രകടിപ്പിച്ച മൊയ്‌തീന്‍ അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവും തുടരണമെന്ന്‌ അഭ്യര്‍ത്ഥിച്ചു. കിഴക്കന്‍ പ്രവിശ്യാ കെ.എം.സി.സി. കോഴിക്കോട്‌ ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള സി.എച്ച്‌. സെന്റര്‍ ദമാം ചാപ്‌റ്റര്‍ സമാഹരിച്ച അര ലക്ഷം രൂപയുടെ ചെക്ക്‌ അബ്‌ദുല്‍ റഹ്‌മാന്‍ മലയമ്മ കോഓര്‍ഡിനേറ്റര്‍ മൊയ്‌തീന്‍ വണ്ണക്കാടിന്‌ കൈമാറി. എ.പി. അമീറലി കൊയിലാണ്ടി, അഷ്‌റഫ്‌ ആളത്ത്‌ എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *