ദമാം – ഖത്തറില്‍ തൊഴില്‍ വിസയിലെത്തി ആറ് മാസത്തോളം മരുഭൂമിയില്‍ ഒട്ടകം മേയ്‌ക്കാന്‍ നിര്‍ബന്ധിതനായ തമിഴ്‌നാട് സ്വദേശി നാട്ടിലേക്ക് മടങ്ങി. തമിഴ്‌നാട് പുതുക്കോട്ടൈ മാവട്ടം സ്വദേശി അബ്‌ദുല്‍ മജീദിന്റെ മകന്‍റഹ്‌മത്ത് ജിന്ന (30)യാണ് ഭാഗ്യവശാല്‍ രക്ഷപ്പെട്ടത്. വഴിതെറ്റി എത്തിയ ഒരു മലയാളി പുറം ലോകത്ത് എത്തിച്ച റഹ്‌മത്ത് ജിന്നക്ക് നാട്ടിലേക്ക് മടങ്ങുന്നതിനും മലയാളി സാമൂഹിക പ്രവര്‍ത്തകരാണ് തുണയായത്.
അറുപതിനായിരം രൂപ മുടക്കിയാണ് രണ്ടര വര്‍ഷം മുമ്പ് ഖത്തറിലേക്ക് വന്നത്. കുടുംബം പുലര്‍ത്താനും രണ്ട് ഇളയ സഹോദരമമാരുടെ വിവാഹം നടത്താനും സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് വിദേശത്ത് ജോലി തേടിയത്. വിമാനമിറങ്ങിയ ഉടനെ ഒരു മലയാളി സ്‌പോണ്‍സറുടെ വീട്ടിലേക്ക് കൊണ്ടുപോയി. അറബിയുടെ വീട്ടില്‍ രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ വീട്ടുജോലിയെന്നും 750 റിയാല്‍ ശമ്പളവുമാണ് പറഞ്ഞത്. ഖത്തറിലെ തിരിച്ചറിയല്‍ കാര്‍ഡ് എടുത്തിരുന്നു. മൂന്നാഴ്‌ച കഴിഞ്ഞപ്പോഴാണ് കൊടും യാതനക്ക് തുടക്കമായത്.
അല്‍ഹസയിലുള്ള തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് എന്ന് പറഞ്ഞ് സ്‌പോണ്‍സര്‍ ഹസയില്‍ നിന്നും 200 കിലോമീറ്റര്‍ അകലെ വിജനമായ മരുഭൂമിയിലാണ് എത്തിച്ചത്. നൂറ് ഒട്ടകങ്ങളോടൊപ്പം ആ മരുഭൂമിയില്‍ ആറ് മാസം നരകജീവിതം നയിച്ചു. മുമ്പ് ജോലി ചെയ്‌ത ഹൈദരബാദി പോയ ഒഴിവിലേക്കാണ് റഹ്‌മത്തിനെ അവിടെ എത്തിച്ചത്. ആറ് മാസം വീട്ടുകാരുമായി ബന്ധപ്പെടാന്‍ പോലും കഴിഞ്ഞില്ല.
ഉറക്കമില്ലാതെ, കൃത്യമായ ഭക്ഷണം ലഭിക്കാതെ, സംസാരിക്കാനും ഒരാളുമില്ലാതെ രാപ്പകലുകള്‍ തള്ളിനീക്കി. ഭക്ഷണമായി ലഭിച്ചത് ഖുബ്‌സും ഒട്ടകത്തിന് നല്‍കുന്ന ടാങ്കര്‍ വെള്ളവും മാത്രം. കുളിക്കാനോ നനയ്‌ക്കാനോ പറ്റില്ല. സ്വന്തം മുഖം പോലും കാണുന്നത് രക്ഷപ്പെട്ട് അല്‍കോബാറിലെത്തിയതിന് ശേഷമായിരുന്നു.
രണ്ടാഴ്‌ച കൂടെ തമ്പില്‍ കഴിയുന്ന സ്‌പോണ്‍സര്‍ പിന്നീട് രണ്ടാഴ്‌ച കഴിഞ്ഞാണ് വരിക. ഒരു മിനിട്ടും വിശ്രമമില്ലാത്ത ജോലിയായിരുന്നു. അപകടകാരികളായ മൂന്ന് ആണ്‍ ഒട്ടകങ്ങളെ പരിചരിച്ചത് ഭീതിയോടെയാണ്. പുലര്‍ച്ച നാല് മണിക്ക് അവക്ക് ഭക്ഷണം നല്‍കണം. പ്രസവിച്ച ഒട്ടുകങ്ങളുടെ പാല്‍ കറയ്‌ക്കല്‍ പതിനൊന്ന് മണി വരെ നീളും. മേയാന്‍ പോയ ഒട്ടകങ്ങള്‍ നാല് മണിയോടെ തിരിച്ചെത്തുന്നതിന് മുമ്പ് തന്നെ പുല്ലും വെള്ളവും ഖുബ്‌സും ഒരുക്കിവെക്കണം. ഏഴര മണിയോടെ സ്‌പോണ്‍സര്‍ക്കുള്ള കാവയും ഭക്ഷണവും. അര്‍ധരാത്#ി വരെ നീളുന്ന ജോലിക്കിടക്ക് പുറംലോകവുമായി ബന്ധപ്പെടാന്‍ ഒരു അവസരവും സ്‌പോണ്‍സര്‍ നല്‍കിയില്ല.
ഇതിനിടെ നൂറ് കിലോമീറ്റര്‍ അകലെ കമ്പനിയില്‍ ജോലി ചെയ്‌ത സലീം എന്ന മലയാളി വഴി തെറ്റി വന്നതാണ് റഹ്‌മത്തിന് രക്ഷയായത്. മരുഭൂമിയിലൂടെ വെള്ളം നിറച്ച വാഹനവുമായി വന്ന സലീം ദിശ മാറി റഹ്‌മത്തിന്റെ താമസസ്ഥലത്തെത്തി. വഴി ചോദിക്കാനെത്തിയ സലീമിനോട് തന്റെ ദുരിതം വിവരിച്ച റഹ്‌മത്ത് സഹായം തേടി. മാസങ്ങളായി വീടുമായി ബന്ധപ്പെടാന്‍ കഴിയാതിരുന്ന റഹ്‌മത്തിന് സ്വന്തം മൊബൈല്‍ നല്‍കി. റഹ്‌മത്തിനെ രക്ഷപ്പെടുത്തണമെന്ന ഉമ്മയുടെ അഭ്യര്‍ത്ഥന തള്ളാനാവാതെ സലീം മരുഭൂമിയില്‍ നിന്നും രക്ഷപ്പെടുത്തി.
പുറം ലോകത്തെത്തിയ റഹ്‌മത്ത് കോബാറിലും ദമാമിലും ടൊയോട്ടയിലും വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്‌തു. ഇതിനിടെ കോബാര്‍ സില്‍വര്‍ ടവറിന് സമീപം ഒരു സ്വദേശി പൗരനും സഹായം നല്‍കി. റഹ്‌മത്തിന് ജോലിയും താമസസൗകര്യവും നല്‍കിയ ഓ.ഐ.സി.സി. ഭാരവാഹിയും സാമൂഹിക പ്രവര്‍ത്തകനുമായ മമ്മൂട്ടി പട്ടാമ്പി നാട്ടിലേക്കുള്ള ടിക്കറ്റും നല്‍കി. വാസു ചിദംബരം, നവോദയ പ്രവര്‍ത്തകരായ ഷാജഹാന്‍, അയൂബ് കൊടുങ്ങല്ലൂര്‍ എന്നിവരും സഹായം നല്‍കി.
തര്‍ഹീലില്‍ നിന്നും വരുന്ന വഴി സ്വകാര്യ ടാക്‌സിയില്‍ കയറിയ റഹ മത്തിന്റൈ കൈവശമുണ്ടായിരുന്ന ആയിരം റിയാല്‍ കാറില്‍ കൂടെ യാത്ര ചെയ്‌ത രണ്ട് പേര്‍ കത്തികാട്ടി കവര്‍ന്നത് മറ്റൊരു ദുരനുഭവമായി. തുക തട്ടിപ്പറിച്ച ശേഷം തന്നെ റോഡിലേക്ക് തള്ളിയിട്ട് കടന്ന കാറിന്റെ നമ്പര്‍ ശ്രദ്ധിക്കാന്‍ പോലുമാവാതെ നിസ്സഹായനായിരുന്നു റഹ്‌മത്ത്.
മടക്കയാത്ര തനിക്ക് അവിശ്വസനീയമാണെന്നും വീട്ടുകാരെ ഇനിയൊരിക്കലെങ്കിലും കാണാനാവുമെന്ന് കരുതിയില്ലെന്നും നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് റഹ്‌മത്ത് പറഞ്ഞു. ഇതിനിടെ മരണമടഞ്ഞ പിതാവിന്റെ മുഖം പോലും കാണാന്‍ ഭാഗ്യമുണ്ടായില്ല. നാട്ടിലെത്തിയ റഹ്‌മത്ത് ജിന്ന തന്റെ ജീവിതം തിരിച്ചുതന്ന എല്ലാവരോടും കടപ്പാടും നന്ദിയും അറിയിച്ചു.