നാല്‍പ്പത് വര്‍ഷം മുമ്പ് മാര്‍ച്ച് 21. അതൊരു അനുഭവമായിരുന്നു. ഒരിക്കലും മറക്കാനാവാത്ത നാള്‍.

സ്വതന്ത്ര ഇന്ത്യയിലെ പുതുയുഗപ്പിറവിയുടെ പിറന്നാള്‍ ഇന്ന്. ആറാം ലോകസഭാ തിരഞ്ഞെടുപ്പ് ഫലം വന്നു നാല്‍പ്പത് വര്‍ഷമാകുന്നു. 1976 മാര്‍ച്ച് 21… ഞായറാഴ്ച. മറക്കില്ലൊരിക്കലും ഈ ദിനം. ഇരുപത് മാസത്തെ അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പ്. ചരിത്രത്തിലാദ്യമായി കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടമായത് ഈ തിരഞ്ഞെടുപ്പിലാണ്.
1969ന് ശേഷം നടന്ന തിരഞ്ഞെടുപ്പുകള്‍ താത്പര്യപൂര്‍വം ശ്രദ്ധിച്ചിരുന്നു. ഇഎംഎസിന്റെയും എകെജി, രണദിവെ, ജഗ്ജീവന്‍ റാം, കെജി മാരാര്‍ തുടങ്ങിയവരുടെ തിരഞ്ഞടുപ്പു റാലികളില്‍ ശ്രോതാവായി. 1977ലും 91ലും മാത്രമാണ് തിരഞ്ഞെടുപ്പ് കാമ്പയിനില്‍ പങ്കാളിയായത്. ബേപ്പൂരില്‍ ഡോ. കെ മാധവന്‍കുട്ടി കോലീബി സഖ്യത്തിനെതിരെയായിരുന്നു, 91ല്‍.
അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കെയാണ് 70ല്‍ നിലമ്പൂര്‍ എംഎല്‍എ കെ കുഞ്ഞാലിയുടെ വധത്തെത്തുടര്‍ന്ന് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. എംപി ഗംഗാധരനും സിപി അബൂബക്കറും ഏറ്റുമുട്ടി. തെങ്ങും അരിവാള്‍ ചുറ്റിക നക്ഷത്രവും. സീറ്റ് പിടിച്ചെടുത്ത ഗംഗാധരന്‍ അടുത്ത വര്‍ഷം പൊതു തിരഞ്ഞെടുപ്പില്‍ പിവി കുഞ്ഞിക്കണ്ണനെതിരെ വിജയം ആവര്‍ത്തിച്ചു.
1975 ജൂണ്‍ 26ന് രാജ്യത്ത് ആഭ്യന്തര അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഇന്റലിജന്‍സ് വൃത്തങ്ങള്‍ വിജയം ഉറപ്പ് നല്‍കിയത് വിശ്വസിച്ച ഇന്ദിരാഗാന്ധി 77 ജനവരിയില്‍ ലോകസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മഞ്ചേരി ലോകസഭയിലേക്ക് മുസ്‌ലിംലീഗിലെ ഇബ്രാഹിം സുലൈമാന്‍ സേട്ടും അഖിലേന്ത്യാ ലീഗിലെ ബിഎം ഹുസൈനും (തോണി) മത്സരിച്ചു. നിലമ്പൂരില്‍ ആര്യാടന്‍ മുഹമ്മദും സിപിഎമ്മിലെ കെ. സെയ്താലിക്കുട്ടിയുമായിരുന്നു സ്ഥാനാര്‍ത്ഥികള്‍.
പരിസര പ്രദേശങ്ങളിലെ പ്രാദേശിക യോഗങ്ങളില്‍ സജീവമായി പങ്കെടുത്തു. അടിയന്തിരാവസ്ഥയുടെ ആദ്യനാളുകളില്‍ മാധ്യമങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങളനുസരിച്ച് അതിനോട് മാനസികമായി തോന്നിയ അടുപ്പത്തിന്റെ പശ്ചാത്താപം കൂടിയായിരുന്നു അത്. ദേശാഭിമാനിയും ലീഗ് ടൈംസും തന്ന വിഭവങ്ങള്‍ ഉപയോഗപ്പെടുത്തി. സിപിഎം ഏരിയാ നേതാക്കളായിരുന്ന ടികെ നമ്പീശന്‍ മാസ്റ്ററും ദേവദാസ് പൊറ്റക്കാടും നല്ല വാക്കുകളുമായി അഭിനന്ദിച്ചു. ദേവദാസ് പറഞ്ഞു:നാലിടത്ത് ഞാന്‍ പ്രസംഗം കേട്ടു. ഒരേ കാര്യം പറയണം. അവിടെ പറഞ്ഞത് നന്നായി. അത് ഇവിടെയും പറയണം. തിരഞ്ഞെടുപ്പ് പ്രസംഗങ്ങളില്‍ പ്രസംഗകന് ആവര്‍ത്തന വിരസത തോന്നിയാലും സദസ് വ്യത്യസ്തമായിരിക്കുമെന്ന ആദ്യപാഠം.
കാമ്പയിന്‍ നന്നായി നടന്നു. മാര്‍ച്ച് 20നായിരുന്നു വോട്ടെണ്ണല്‍. ഉച്ചയോടെ ആര്യാടന്‍ മുഹമ്മദും സുലൈമാന്‍ സേട്ടുമുള്‍പ്പെടെ യുഡിഎഫ് മുന്നിട്ടു നില്‍ക്കുന്ന വിവരം കിട്ടി, ആഹ്ലാദ പ്രകടനങ്ങള്‍ തുടങ്ങി.
കൂടുതല്‍ ആകാംക്ഷയോടെ കാത്തിരുന്നത് ഉത്തരേന്ത്യയിലെ വിവരമങ്ങളറിയാനാണ്. അടിയന്തിരാവസ്ഥയോട് എതിര്‍പ്പുള്ള പോസ്റ്റ് ആന്റ് ടെലിഗ്രാഫിലെ (കമ്പിത്തപാല്‍ വകുപ്പ്) ജീവനക്കാരുടെ സംഘടനാ പ്രതിനിധികളും മറ്റും ഉള്‍പ്പെടുന്ന രഹസ്യ നെറ്റ് വര്‍ക്ക് സജീവമായിരുന്നു. ഉച്ചക്ക് ഏതാണ്ട് മൂന്നര മണിയോടെ വിവരം ലഭിച്ചു. ഇന്ദിരാഗാന്ധി റായ് ബറേലിയില്‍ രാജ് നാരായണിന് പിന്നിലാണ്. അമേത്തിയില്‍ സഞ്ജയ് ഗാന്ധിയും അടിയന്തിരാവസ്ഥയിലെ മുഖ്യ നായകന്‍ ബെന്‍സിലാലും പിന്നിലാണ്.
വാര്‍ത്തകളറിയാന്‍ ഏക ആശ്രയം ആകാശ വാണിയാണ്. 7.25ന് ദല്‍ഹിയില്‍ നിന്നുള്ള മലയാള വാര്‍ത്ത കഴിഞ്ഞു. മുഖ്യമായി കേരളത്തിലെ ഫലങ്ങള്‍ മാത്രം. ഉത്തരേന്ത്യയില്‍ നിന്നുള്ള കാര്യമായ വാര്‍ത്തകളൊന്നുമില്ല. 8.45ന് 15 മിനിട്ട് ഇംഗ്ലീഷ് വാര്‍ത്തയും തുടര്‍ന്ന് ഹിന്ദി വാര്‍ത്തയുമുണ്ട്. ഒരു വിവരവുമില്ല. ഓരോ മണിക്കറിലും അഞ്ച് മിനിട്ട്, മൂന്ന് മിനിട്ട് തിരഞ്ഞെടുപ്പ് ബുള്ളറ്റിനുകളുണ്ട്. അറിയാവുന്ന ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ കേട്ടു. രാത്രിയായതോടെ ചന്തക്കുന്നില്‍ മാട്ടുമ്മല്‍ യൂസുഫിന്റെ വീട്ടില്‍ ഇടത്പക്ഷത്തിന് വേണ്ടി പ്രവര്‍ത്തിച്ച സുഹൃത്തുക്കളെല്ലാം ഒത്തുകൂടി. ഇന്ന് കെപിസിസി സെക്രട്ടറിയായ വിഎ കരീം, ഇപ്പോള്‍ ഖത്തറിലുള്ള എംടി ഇബ്രാഹിം എന്നിവരും കൂടെ വന്നു. രാത്രി 11നും 12നും റേഡിയോ വാര്‍്ത്ത കേട്ടു. കാത്തിരുന്ന വിവരങ്ങളൊന്നുമില്ല. ലീഡ് പോലും അറിയുന്നില്ല.കരീമും ഇബ്രാഹിമും ഉറക്കത്തിലായി. അവര്‍ക്ക് ഉറങ്ങാം, ഞങ്ങള്‍ക്ക് ഈ

രാത്രി നിര്‍ണായകമാണ്. അടുത്ത നാളില്‍ എന്ത് എന്ന ആശങ്ക മനസ് നിറയെ.
അതിനാല്‍ ഉറക്കമൊഴിച്ചു കാത്തിരുന്നു. 21 പുലര്‍ന്നു. ഒരു മണിക്കും രണ്ട് മണിക്കും വാര്‍ത്ത കേട്ടു. ലീഡ് പോലും അറിയുന്നില്ല. 2.55 ഹിന്ദിയില്‍ വാര്‍ത്ത. റായ് ബറേലിയില്‍ ഇന്ദിരാ ഗാന്ധി അര ലക്ഷം വോട്ടിന് തോറ്റു. അമേത്തിയില്‍ സഞ്ജയ് ഗാന്ധിയും കൂട്ടാളി ബന്‍സിലാലും തോറ്റും. അടിയന്തിരാവസ്ഥയുടെ മുഖ്യ നടത്തിപ്പുകാര്‍ തോറ്റു.
ഉറങ്ങിക്കിടന്ന വിഎ കരീമിനെയും എംടി ഇബ്രാഹിമിനെയും അടിച്ചുണര്‍ത്തി ഞങ്ങള്‍ ആഹ്ലാദാരാവം മുഴക്കി. അയല്‍വീട്ടുകാരും ഞെട്ടിയുണര്‍ന്നു. ആവേശത്തോടെ തെരുവിലേക്ക്. തട്ടുകടയില്‍ നിന്നും കട്ടന്‍ചായ ലോകം കീഴടക്കിയ പ്രതീതിയോടെ ഊതിക്കുടിച്ചു. 21ന് അടിയന്തരാവസ്ഥ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. 25ന് മൊറാര്‍ജി ദേശായിയുടെ ജനതാ സര്‍ക്കാര്‍ അധികാരത്തിലേറി.

പിന്‍മൊഴി: പ്രസ് സെന്‍സര്‍ഷിപ്പിന്റെ കാലം. അടിയന്തരാവസ്ഥയല്ലേ, ഇന്ദിരയല്ലേ, ജയിച്ചിരിക്കും. ജയിച്ചില്ലേലും ജയിച്ചിരിക്കും ആ നിലക്ക് വാര്‍ത്ത തയാറാക്കി ഒരു പത്രം അച്ചടിച്ചിറക്കിയെന്ന് കേട്ടിരുന്നു. ആ പത്രക്കെട്ടുകള്‍ തിരിച്ചുവിളിച്ചു ചുട്ടെരിച്ചതായാണ് അറിഞ്ഞത്. പിറ്റേന്ന് അല്‍പ്പം വൈകിയാണ് പത്രം വന്നത്. ഇന്ദിര തോറ്റു എന്ന് തലക്കെട്ട്.