ധാര്മിക പരാജയം വര്ഷങ്ങളോളം ഇനി നമ്മെ വേട്ടയാടുക തന്നെ ചെയ്യും – അമീറ ഹാസ്‌

(ഇസ്രയേലി ദിനപത്രം ഹാ അരെറ്റ്‌സ്‌ (ജുലൈ 28) പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മൊഴിമാറ്റം. അമീറ ഹാസ്‌ 56ല്‍ ജറൂസലമില്‍ ജനനം. 1989ല്‍ ഹാ അരെറ്റ്‌സില്‍ ചേര്‍ന്നു. 1993 മുതല്‍ ഇസ്രയേല്‍ അധിനിവേശ മേഖലയിലെ ലേഖികയാണ്‌) 

മൊഴിമാറ്റം: പി.എ.എം. ഹാരിസ്‌

കല്ലെറിഞ്ഞപ്പോള്‍ വെടിയുണ്ട നേരിട്ട യുവാക്കളുടെ ഒന്നാം ഇന്‍തിഫാദ തലമറുയില്‍ നിന്നാണ്‌ ഹമാസിന്റെ ഉദയവും വളര്‍ച്ചയും. പിന്നിട്ട ഏഴ്‌ വര്‍ഷങ്ങളിലെ ആവര്‍ത്തിച്ചുള്ള കൂട്ടക്കൊലകള്‍ അനുഭവിച്ച തലമുറയില്‍ നിന്നും ആരാണ്‌ ഉയര്‍ന്നുവരികയെന്ന ചിന്തയാണ്‌ എന്നില്‍ ഉദിച്ചത്‌. ധാര്‍മികമായി നമ്മുടെ പരാജയം വര്‍ഷങ്ങളോളം ഇനി നമ്മെ വേട്ടയാടുക തന്നെ ചെയ്യും.

Amira Hass is an Israeli journalist in the daily newspaper Ha'aretz.

Amira Hass is an Israeli journalist in the daily newspaper Ha’aretz.

വിജയം അളക്കുന്നത്‌ മരിച്ചവരുടെ എണ്ണം നോക്കിയാണെങ്കില്‍, ഇസ്രായിലും അതിന്റെ സൈന്യവും വന്‍ ജേതാക്കളാണ്‌. ശനിയാഴ്‌ച ഞാന്‍ ഇത്‌ എഴുതുന്നതിനും ഞായറാഴ്‌ച നിങ്ങള്‍ വായിക്കുന്നതിനുമിടക്ക്‌ അവരുടെ എണ്ണം ആയിരം കവിയും. എഴുപത്‌ – എണ്‍പത്‌ ശതമാനവും സിവിലിയന്മാര്‍.
ഇനിയുമെത്ര: പത്ത്‌ മൃതദേഹങ്ങള്‍, 18? മൂന്ന്‌ ഗര്‍ഭിണികള്‍ കൂടി?, കണ്ണ്‌ പകുതി തുറന്ന, വായില്‍ കുഞ്ഞരിപ്പല്ലുകള്‍ പുറത്തേക്കുന്തി, ചോരയില്‍ പുരണ്ട കുപ്പായങ്ങളുമായി ചലനമറ്റ അഞ്ച്‌ കുഞ്ഞുങ്ങള്‍. അഞ്ച്‌ പേരും ഒരൊറ്റ സ്‌ട്രച്ചറില്‍.
പ്രതിരോധ മന്ത്രി മോഷെ യാലോന്‍, സൈനിക മേധാവി ബെന്നി ഗാന്റ്‌സ്‌, വേണ്ടത്ര സ്‌ട്രച്ചറില്ലാത്തത്‌ കാരണം അറുകൊല ചെയ്യപ്പെട്ട എല്ലാ കുഞ്ഞുങ്ങളെയും ഒരു സ്‌ട്രച്ചറില്‍ കൂട്ടിയിടാന്‍ എതിരാളി നിര്‍ബന്ധിതമാകുന്നതാണ്‌ വിജയമെങ്കില്‍ – നിങ്ങളാണ്‌ വിജയികള്‍. രാഷ്‌ട്രം നിങ്ങളെ അഭിനന്ദിക്കുന്നു.
`സുപ്രഭാതം, കഴിഞ്ഞ രാത്രി ശാന്തമായിരുന്നു’ – സൈനിക റേഡിയോ അവതാരകന്‍ വ്യാഴാഴ്‌ച രാവിലെ പ്രസന്നതയോടെ യാണ്‌ പ്രഖ്യാപിച്ചത്‌. ഈ ആഹ്ലാദ പ്രഖ്യാപനത്തിന്റെ തലേന്ന്‌ ഇസ്രയേലി സൈന്യം കൊന്നൊടുക്കിയത്‌ 80 പലസ്‌തീനികളെയാണ്‌. അവരില്‍ 64 പേര്‍ സിവിലയന്മാരായിരുന്നു. പതിനഞ്ച്‌ കുട്ടികളും അഞ്ച്‌ വനിതകളും. ഇസ്രയേല്‍ കരസേനയുടെ വെടിവെപ്പും ബോംബ്‌ -ഷെല്‍ വര്‍ഷങ്ങളും കാരണമായി കുറഞ്ഞത്‌ മുപ്പത്‌ പേരെങ്കിലും ആ `ശാന്തമായ’ രാത്രിയിലാണ്‌ മരിച്ചത്‌. പരിക്കേറ്റവരുടെ എണ്ണമോ തകര്‍ത്ത വീടുകളുടെ എണ്ണമോ ഇതില്‍ വരുന്നില്ല.

വിജയം അളക്കുന്നതിന്‌ അടിസ്ഥാനം രണ്ടാഴ്‌ചക്കകം തുടച്ചുനീക്കപ്പെട്ട കുടുംബങ്ങളുടെ – കുട്ടികളും രക്ഷിതാക്കളും, രക്ഷിതാക്കളിലൊരാളും കുട്ടികളും, മുത്തശ്ശിയും മകനും മരുമക്കളും കൊച്ചുമക്കളും, സഹോദരങ്ങളും അവരുടെ മക്കളും തുടങ്ങി ഏത്‌ തരത്തിലുമാകാം – എണ്ണമാണെങ്കില്‍, അതിലും മേല്‍ക്കൈ നമുക്കുണ്ട്‌. ഓര്‍മയില്‍ നിന്നും ഇതാ ചില പേരുകള്‍: അല്‍ നജ്ജാര്‍, കറാവാ, അബുജാമി, ഗന്നേം, ഖന്നാന്‍, ഹമദ്‌, അല്‍ സലിം, അല്‍ അസ്‌താല്‍, അല്‍ ഹല്ലാഖ്‌, ശൈഖ്‌ ഖലില്‍, അല്‍ കിലാനി. ഈ കുടുംബങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്‌ചക്കകം ഇസ്രയേലി ബോംബ്‌ വര്‍ഷത്തില്‍ അതിജീവിച്ചത്‌ ചുരുക്കം ചിലര്‍ മാത്രമാണ്‌. ഇപ്പോള്‍ അവര്‍ക്ക്‌ മരിച്ചവരോട്‌ അസൂയയാണ്‌.

പൂച്ചെണ്ടുകള്‍ നമ്മുടെ നിയമവിദഗ്‌ധര്‍ക്ക്‌ നല്‍കാന്‍ നാം മറന്ന്‌ പോകരുത്‌. അവരെ കൂടാതെ ഇസ്രയേലി സൈന്യം ഒരു നീക്കവും നടത്താറില്ല. ഒഴിഞ്ഞതായാലും, താമസക്കാര്‍ നിറഞ്ഞതായാലും ഒരു വീട്‌ ഒന്നാകെ നശിപ്പിക്കുന്നത്‌ എളുപ്പത്തില്‍ ന്യായീകരിക്കപ്പെടുന്നത്‌ അവരിലൂടെയാണ്‌. ആ കുടുംബത്തിലെ ഒരംഗം, സഹോദരനോ അതിഥിയോ ഹമാസ്‌ സൈനിക, രാഷ്‌ട്രീയ വിഭാഗങ്ങളിലെ സീനിയറോ ജൂനിയറോ ആയ അംഗമെന്ന നിലയില്‍ ലക്ഷ്യമായി ഇസ്രയേല്‍ ചിത്രീകരിക്കുന്നതോടെ..

ഇസ്രയേലിന്‌ പിന്തുണ നല്‍കുന്ന സ്വന്തം രാജ്യത്തിന്റെ നിലപാടില്‍ ഞെട്ടലുള്ള ഒരു പാശ്ചാത്യന്‍ നയതന്ത്ര പ്രതിനിധി എന്നോട്‌ പറഞ്ഞു: ` ഇത്‌ രാജ്യാന്തര നിയമം അനുസരിച്ച്‌ നിയമാനുസൃതമാണെങ്കില്‍, ആ നിയമവ്യവസ്ഥയില്‍ എന്തോ ചീഞ്ഞുനാറുന്നുവെന്നതിന്റെ ലക്ഷണമാണത്‌’.

ഒരു പൂച്ചെണ്ട്‌ ഇസ്രയേലിലെയും അമേരിക്കയിലെയും ഒരുപക്ഷെ ഇംഗ്ലണ്ടിലെയും സവിശേഷ നിയമ വിദ്യാകേന്ദ്രങ്ങളില്‍ നിന്നും ബിരുദധാരികളായ നമ്മുടെ ഉപദേശകര്‍ക്ക്‌ കൂടി. പരിക്കേററവരുടെ സമീപമെത്തുന്നത്‌ തടയാന്‍ പലസ്‌തീനിയന്‍ രക്ഷാ സംഘങ്ങള്‍ക്ക്‌ നേരെ വെടിയുതിര്‍ക്കുന്നത്‌ അനുവദനീയമാകുന്നത്‌ എങ്ങിനെയെന്ന്‌ ഉപദേശം നല്‍കുന്നത്‌ തീര്‍ച്ചയായും അവരാണ്‌. കഴിഞ്ഞ രണ്ടാഴ്‌ചക്കകം പരിക്കേറ്റവര്‍ക്ക്‌ ശുശ്രൂഷ നല്‍കുന്നതിനുള്ള വഴിയില്‍ മെഡിക്കല്‍ സംഘങ്ങളിലെ ഏഴംഗങ്ങളാണ്‌ ഇസ്രയേലി സൈന്യത്തിന്റെ വെടിയേറ്റ്‌ മരിച്ചത്‌. കഴിഞ്ഞ വെള്ളിയാഴ്‌ച മാത്രം രണ്ട്‌ പേര്‍ മരണമടഞ്ഞു. പതിനാറ്‌ പേര്‍ക്ക്‌ പരിക്കേറ്റു. ഇസ്രയേല്‍ സൈന്യത്തിന്റെ വെടിവെപ്പ്‌ കാരണം അപകട സ്ഥലങ്ങളിലേക്ക്‌ വാഹനമോടിക്കാനാവാതെ മെഡിക്കല്‍ ടീമുകളെ തടഞ്ഞ സംഭവങ്ങള്‍ ഇതിന്‌ പുറമെ.
തീര്‍ച്ചയായും സൈന്യം പറയുന്ന അതേ വാക്കുകള്‍ – `ഭീകരര്‍ ആംബുലന്‍സുകളില്‍ ഒളിച്ചിരിക്കുന്നു’വെന്ന്‌ – നിങ്ങള്‍ ആവര്‍ത്തിക്കുമെന്നുറപ്പ്‌. പാലസ്‌തീനികള്‍ക്ക്‌ സത്യത്തില്‍ തങ്ങളുടെ പരിക്കേറ്റവരെ രക്ഷിക്കണമെന്ന്‌ ആഗ്രഹമില്ലെന്ന്‌, പരിക്കേറ്റവര്‍ ചോരവാര്‍ന്ന്‌ മരിക്കുന്നത്‌ ഈ നാശനഷ്‌ടങ്ങള്‍ക്കിടയില്‍ തടയാന്‍ അവര്‍ക്ക്‌ താല്‍പര്യമില്ലെന്നാണോ നിങ്ങള്‍ കരുതുന്നത്‌? നമ്മുടെ വിഖ്യാതമായ ചാരവിഭാഗം, ഇക്കഴിഞ്ഞ കാലമത്രയും തുരങ്കങ്ങളുടെ സംഘാതം കണ്ടെത്താനാവാതിരുന്നവര്‍, അവര്‍ക്ക്‌ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയേറ്റ, മുറിവേറ്റവരെ രക്ഷിക്കാനുള്ള യാത്രക്കിടയില്‍ വഴിയില്‍ തടയപ്പെട്ട ഓരോ ആംബുലന്‍സിലും അകത്ത്‌ സത്യത്തില്‍ സായുധ പലസ്‌തീനിയാണെന്ന്‌ ഉറപ്പായും അറിയുമായിരുന്നുവെന്നോ? പരിക്കേറ്റ ഒരു സൈനികനെ രക്ഷിക്കാനായി ഒരു പ്രദേശമാകെ ഷെല്‍ വര്‍ഷിക്കുന്നത്‌ അനുവദനീയമാകുകയും, തകര്‍ന്ന അവശിഷ്‌ടങ്ങള്‍ക്കിടയില്‍ അടക്കപ്പെട്ട ഒരു പ്രായംചെന്ന പലസ്‌തീനിയെ രക്ഷിക്കുന്നത്‌ അനുവദനീയം അല്ലാതാകുകയും ചെയ്യുന്നത്‌ എങ്ങിനെയാണ്‌? തന്റെ പ്രദേശം കൈയടക്കിയ ഒരു വിദേശ സേനയെ നേരിടുന്നതിനിടെ പരിക്കേറ്റ ഒരു സൈനികനെ, കൃത്യമായി പറഞ്ഞാല്‍ പലസ്‌തീന്‍ പോരാളിയെ രക്ഷപ്പെടുത്തുന്നത്‌ എങ്ങിനെയാണ്‌ നിരോധിതമാകുക.
വിജയം അളക്കുന്നതിന്‌ അടിസ്ഥാനം 1.8 ദശലക്ഷം ജനതയെ, ജീവിതകാലത്തുനീളം ഏത്‌ നിമിഷവും വധിക്കപ്പെടാമെന്ന ഭീതിയില്‍ കഴിയുന്നതിന്‌ (അതും ആദ്യമായല്ല) കാരണമാകുന്നതാണെങ്കില്‍ – എങ്കില്‍ വിജയം നിങ്ങളുടേതാണ്‌. ഈ വിജയങ്ങള്‍ ഒരു ആത്മപരിശോധനക്കും തയാറാവാത്ത നമ്മുടെ സമാജത്തിന്റെ ധാര്‍മിക, നിതീശാസ്‌ത്രപരമായ പരാജയമാണ്‌.
ഇതൊരു സമാജമാണ്‌, കൊല്ലപ്പെട്ട തങ്ങളുടെ നാല്‍പ്പതിലേറെ സൈനികരെക്കുറിച്ച്‌ സ്വാഭാവികമായും അനുശോചിക്കുകയും, അതേ സമയം നാം ആക്രമിക്കുന്ന ജനതയുടെ ദുരിതങ്ങളും ധാര്‍മിക ധൈര്യവും പോരാട്ട വീര്യത്തെയും കുറിച്ച്‌ മനസും ഹൃദയവും ഒട്ടും അലിവില്ലാത്ത നിലപാടുള്ള സമാജമാണിത്‌. തങ്ങള്‍ക്ക്‌ എതിരായ ശക്തി സന്തുലനത്തിന്റെ വൈപുല്യം മനസിലാക്കാത്ത ഒരു സമാജം.
ഗസയില്‍ നിന്നുള്ള ഒരു സുഹൃത്ത്‌ എഴുതി: “എല്ലാ ദുരിതങ്ങളിലും മരണങ്ങളിലും ദയയുടെയും മൃദുലതയുടെയും ഒട്ടേറെ പ്രകടഭാവങ്ങളുണ്ട്‌. ജനങ്ങള്‍ അന്യോന്യം പരിഗണന നല്‍കുന്നു, പരസ്‌പരം ആശ്വസിപ്പിക്കുന്നു, വിശേഷിച്ചും തങ്ങളുടെ രക്ഷിതാക്കളെ പിന്തുണക്കുന്നതിന്‌ ഏറ്റവും മികച്ച വഴി തേടുന്ന കുഞ്ഞുങ്ങള്‍. ഭീതിപ്പെടുത്തുന്ന ചുറ്റുപാടുകളില്‍ ശ്രദ്ധതിരിക്കാനായി തങ്ങളുടെ കൊച്ചനിയന്മാരെയു അനിയത്തിമാരെയും കെട്ടിപ്പിടിച്ച്‌ ആശ്വസിപ്പിക്കുന്ന
പത്ത്‌ വയസിലേറെ പ്രായം തോന്നാത്ത നിരവധി കുഞ്ഞുങ്ങളെ ഞാന്‍ കണ്ടു. വളരെ ചെറുപ്പത്തില്‍ തന്നെ അവര്‍ മറ്റുള്ളവരുടെ കാര്യങ്ങളില്‍ ശ്രദ്ധാലുക്കളാവുന്നു. തന്റെ രക്ഷിതാവിനെ, വല്യുമ്മയെ, സുഹൃത്തിനെ, അമ്മായിയെ, അയല്‍വാസിയെ നഷ്‌ടമാകാവാത്ത ഒരു കുഞ്ഞിനെ പോലും എനിക്ക്‌ കാണാനായില്ല.