ദമാം തര്‍ഹീലില്‍ തടവില്‍ കഴിഞ്ഞ 19 ഇന്ത്യക്കാര്‍ നാട്ടിലെത്തി

ദമാം – തൊഴില്‍ – ആഭ്യന്തര മന്ത്രാലയങ്ങളും ജവാസാത്തും നടത്തിയ ശക്തമായ പരിശോധനയില്‍ പിടിയിലായി കിഴക്കന്‍ പ്രവിശ്യയിലെ ദമാം ഡിപോര്‍ട്ടേഷന്‍ സെന്ററില്‍ (തര്‍ഹീല്‍) തടവില്‍ കഴിഞ്ഞിരുന്ന അഞ്ച്‌ മലയാളികളടക്കം പത്തൊമ്പത്‌ ഇന്ത്യക്കാര്‍ നാട്ടിലേക്ക്‌ മടങ്ങി. ഇബ്രാഹിം പുലാക്കല്‍ (കൊളത്തൂര്‍) ഭാസി കൊച്ചു നാരായണന്‍ ( കിളിമാനൂര്‍ വെള്ളല്ലൂര്‍), റഫീഖ്‌ പണിക്കവീട്ടില്‍ (ഒറ്റപ്പാലം), സജികുമാര്‍ സുമതി (ചാത്തനൂര്‍), ഉമര്‍ ഫാറൂഖ്‌ കുറുങ്ങാട്ടി (കണ്ണൂര്‍) എന്നിവരാണ്‌ നാട്ടിലേക്ക്‌ മടങ്ങിയ മലയാളികള്‍. തമിഴ്‌നാട്‌ (മൂന്ന്‌), ആന്ധ്രപ്രദേശ്‌ (രണ്ട്‌), രാജസ്ഥാന്‍ (ആറ്‌ പേര്‍) ഹിമാചല്‍ പ്രദേശ്‌ (മൂന്ന്‌ ) സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്‌ മറ്റുള്ളവര്‍.
തര്‍ഹീലില്‍ കിടന്ന്‌ നിരവധി പേര്‍ രോഗബാധിതരായതിനെത്തുടര്‍ന്ന്‌ തര്‍ഹീല്‍ മേധാവി മേജര്‍ നാസര്‍ മുഹമ്മദ്‌ അല്‍ ദോസരിയുടെ ശ്രദ്ധയില്‍ പെടുത്തി സാമൂഹിക പ്രവര്‍ത്തകനായ നാസ്‌ വക്കം രണ്ട്‌ മാസം മുമ്പ്‌ ഇവരെ സ്വന്തം ജാമ്യത്തില്‍ പുറത്തിറക്കിയതായിരുന്നു. ബുധനാഴ്‌ച പുലര്‍ച്ചെ ദല്‍ഹിയിലേക്കുള്ള സൗദിയ എയര്‍ ലൈന്‍സ്‌ വിമാനത്തില്‍ നാട്ടിലേക്ക്‌ തിരിച്ച പത്തൊമ്പത്‌ പേരെയും യാത്രയയക്കാനും നാസ്‌ എത്തിയിരുന്നു.
ദല്‍ഹയില്‍ വിമാനമിറങ്ങുന്ന ഇവരില്‍ മലയാളികളെ സ്വീകരിച്ച്‌ കേരളത്തിലെത്തിക്കുന്നതിന്‌ ആവശ്യമായ നടപടി സ്വീകരിക്കണമമെന്ന്‌ അഭ്യര്‍ത്ഥിച്ച്‌ നോര്‍ക്കയുമായി ബന്ധപ്പെട്ടതായി നാസ്‌ വക്കം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *