ഖതീഫില്‍ പൊള്ളലേറ്റ്‌ ചികിത്സയില്‍ കഴിഞ്ഞ മലയാളി യുവാവ്‌ മരിച്ചു

ദമാം – ഖതീഫ്‌ മത്സ്യമാര്‍ക്കറ്റിന്‌ സമീപം തൗഫീഖ്‌ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ ഗുരുതരമായി പൊള്ളലേറ്റ്‌ ആറ്‌ ദിവസത്തോളം ആശുപത്രിയിലായിരുന്ന മലപ്പുറം വാളക്കുളം വെണ്ണിയൂര്‍ നന്നമ്പ്ര അബ്‌ദു (40) മരിച്ചു. ഇന്നലെ പുലര്‍ച്ചെ അഞ്ചര മണിയോടെയായിരുന്നു മരണമെന്ന്‌ സുഹൃത്തുക്കള്‍ അറിയിച്ചു. തീപിടുത്തതില്‍ 75 ശതമാനം പൊള്ളലേറ്റ അബ്‌ദുവിന്റെ നില ഗുരുതരമായി തുടരുകയാണെന്ന്‌ മലയാളം ന്യൂസ്‌ (ജുലൈ 16) വാര്‍ത്ത നല്‍കിയിരുന്നു.
ഒരു കിടപ്പാടം എന്ന സ്വപ്‌നം സാക്ഷാത്‌കരിക്കാനാവാതെയാണ്‌ അബ്‌ദുവിന്റെ മരണം. മൂന്നര വര്‍ഷത്തോളമായി നാട്ടില്‍ പോയിട്ടില്ല.
പത്ത്‌ വര്‍ഷത്തോളമായി സൗദിയില്‍ ജോലി ചെയ്യുന്ന അബ്‌ദു നേരത്തെ ദമാം ഷാര്‍ജ ഹോട്ടലില്‍ ജോലി ചെയ്‌തിരുന്നു. മൂന്നര വര്‍ഷമായി ഖതീഫില്‍ പൊന്നാനി വെളിയംകോട്‌ സ്വദേശിയുടെ മാനേജ്‌മെന്റിലുള്ള തൗഫീഖ്‌ ഹോട്ടലില്‍ പാചകക്കാരനാണ്‌. വന്‍ തുക ചിലവഴിച്ച്‌ വിസ മാറ്റുന്നതിനുള്ള രേഖകള്‍ നേടി ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നതിനിടക്കാണ്‌ അപകടം.
തൗഫീഖ്‌ ഹോട്ടല്‍ ഏതാണ്ട്‌ രണ്ട്‌ മാസം മുമ്പാണ്‌ പുതിയ സ്ഥലത്ത്‌ പ്രവര്‍ത്തനം ആരംഭിച്ചത്‌. നോമ്പ്‌തുറക്ക്‌ ഹോട്ടലില്‍ സാധനങ്ങള്‍ ഒരുക്കുന്നതിന്‌ വെള്ളിയാഴ്‌ച രാവിലെ ഒമ്പതര മണിയോടെ എത്തിയതായിരുന്നു അബ്‌ദു. ഏതാനും ഗ്യാസ്‌ സിലിണ്ടറുകളും സൂക്ഷിച്ച മുറിയില്‍ ഗ്യാസ്‌ ലീക്കുണ്ടായിരുന്നത്‌ അറിയാതെ സ്വിച്ചിട്ടതാണ്‌ വിനയായത്‌. ഇതോടെ മുറിയില്‍ കത്തിപ്പിടിച്ച തീ ദേഹത്ത്‌ പടര്‍ന്നു. ആസ്‌ത്‌മ രോഗിയായ അബ്‌ദു പുക ശ്വസിക്കാനും ഇടയായതാണ്‌ സ്ഥിതി ഗുരുതരമാകുന്നതിന്‌ കാരണമായത്‌. ആറ്‌ ദിവസമായി ഖതീഫ്‌ സെന്‍ട്രല്‍ ആശുപത്രിയില്‍ പൊള്ളലേറ്റവര്‍ക്കുള്ള തീവ്ര പരിചരണ വിഭാഗത്തില്‍ കഴിഞ്ഞ അബ്‌ദുവിന്റെ ദേഹം മരുന്നിനോട്‌ പ്രതികരിക്കുന്നില്ലെന്ന്‌ ഡോക്‌ടര്‍മാര്‍ വെളിപ്പെടുത്തിയിരുന്നു.
അഹ്‌മദ്‌ കുട്ടി ഹാജി – കുഞ്ഞിപ്പാത്തുമ്മ ദമ്പതികളുടെ മകനാണ്‌. ഭാര്യ: സക്കീന, അര്‍ഷിദ്‌ (14) സലീമ (11) എന്നിവര്‍ മക്കളാണ്‌. ജിദ്ദയില്‍ ജോലി ചെയ്യുന്ന ജ്യേഷ്‌ഠന്‍ മൊയ്‌തീന്‍ അപകടവിവരമറിഞ്ഞ്‌ ഖതീഫിലെത്തിയിരുന്നു. ഖഫ്‌ജിയിലുള്ള സഹോദരന്‍ ഇപ്പോള്‍ ഖതീഫിലുണ്ട്‌.
കെ.എം.സി.സി. ഖതീഫ്‌ ഘടകം നേതാക്കളായ അഷ്‌റഫ്‌ ചാലാട്‌, അബ്‌ദുല്‍ അസീസ്‌ (വെല്‍ഫെയര്‍ വിഭാഗം) തുടങ്ങിയവര്‍ ആശുപത്രിയിലെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *