കരള്‌ വേവുന്ന ചൂടിലും ദമാമില്‍ മുന്നൂറോളം ഇന്ത്യക്കാര്‍ ആന്ധ്രാ പാര്‍ക്കില്‍!!

കൊടും ചൂടിലും ദമാമില്‍ ആന്ധ്രാ പാര്‍ക്കിലും സമീപത്തെ ഈത്തപ്പന മരത്തണലിലും കഴിയുന്ന അനധികൃത താമസക്കാരായ ഇന്ത്യക്കാര്‍.

ദമാം – നട്ടുച്ചക്ക്‌ കരള്‌ വേവുന്ന ചൂടില്‍ ഈത്തപ്പനയുടെ തണല്‍, രാത്രി കിടക്കുന്നത്‌ കോണ്‍ഗ്രീറ്റ്‌ തറയിലും, പുല്ലിലും, ചട്ടകളിലും. നാട്ടിലെത്താനുള്ള അവസരം കാത്ത്‌ നൂറു കണക്കിന്‌ ഇന്ത്യക്കാരാണ്‌ ദമാമില്‍. നഗരഹൃദയത്തില്‍ സീകോ ബില്‍ഡിംഗിന്‌ സമീപം ആന്ധ്രാ പാര്‍ക്കിലും സമീപത്തെ ഈത്തപ്പന മരത്തണലുകളിലുമാണ്‌ ഇവര്‍ തങ്ങുന്നത്‌. മനസിനുള്ളില്‍ ഇത്തിരിയെങ്കിലും കാരുണ്യം അവശേഷിക്കുന്നവര്‍ക്ക്‌ ആ കാഴ്‌ച വേദനയുളവാക്കും. സുമനസുകളുടെ സഹകരണത്തോടെ വിവിധ സാമൂഹിക – സാംസ്‌കാരിക കൂട്ടായ്‌മകള്‍ നല്‍കുന്ന ഭക്ഷണമാണ്‌ മിക്കവരുടെയും ആശ്രയം. രണ്ട്‌ മാസത്തിലേറെയായി ഇവിടെ കഴിയുന്നവരുണ്ട്‌.
മൂന്നൂറോളം പേര്‍ ഇപ്പോഴും ഇവിടെ കഴിയുന്നതായി സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. കാര്‍പാര്‍ക്കിംഗിലും സമീപത്തെ കടത്തിണ്ണകളിലും തെരുവോരങ്ങളിലുമായി കഴിച്ചുകൂട്ടുന്നവരില്‍ ഏറെയും യു.പി, ബീഹാര്‍, രാജസ്ഥാന്‍, ദല്‍ഹി, പഞ്ചാബ്‌, ബംഗാള്‍ തുടങ്ങി വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്‌. ആവശ്യമായ അളവില്‍ ഭക്ഷണവും കുടിവെള്ളവും ഇല്ലാത്തതും, കനത്ത ചൂടും കാരണം പലരും രോഗികളായി മാറുന്നതായി സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. ഏറെ പേരുടെയും സ്ഥിതി ദയനീയമാണ്‌.
നിതാഖാത്തുമായി ബന്ധപ്പെട്ട്‌ സൗദി ഭരണകൂടം കര്‍ശനമായ പരിശോധനകള്‍ ആരംഭിച്ചതോടെയാണ്‌ വിവിധ പ്രദേശങ്ങളില്‍ നിന്നായി അനധികൃത താമസക്കാര്‍ ദമാമിലെത്തി ആന്ധ്ര പാര്‍ക്കില്‍ തമ്പടിച്ചത്‌. വിസ കാലാവധി തീര്‍ന്നവരും, സ്‌പോണ്‍സറില്‍ നിന്നും ഒളിച്ചോടിയവരുമെല്ലാം ഇവരിലുണ്ട്‌. പിന്നീട്‌ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോഴും നാട്ടിലെത്താന്‍ എക്‌സിറ്റ്‌ ലഭിക്കുന്നതിന്‌ ഇഖാമ ലഭിച്ച സ്ഥലത്ത്‌ തന്നെ സമീപിക്കണമെന്ന്‌ വ്യവസ്ഥ വന്നു. ഇതോടെയാണ്‌ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അത്തരക്കാരുടെ ഒഴുക്കുണ്ടായത്‌. അനധികൃത താമസക്കാരായ ഇന്ത്യക്കാരില്‍ ഏറെ പേരും ഇ.സി. നേടി തര്‍ഹീലില്‍ നിന്നും എക്‌സിറ്റിന്‌ കാത്തിരിക്കുന്നവരാണ്‌.
ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും പരിചിതരുമുള്ളവര്‍ അവരോടൊപ്പം കൂടിയപ്പോള്‍ ഇതൊന്നുമില്ലാത്തവര്‍ക്ക്‌ എവിടെയും ആശ്രയമുണ്ടായില്ല. കൊടും ചൂടില്‍ നരകിക്കുന്ന ഈ ഇന്ത്യക്കാര്‍ക്ക്‌ താത്‌കാലിക താമസത്തിന്‌ ഷെല്‍ട്ടര്‍ ഒരുക്കണമെന്ന ആവശ്യം ഏറെ നാളായി ഉയരുന്നതാണ്‌. മാനുഷിക പരിഗണന മുന്‍നിര്‍ത്തി സൗദി അധികൃതരുമായി ഇന്ത്യന്‍ എംബസി ബന്ധപ്പെട്ടാല്‍ പ്രശ്‌നത്തിന്‌ പരിഹാരം കണ്ടെത്താനാവുമെന്ന്‌ സാമൂഹിക പ്രവര്‍ത്തകര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.