സംസ്ഥാനത്തിന്റെ പ്രവാസിക്ഷേമ പദ്ധതികള്‍ക്ക്‌ രാഷ്‌ട്രീയ ലക്ഷ്യം മാത്രം: തിരുവഞ്ചൂര്‍, പന്തളം

ദമാം: സംസ്ഥാന സര്‍ക്കാരിന്റെ പ്രവാസിക്ഷേമ പദ്ധതികള്‍ക്ക്‌ രാഷ്‌ട്രീയലക്ഷ്യം മാത്രമാണുള്ളതെന്നും അവ പൂരപ്പറമ്പിലെ പടക്കം പോലെ ബഹളം മാത്രമാണെന്നും മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ഷന്‍ എം.എല്‍.എ. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രവാസി വോട്ടവകാശവും, മൃതദേഹം സൗജന്യമായി എയര്‍ ഇന്ത്യയില്‍ നാട്ടിലെത്തിക്കുന്നതും , പുനരധിവാസ നടപടികളെക്കുറിച്ച നീക്കങ്ങളും കേന്ദ്ര ഭരണകൂടത്തിന്റെ പ്രവാസി താല്‍പ്പര്യം വെളിപ്പെടുത്തുന്നതാണെന്ന്‌ ദമാമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഇതിന്‌ മറയിടാന്‍ ചില നീക്കങ്ങളാണ്‌ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്‌. ഒരു വര്‍ഷം മാത്രം കാലാവധിയുള്ള ഇടത്‌ സര്‍ക്കാര്‍ അഞ്ച്‌ വര്‍ഷത്തേക്കുള്ള പദ്ധതി പ്രഖ്യാപിക്കുന്നത്‌ എമ്പാന്റെ വിളക്കത്ത്‌ അത്താഴം എന്ന്‌ പറഞ്ഞത്‌ പോലുള്ള നടപടിയാണെന്നും ഇത്‌ ശരിയല്ലെന്നം അദ്ദേഹം തുറന്നടിച്ചു.
ഇടത്‌പക്ഷം നല്ല കാര്യം ചെയ്‌താല്‍ പോസിറ്റീവ്‌ ആയി കാണും. മുന്‍ മന്ത്രി പന്തളം സുധാകരനും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ആദ്യമായി സൗദിയിലെത്തുന്നതിലുള്ള ആഹ്ലാദം ഇരുവരും പ്രകടിപ്പിച്ചു. സ്വന്തം സംസ്‌കാരവും നിലനിര്‍ത്തി സൗദി സമൂഹവുമായി ഇഴുകിച്ചേര്‍ന്ന്‌ നല്ല രീതിയില്‍ മുന്നോട്ട്‌പോകുന്ന മലയാളി സമൂഹത്തെ ഇരു നേതാക്കളും പ്രശംസിച്ചു. എംബസിയില്‍ മലയാളി ഓഫീസര്‍മാരുടെ കുറവ്‌, വനിതാ ഓഫീസര്‍മാരുടെ അഭാവം, പന്ത്രണ്ടാം ക്ലാസിന്‌ ശേഷം തുടര്‍പഠന സൗകര്യം ഇല്ലായ്‌മ തുടങ്ങി എയര്‍ ഇന്ത്യയുടെ അനാസ്ഥ വരെ തങ്ങളുടെ ശ്രദ്ധയില്‍ പെടുത്തിയതായി അവര്‍ പറഞ്ഞു. ഇടത്തരക്കാരായ പ്രവാസികള്‍ക്ക്‌ അഞ്ചിരട്ടി വരുന്ന എന്‍.ആര്‍.ഐ. ക്വാട്ടയിലെ ഫീസ്‌ താങ്ങാവുന്നതല്ലെന്ന്‌ തിരുവഞ്ചൂര്‍ പറഞ്ഞപ്പോള്‍ മക്കളുടെ വിദ്യാഭ്യാസ കാര്യത്തില്‍ വിദേശ മലയാളികളെ പിഴിയുകയാണെന്ന്‌ പന്തളം സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
സമ്പൂര്‍ണമായ പ്രവാസി കാര്യ വകുപ്പ്‌ വേണം. പ്രവാസികള്‍ക്ക്‌ പരാതി നല്‍കാന്‍ കേന്ദ്രം ആരംഭിക്കുകയും നിയമനടപടികള്‍ക്ക്‌ സാധ്യമാവുകയും വേണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. എയര്‍ ഇന്ത്യയെക്കുറിച്ചുള്ള പരാതികള്‍ ശ്രദ്ധയില്‍ പെട്ടു. എന്നാല്‍ ദമാമിനോട്‌ വിവേചനം കാണിക്കുന്നുവെന്ന്‌ പറയുന്നത്‌ ശരിയല്ലെന്നും, എല്ലായിടത്തും ഇത്‌ തന്നെയാണ്‌ അവസ്ഥയെന്നും പന്തളം സുധാകരന്‍ അഭിപ്രായപ്പെട്ടു. പണ്ട്‌ തീവണ്ടി വരുന്നത്‌ പോലെ തോന്നിയ സമയത്താണ്‌ വിമാനം എത്തുന്നത്‌.
തങ്ങളുടേത്‌ സുഹൃത്തുക്കളെയും നാട്ടുകാരെയും കാണുന്നതിനുള്ള സ്വകാര്യ സന്ദര്‍ശനമാണെന്ന്‌ വ്യക്തമാക്കിയ തിരുവഞ്ചൂര്‍ കമ്യൂണിസ്റ്റ്‌ നാടുകള്‍ ഒഴിവാക്കി പിണറായി വിജയന്‍ ഗള്‍ഫ്‌ നാടുകളില്‍ പര്യടനം നടത്തുന്നതിനെയാണ്‌ താന്‍ ചോദ്യംചെയ്‌തതെന്ന്‌ വ്യക്തമാക്കി.
നിയമപരമായി മാത്രം സര്‍ക്കാര്‍ നിലനില്‍ക്കുകയാണ്‌. ഫലത്തില്‍ സര്‍ക്കാരില്ല.
നൂറോളം മണ്‌ഡലങ്ങളില്‍ ഇടത്‌പക്ഷത്തിന്‌ ജനപിന്തുണ നഷ്‌ടമായി. ലോകസഭാ തിരഞ്ഞെടുപ്പില്‍ പത്ത്‌ ലക്ഷം വോട്ടുകള്‍ യു.ഡി.എഫ്‌ കൂടുതല്‍ നേടി.
വിദ്യാഭ്യാസ രംഗം കരിമ്പിന്‍ കൂട്ടത്തില്‍ ആന കയറിയത്‌ പോലെയായിരിക്കുന്നു. സ്വാശ്രയ കോളേജുകള്‍ക്കെതിരെ സി.പി.എം. സമരം ചെയ്‌ത്‌ മന്ത്രിയെ തടഞ്ഞ്‌ സമരം ചെയ്‌ത്‌ വെടിവെപ്പ്‌ വരെയുണ്ടായി. അടുത്ത വര്‍ഷം സ്വാശ്രയ എഞ്ചിനിറിയംഗ്‌ കോളേജിന്റെ അംഗീകാരത്തിനുള്ള അപേക്ഷയില്‍ ഒന്ന്‌ സി.പി.എമ്മിന്റേതാണെന്ന്‌ തിരുവഞ്ചൂര്‍ വെളിപ്പെടുത്തി.
മറ്റ്‌ സംസ്ഥാനങ്ങളിലെ സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക്‌ അനുകുലമായ സാഹചര്യം ഒരുക്കാനാണ്‌ കേരളത്തിലെ സ്ഥാപനങ്ങളിലെ പ്രവേശന സമയത്ത്‌ അസ്വസ്ഥത സൃഷ്‌ടിക്കുന്നതെന്ന്‌ തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി. മറ്റ്‌ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ ലോബിയുടെ പരസ്യങ്ങളാണ്‌ പാര്‍ടി മുഖപത്രം പ്രസിദ്ധീകരിച്ച എഡു പ്ലാന്‍ എന്ന സമാഹാരത്തിലെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.
യൂത്ത്‌ കോണ്‍ഗ്രസിന്‌ സ്വന്തമായ അഭിപ്രായം തുറന്ന്‌ പറയാന്‍ സ്വാതന്ത്ര്യമുണ്ട്‌. വലിയ സാമൂഹിക പരിവര്‍ത്തന ശക്തിയാണ്‌ യൂത്ത്‌ കോണ്‍ഗ്രസെന്നും ആ പാരമ്പര്യം തുടരുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. തങ്ങള്‍ ഭാരവാഹികളായിരുന്നപ്പോഴും അഭിപ്രായങ്ങള്‍ തുറന്ന്‌ പറഞ്ഞിരുന്നുവെന്ന്‌ സുധാകരനും കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസില്‍ പ്രവേശിക്കാന്‍ മുരളി ഹൈക്കമാന്റുമായാണ്‌ ബന്ധപ്പെട്ടത്‌. ഹൈക്കമാന്റ്‌ പറയുന്ന തീരുമാനം അംഗീകരിക്കുമെന്ന്‌ ചോദ്യത്തിന്‌ തിരുവഞ്ചൂര്‍ മറുപടി നല്‍കി.
ഓ.ഐ.സി.സി. മുഖ്യരക്ഷാധികാരി അഹമ്മദ്‌ പുളിക്കല്‍, പ്രസിഡന്റ്‌ സി. അബ്‌ദുല്‍ ഹമീദ്‌, ജനറല്‍ സെക്രട്ടറി ബിജു കല്ലുമല, മീഡിയാ ജനറല്‍ കണ്‍വീനര്‍ ജവാദ്‌ മൗലവി, വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ പ്രതിനിധി സാം മാത്യു എന്നിവര്‍ സന്നിഹിതരായിരുന്നു.




BACK

Email this page to a friend

Home | Gallery | About Me | Comments | Contact Me