വിജ്ഞാന വിരുന്നൊരുക്കി ദമാമില്‍ മുന എക്‌സ്‌പോ

ദമാം: അല്‍ മുന സ്‌കൂളില്‍ ഒരുക്കിയ അല്‍ മുന എക്‌സ്‌പോ 2009 സമാപിച്ചു. ലോകം, ഇന്ത്യ, കേരളം, സൗദി, വിവിധ ശാസ്‌ത്ര ശാഖകള്‍, വിവിധ ഭാഷകള്‍ തുടങ്ങി അറിവിന്റെ വിശാലമായ വാതായനങ്ങളാണ്‌ നാല്‍പ്പതോളം സ്റ്റാളുകളിലായി മേളയില്‍ ഒരുക്കിയത്‌. വൈകുന്നേരം നാല്‌ മണി മുതല്‍ ഒമ്പത്‌ മണി വരെയാണ്‌ പ്രദര്‍ശനം കാണുന്നതിന്‌ സമയം നല്‍കിയത്‌. രണ്ട്‌ ദിവസങ്ങളിലായി രക്ഷിതാക്കളും കുടുംബിനികളുമുള്‍പ്പെടെ അയ്യായിരത്തോളം പേര്‍ പ്രദര്‍ശനം കണ്ടതായി സംഘാടകര്‍ വെളിപ്പെടുത്തി.
കെ.ജി. വിഭാഗത്തിന്റെ ഡിസ്‌നി വേള്‍ഡ്‌, ഓഷ്യാന, ഡോറ ദി എക്‌സ്‌പ്ലൊറര്‍, ആര്‍ട്‌ ഗാലറി, ഇംഗ്ലീഷ്‌, ഹിന്ദി, ഉര്‍ദു വിഭാഗങ്ങളുടെ എന്നീ സ്റ്റാളുകളുണ്ട്‌. കാനനപാതയിലൂടെയാണ്‌ ശാസ്‌ത്ര ലോകത്തേക്കുള്ള പ്രവേശനം. ഹോം ഓഫ്‌ സാപ്പിയന്‍സ്‌, ഗ്രീന്‍ വില്ലേജ്‌, മാജിക്‌ വേള്‍ഡ്‌, സൂം റൂം, ഈ വിഭാഗത്തില്‍ വാഹനാപകടങ്ങളുടെ കാരണങ്ങളും ഒഴിവാക്കാനുള്ള മാര്‍ഗങ്ങളും ബോധം പകരുന്ന ഡെയ്‌ഞ്ചര്‍ സോണ്‍, തുടങ്ങിയവയും സാമൂഹിക ശാസ്‌ത്ര വിഭാഗത്തില്‍ മേരാ ഭാരത്‌ മഹാന്‍, നാനത്വത്തില്‍ ഏകത്വം, ക്ഷീരപഥം, ഫ്രിജിഡ്‌ സോണ്‍, അത്ഭുതങ്ങള്‍ ഒറ്റനോട്ടത്തില്‍ തുടങ്ങിയവയുമാണ്‌ ഒരുക്കിയിട്ടുള്ളത്‌. ഗണിതം, കമ്പ്യൂട്ടര്‍, ഫോട്ടോ ഗാലറി, ചിത്ര ഗാലറി സ്റ്റാളുകളും പ്രേക്ഷകരെ ആകര്‍ഷിക്കുന്നു. അറബി , സൗദി, ഇസ്‌ലാമിക സ്റ്റാളില്‍ ഖഹ്‌വ നല്‍കിയാണ്‌ അതിഥികളെ വരവേറ്റത്‌. കൊടുങ്ങല്ലൂരിലെ ആദ്യ പള്ളിയുടെ മാതൃക സ്റ്റാളിലുണ്ട്‌. കേരള സ്റ്റാളില്‍ നാടിന്റെ ചരിത്രവും വിനോദ സഞ്ചാര മേഖലകളും ചിത്രീകരിക്കുന്നു. പ്രത്യേക സ്റ്റാളില്‍ വള്ളം കളി ഒരുക്കിയിരിക്കുന്നു. അനധ്യാപക ജീവനക്കാര്‍ ഖലീല്‍ കണ്ണൂരിന്റെ നേതൃത്വത്തില്‍ തേക്കടി ബോട്ട്‌ ദുരന്തം ചിത്രീകരിച്ചു. വിജ്ഞേയമായ പ്രദര്‍ശനം കണ്ട്‌ എത്തുന്ന സന്ദര്‍ശകര്‍ക്ക്‌ തണുത്ത കാറ്റിന്റെയും ഇടിയുടെയും മിന്നലിന്റെയും പശ്ചാത്തലത്തില്‍ കനത്ത മഴയുടെ വിസ്‌മയവും ഒരുക്കിയിട്ടുണ്ട്‌.
ദാറുസ്സിഹ ഡിസ്‌പന്‍സറിയുടെയും ഐ.ടി.എല്‍ ടൂര്‍സ്‌ ആന്റ്‌ ട്രാവല്‍സിന്റെയും സ്റ്റാളുകളും മേളക്ക്‌ അനുബന്ധമായി പ്രവര്‍ത്തിച്ചിരുന്നു. ദാറുസ്സിഹയുടെ സ്റ്റാളില്‍ വ്യാഴാഴ്‌ച ഡോക്‌ടര്‍ കുര്യന്‍ (പീഡിയാട്രിഷ്യന്‍), ഡോ. സുമ (ഗൈനക്കോളജിസ്റ്റ്‌), ഡോ. ഫാതിമ (ജി. പി) എന്നിവരും വെള്ളിയാഴ്‌ച ഡോകടര്‍ ഉത്താന്‍കോയ, ഡോ. ശാന്തി, ഡോ. ബാബു എന്നിവരും വൈദ്യ പരിശോധനക്ക്‌ നേതൃത്വം നല്‍കി. സ്റ്റാള്‍ സന്ദര്‍ശകരില്‍ നിന്നും നറുക്കെടുത്ത്‌ അഞ്ച്‌ കുടുംബങ്ങള്‍ക്ക്‌ ഒരു വര്‍ഷത്തേക്ക്‌ സൗജന്യ കണ്‍സള്‍ട്ടേഷന്‍ നല്‍കുമെന്ന്‌ മാനേജ്‌മെന്റ്‌ അറിയിച്ചു. ആസ്വാദ്യമായ വിഭവങ്ങളുമായി ഫുഡ്‌കോര്‌ട്ടും പ്രവര്‍ത്തിച്ചിരുന്നു.
എം.ഡി. ടി.പി. മുഹമ്മദ്‌, ഡയരക്‌ടര്‍ അബ്‌ദുല്‍ ലത്തീഫ്‌. പ്രിന്‍സിപ്പല്‍ കെ.പി. മമ്മു മാസ്റ്റര്‍, ഹെഡ്‌മാസ്റ്റര്‍ അബ്‌ദുല്‍ ഖാദര്‍ എന്നിവരുടെ മാര്‍ഗദര്‍ശനത്തില്‍ ടെന്‍സി ഷിബു കണ്‍വീനറും ഷാലിന്‍ അര്‍ഷദ്‌ ജോയിന്റ്‌ കണ്‍വീനറുമായുള്ള സംഘാടകസമിതിയാണ്‌ മുന എക്‌സ്‌പോ യാഥാര്‍ത്ഥ്യമാക്കിയത്‌. പ്രവര്‍ത്തന ആരംഭിച്ച്‌ രണ്ട്‌ വര്‍ഷം മാത്രം പിന്നിടുന്ന അല്‍ മുന സ്‌കൂള്‍ വളര്‍ച്ചയുടെ പാതയില്‍ ഏറെ മുന്നേറിയെന്ന്‌ വ്യക്തമാക്കുന്നതായിരുന്നു പ്രദര്‍ശനം.