ദമാമില്‍ ഗ്ലോബല്‍ സെവന്‍സ്‌ മേള; അംഗ ക്ലബ്ബുകള്‍ക്ക്‌ ഡിഫയുടെ വിലക്ക്‌

ദമാം: ഗ്ലോബല്‍ മലയാളി കൗണ്‍സിലിന്‌ കീഴില്‍ ദമാമില്‍ ആരംഭിക്കുന്ന സെവന്‍സ്‌ ഫുട്‌ബോള്‍ മേളയില്‍ പങ്കെടുക്കുന്നതിന്‌ 12 ക്ലബ്ബുകളുടെ കൂട്ടായ്‌മയായ ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഡിഫ) വിലക്ക്‌ ഏര്‍പ്പെടുത്തി. ഗ്ലോബല്‍ സെവന്‍സ്‌ ടൂര്‍ണമെന്റില്‍ പങ്കെടുക്കരുതെന്ന്‌ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്‌ത ക്ലബ്ബുകള്‍ക്ക്‌ പ്രസിഡന്റ്‌ സതീഷ്‌ പരുമല നിര്‍ദേശം നല്‍കി. കളിക്കാരെ പ്രത്യേകമായി ഡിഫയില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടില്ലെന്നും ക്ലബ്ബുകള്‍ക്കുള്ള വിലക്ക്‌ കളിക്കാര്‍ക്കും ബാധകമാണെന്നും സതീശ്‌ മലയാളം ന്യൂസിനോട്‌ പറഞ്ഞു. ബദര്‍ റബീ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഡിഫ എക്‌സിക്യൂട്ടീവിന്റെ അടിയന്തിര യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ്‌ ഈ നടപടി. സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഡിഫ രക്ഷാധികാരി സി.. അബ്‌ദുല്‍ റസാഖില്‍ നിന്നും വിശദീകരണം ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. ഒരാഴ്‌ചക്കകം വിശദീകരണം നല്‍കണം. എക്‌സിക്യൂട്ടീവ്‌ അംഗമല്ലാത്തതിനാല്‍ റസാഖ്‌ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
അല്‍കോബാറില്‍ യുനൈറ്റഡ്‌ എഫ്‌.സി. അടുത്ത മാസം അഞ്ചിന്‌ സംഘടിപ്പിക്കുന്ന സെവന്‍സ്‌ ഫുട്‌ബോള്‍ മേള വിജയിപ്പിക്കുന്നതിന്‌ യോഗം തീരുമാനിച്ചതായി പത്രക്കുറിപ്പില്‍ അറിയിച്ചു. ഡിഫയുടെ അംഗീകാരത്തോടെയാണ്‌ യുനൈറ്റഡ്‌ എഫ്‌,സി.യുടെ കീഴില്‍ ഫുട്‌ബോള്‍ മേള നടക്കുന്നത്‌. ഇനി മുതല്‍ എല്ലാ വര്‍ഷവും നടത്തുന്ന ഫുട്‌ബോള്‍ മേളക്ക്‌ സഹകരണം തേടി ഗ്ലോബല്‍ കൗണ്‍സിലും ഡിഫക്ക്‌ കത്ത്‌ നല്‍കിയിരുന്നു. പ്രശ്‌നം വിവാദമായതോടെയാണ്‌ ഈ വിഷയം മാത്രം ചര്‍ച്ച ചെയ്യുന്നതിന്‌ ഡിഫ എക്‌സിക്യൂട്ടീവ്‌ അടിയന്തിര യോഗം വിളിച്ചത്‌.
ക്ലബ്‌ പ്രതിനിധികളില്‍ നിന്നുണ്ടായ അഭിപ്രായങ്ങളും, അസോസിയേഷന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്ന വസ്‌തുതയും കണക്കിലെടുത്താണ്‌ ടൂര്‍ണമെന്‍റില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്ന്‌ പ്രസിഡന്റ്‌ സതീഷ്‌ പരുമല വിശദീകരിച്ചു. ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ ഫുട്‌ബോള്‍ മേള സംഘടിപ്പിക്കുന്നതിന്‌ തങ്ങള്‍ക്ക്‌ എതിര്‍പ്പൊന്നുമില്ലെന്നും ഡിഫയുടെ മുന്‍കൂട്ടി അംഗീകാരത്തോടെ ഒരു ക്ലബിന്റെ ഫുട്‌ബോള്‍ മേള ആരംഭിക്കുന്നതിനാല്‍ ഒന്നോ രണ്ടോ ആഴ്‌ച വൈകിക്കണമെന്ന്‌ മാത്രമാണ്‌ ആവശ്യപ്പെട്ടതെന്നും സതീശ്‌ പറഞ്ഞു. പ്രസിഡന്റ്‌ സതീഷ്‌ പരുമല അധ്യക്ഷത വഹിച്ച യോഗത്തില്‍ സക്കീര്‍ (കോര്‍ണിഷ്‌ സോക്കര്‍), റഫീഖലി (ബദര്‍ റബീ), പോള്‍സണ്‍ (ഇംകോ), രാജു ലൂക്കാസ്‌ (യൂനൈറ്റഡ്‌ എഫ്‌.സി), റഫീഖ്‌ (ദമാംസോക്കര്‍), റിയാസ്‌ (ടൊയോട്ട മര്‍വ), ഹംസ (ഖതീഫ്‌ ടേസ്റ്റി), അഷ്‌റഫ്‌ (പി.ഐ. സോക്കര്‍), മന്‍സൂര്‍ (ഖാലിദിയ) തുടങ്ങിയവര്‍ പങ്കെടുത്തു. അബ്‌ദുല്‍ റസാഖ്‌ ചേരിക്കല്‍ സ്വാഗതവും ദിനേഷ്‌ മുയ്യം നന്ദിയും പറഞ്ഞു.