ശൈത്യകാലം വരുന്നു; വൈറസ്‌ ബാധ വ്യാപിക്കുന്നതിനെതിരെ ജാഗ്രത

ദമാം: ചൂട്‌ കാലാവസ്ഥ മാറി സൗദിയില്‍ തണുപ്പ്‌ കാലത്തിന്‌ തുടക്കമായതോടെ എച്ച്‌ 1 എന്‍ 1 വൈറസ്‌ ബാധയുടെ വ്യാപനത്തിന്‌ ആക്കം കൂടിയതായി ആരോഗ്യമന്ത്രാലയം ഡയരക്‌ടര്‍ ഡോ. സിയാദ്‌ മയ്‌മിശ്‌ വ്യക്തമാക്കി. കുട്ടികളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്തും, രോഗപ്പകര്‍ച്ച തയുന്നതിനുമായി മന്ത്രാലയങ്ങള്‍ പുതിയ നിയമങ്ങള്‍ പുറപ്പെടുവിച്ചു. സ്‌കൂളിലെ മൊത്തം വിദ്യാര്‍ത്ഥികളില്‍ പത്ത്‌ ശതമാനം പേരില്‍ വൈറസ്‌ ബാധ കണ്ടെത്തുകയോ, വൈറസ്‌ ബാധ നിമിത്തം സ്‌കൂളിലെ മൊത്തം വിദ്യാര്‍ത്ഥികളില്‍ പത്ത്‌ ശതമാനം പേര്‍ ക്ലാസില്‍ ഹാജരാകാതിരിക്കുകയോ, ചെയ്‌താല്‍ സ്‌കൂള്‍ ഒരാഴ്‌ച അടച്ചിടണമെന്നാണ്‌ നിര്‍ദേശം. കുട്ടികളില്‍ ആരെങ്കിലും വൈറസ്‌ ബാധ നിമിത്തം മരണമടയുകയോ, വൈറസ്‌ ബാധ നിമിത്തം രണ്ട്‌ കുട്ടികളെ ഐ.സി.യുവില്‍ പ്രവേശിപ്പിക്കപ്പെടുകയോ ചെയ്‌താല്‍ സ്‌കൂള്‍ അടച്ചിടണമെന്നും നിര്‍ദേശമുണ്ട്‌. രോഗലക്ഷണം കണ്ടെത്തുന്ന വിദ്യാര്‍ത്ഥിയെ മാസ്‌ക്‌ ധരിപ്പിക്കുകയും, ഉടനെ ക്ലാസില്‍ നിന്നും പ്രത്യേകം തയാറാക്കിയ മെഡിക്കല്‍ റൂമിലേക്ക്‌ മാറ്റി കുട്ടിയുടെ ആരോഗ്യ നിലക്കനസുരിച്ച്‌ ആശുപത്രിയിലേക്കോ, അല്ലെങ്കില്‍ വീട്ടിലേക്കോ അയക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ഇതിനിടെ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്‌കുളുകളില്‍ നിന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്ന പന്നിപ്പനിബാധിതരുടെ എണ്ണം വര്‍ധിച്ചുവെന്ന വാര്‍ത്തകള്‍ സ്വദേശികളും വിദേശികളുമായ രക്ഷിതാക്കളില്‍ ആശങ്കകളുണര്‍ത്തിയിട്ടുണ്ട്‌. ദമാമിലെ ഒരു ഗേള്‍സ്‌ സ്‌കൂളില്‍ 7 കുട്ടികളില്‍ വൈറസ്‌ ബാധ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്‌. ദമാം ഖത്തീഫില്‍ കഴിഞ്ഞ മാസം 182 പേരില്‍ വൈറസ്‌ ബാധ കണ്ടെത്തിയെന്നും, ഈ മാസം 28 പേരില്‍ രോഗലക്ഷണം കണ്ടതായും ഡോക്‌ടര്‍ ബദര്‍ മുസ്‌തഫ വെളിപ്പെടുത്തിയിരുന്നു. ലോകത്ത്‌ ഈ വൈറസ്‌ അഞ്ച്‌ മില്യണ്‍ പേര്‍ക്ക്‌ ബാധിച്ചുവെന്നും, രോഗബാധിതരായി അയ്യായിരം പേര്‍ മരിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ഗള്‍ഫ്‌ രാജ്യങ്ങളില്‍ സൗദിയിലാണ്‌ ഏറ്റവുംകൂടുതല്‍ പേര്‍ രോഗബാധിതരായത്‌. 4119 പേര്‍ക്ക്‌ എച്ച്‌1 എന്‍1 ബാധിച്ചുവെന്നും ഇവരില്‍ 36 പേര്‍ക്ക്‌ മരണം സംഭവിച്ചതായും ഖതീഫ്‌ സിവില്‍ ഡിഫന്‍സ്‌ വിഭാഗത്തിനായി നടത്തിയ പഠനക്ലാസില്‍ ഡോക്‌ടര്‍ മുസ്‌തഫ വ്യക്തമാക്കി. രാജ്യത്തെ വിദ്യാര്‍ത്ഥിനികള്‍ക്കിടയില്‍ ആയിരത്തോളം പേരില്‍ എച്ച്‌ 1 എന്‍ 1 വൈറസ്‌ ബാധ കണ്ടെത്തിയെന്ന്‌ സൗദി ആരോഗ്യവകുപ്പിലെ ഉയര്‍ന്ന്‌ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിരുന്നു. വൈറസ്‌ ബാധ തടയുന്നതിന്‌ സൗദി ആരോഗ്യ മന്ത്രാലയവും സൗദി വിദ്യാഭ്യാസ വകുപ്പും സംയുക്തമായി പ്രത്യേക കമ്മീഷന്‍ രൂപീകരിച്ചിട്ടുണ്ട്‌.