സഹോദരിയുടെ ജയം ഉമര്‍ഖാന്‌ ആഹ്ലാദമായി

ദമാം: പത്തനംതിട്ട ജില്ലയില്‍ പന്തളം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ (വനിതാ സംവരണം) ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്‌. കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി അലിമാമ്മാള്‍ ടീച്ചര്‍ 80 വോട്ടിന്റെ ഭൂരിപക്ഷത്തിന്‌ വിജയം നേടി.
സജീവ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനും ദമാമില്‍ ഫ്രണ്ട്‌സ്‌ ഓഫ്‌ ജനശ്രീ കോഓര്‍ഡിനേറ്ററുമാണ്‌ ഉമര്‍ഖാന്‍. സഹോദരിയുടെ വിജയവാര്‍ത്തക്ക്‌ കാതോതര്‍ത്ത്‌ ദമാമില്‍ കഴിയുന്ന ഉമര്‍ഖാനെക്കുറിച്ച്‌ മലയാളം ന്യൂസ്‌ ചൊവ്വാഴ്‌ച (ഒക്‌ടോബര്‍ 27) വാര്‍ത്ത നല്‍കിയിരുന്നു.
ആകെ പോള്‍ ചെയ്‌ത 1248 വോട്ടുകളില്‍ അലിമാമ്മാള്‍ ടീച്ചര്‍ക്ക്‌ 568 വോട്ടുണ്ട്‌. ബി.ജെ.പിയുടെ സുമതിക്കുട്ടി 488 വോട്ട്‌ നേടിയപ്പോള്‍ സി.പി.എം. പിന്തുണച്ച സ്വതന്ത്ര നസീറക്ക്‌ 148 വോട്ടാണ്‌ കിട്ടിയത്‌. സി.പി.എം. വോട്ടുകള്‍ ബി.ജെ.പിക്ക്‌ മറിച്ചുവെന്ന ആരോപണം സാധൂകരിക്കുന്നതാണ്‌ വോട്ടിംഗ്‌ നിലയെന്ന്‌ ഉമര്‍ ഖാന്‍ പറയുന്നു.സി.പി.ഐ പിന്തുണച്ച സ്വതന്ത്ര സബീന 37 വോട്ട്‌ നേടി. ഏഴ്‌ വോട്ട്‌ അസാധുവായി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഡി.ഐ.സി. പ്രതിനിധിയായിരുന്ന ഷാഹിദയാണ്‌ യു.ഡി.എഫിലെ മുസ്‌ലിംലീഗ്‌ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത്‌. കാന്‍സര്‍ ബാധിച്ച്‌ ഷാഹിദയുടെ നിര്യാണത്തെത്തുടര്‍ന്നാണ്‌ വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ്‌ വേണ്ടി വന്നത്‌.
മലപ്പുറം ജില്ലയില്‍ പന്താവൂര്‍, വെളിയംകോട്‌, എന്നിവിടങ്ങളിലും പരിസരങ്ങളിലും സ്‌കൂളുകളില്‍ അധ്യാപികയായിരുന്നു അലിമാമ്മാള്‍ ടീച്ചര്‍. ഭര്‍ത്താവ്‌ അബ്‌ദുല്‍ വഹാബ്‌ തൃശൂര്‍ ജില്ലയില്‍ ഫോറസ്റ്ററായിരുന്നു.