കൊച്ചി, കോഴിക്കോട്‌ വിമാനത്താവളങ്ങളിലേക്ക്‌ നേരിട്ടുള്ള വിമാനസര്‍വീസ്‌ തുടരണം: കെ.എം.സി.സി.

ദമാം: കൊച്ചി, കോഴിക്കോട്‌ വിമാനത്താവളങ്ങളിലേക്ക്‌ നേരിട്ടുള്ള വിമാനസര്‍വീസ്‌ തുടരണമെന്ന്‌ കെ.എം.സി.സി. ഈസ്റ്റേണ്‍ പ്രോവിന്‍സ്‌ കമ്മിറ്റി ആവക്യപ്പെട്ടു. വിമാനങ്ങള്‍ മസ്‌കത്ത്‌ വഴി ആക്കിയത്‌ സൗകര്യപ്രദമല്ല. നേരിട്ടുള്ള സര്‍വീസ്‌ പുനരാരംഭിക്കുന്നതിന്‌ എല്ലാ വാതിലുകളും മുട്ടുമെന്ന്‌ പ്രസിഡന്റ്‌ സി. ഹാഷിമും ജനറല്‍ സെക്രട്ടറി കുഞ്ഞിമുഹമ്മദ്‌ കടവനാടും ദമാമില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിനുള്ള നീക്കങ്ങളില്‍ അവര്‍ എല്ലാ പ്രവാസി സംഘടനകളുടയും സഹകരണം തേടി. സയ്യിദ്‌ അബ്‌ദുല്‍റഹ്‌മാന്‍ ബാഫഖി തങ്ങളുടെ പുത്രന്‍ സയ്യിദ്‌ അബൂബക്കര്‍ ബാഫഖി തങ്ങളും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
തേക്കടി ദുരന്തത്തിന്റെ ധാര്‍മിക ഉത്തവരാദിത്തം ഏറ്റെടുത്ത്‌ കെ.ടി.ഡി.സി. ചെയര്‍മാന്‍ പദവി ചെറിയാന്‍ ഫിലിപ്പ്‌ രാജിവെക്കണമെന്നും ഇല്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കണമെന്നും കെ.എം.സി.സി. ആവശ്യപ്പെട്ടു. സ്ഥാനത്ത്‌ തുടരാന്‍ ധാര്‍മികമായി തനിക്ക്‌ അവകാശമുണ്ടോ എന്ന്‌ ടൂറിസം മന്ത്രി കൊടിയേരി ചിന്തിക്കണം. സംസ്ഥാന ആരോഗ്യ രംഗവും വിദ്യാഭ്യാസ രംഗവും കെടുകാര്യസ്ഥതയുടെ കേന്ദ്രമായിരിക്കുന്നു. കേന്ദ്രം അനുവദിച്ച പദ്ധതികളും ഫണ്ടുകളും പോലും ഏഴ്‌ മാസം കഴിഞ്ഞിട്ടും ഏതാണ്ട്‌ ഇരുപത്‌ ശതമാനം മാത്രമെ ധനമന്ത്രാലയം ഉപയോഗപ്പെടുത്തിയിട്ടുള്ളു.
ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ വിജയിപ്പിക്കേണ്ടത്‌ പ്രവാസികളുടെ ബാധ്യതയാണെന്ന്‌ ഹാഷിം പറഞ്ഞു. ഗുണ്ടാ - മാഫിയ - സി.പി.ഐ (എം) ബന്ധം കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കുകയാണ്‌. നിലം നികത്താന്‍ കരാര്‍ നല്‍കുന്നത്‌ സി.പി.എം കരാറുകാര്‍ക്കാണെങ്കില്‍ എളുപ്പം നടക്കുമെന്നതാണ്‌ അവസ്ഥ. കണ്ണൂര്‍ജില്ലയില്‍ കണ്ടല്‍ വനങ്ങള്‍ നശിപ്പിക്കപ്പെടുന്നു. മൂന്നര വര്‍ഷമായി സോളിഡാരിറ്റിയും പരിസ്ഥിത പ്രവര്‍ത്തകരും അവധിയിലാണെന്ന്‌ നേതാക്കള്‍ പരിഹസിച്ചു.
നിഷ്‌പക്ഷമായി തിരഞ്ഞെടുപ്പ്‌ നടന്നാല്‍ യു.ഡി.എഫ്‌ ജയിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കെ.എം.സി.സി. മൂന്ന്‌ മണ്‌ഡലങ്ങളിലും കോഓര്‍ഡിനേറ്റര്‍മാരെ നിയമിച്ച്‌ പ്രവര്‍ത്തിക്കും. കണ്ണൂരില്‍ സി.പി.ഐ (എം) വര്‍ഗീയമായി പ്രവര്‍ത്തിക്കുന്നതായി ആരോപിച്ച ഹാഷിം രണ്ടര ഏക്ര വരുന്ന ഖബര്‍സ്ഥാനില്‍ സി.പി.ഐ (എം) ഖബറടക്കം തടയുന്നതായി കുറ്റപ്പെടുത്തി.എസ്‌.ഡി.പി.ഐ സ്ഥാനാര്‍ത്ഥി സി.പി.ഐ (എം) ന്റെ ഡമ്മി സ്ഥാനാര്‍ത്ഥിയാണ്‌. കളവ്‌ പറയുന്ന ജയരാജന്‌ ജമാഅത്ത്‌ വോട്ട്‌ കൊടുക്കുമോ എന്ന്‌ അദ്ദേഹം സംശയം പ്രകടിപ്പിച്ചു.
പ്രവിശ്യാ തലത്തില്‍ കെ.എം.സി.സി. വിപുലമായ സുരക്ഷാ പദ്ധതി ആവിഷ്‌കരിക്കുമെന്ന്‌ നേതാക്കള്‍ വെളിപ്പെടുത്തി. കിഴക്കന്‍ പ്രവിശ്യയില്‍ നിന്നും ഈ വര്‍ഷം റമദാനില്‍ ഏതാണ്ട്‌ എണ്‍പത്‌ ലക്ഷം രൂപയോളം സമാഹരിച്ച്‌ ശിഹാബ്‌ തങ്ങള്‍ റിലീഫ്‌ സെല്‍ മുഖേന ചിലവഴിച്ചു. അല്‍കോബാര്‍, ദമാം, ഖതീഫ്‌, തുഖ്‌ബ, ഹസ, ജുബൈല്‍ എന്നിവക്കൊപ്പം പുതുതായി രൂപീകൃതമായ ഖഫ്‌ജി, അബ്‌ഖൈഖ്‌ ഘടകങ്ങളും മികച്ച പ്രവര്‍ത്തനം നടത്തി. വീട്‌, വിദ്യാഭ്യാസ, ചികിത്സാ പദ്ധതികള്‍ക്കും. കോഴിക്കോട്‌ - തിരുവനന്തപുരം സി.എച്ച്‌. സെന്റര്‍, മലബാര്‍ കുഷ്‌ഠരോഗാശുപത്രി, തര്‍ബിയത്തുല്‍ ഇസ്‌ലാം സഭ, പ്രവാസി കാര്യങ്ങള്‍, ജയില്‍ മോചനം തുടങ്ങിയ ഇനങ്ങളിലാണ്‌ സഹായം നല്‍കിയത്‌.
കാസര്‍ഗോഡ്‌ ജില്ലയില്‍ എട്ട്‌ ലക്ഷം രൂപ പ്രതിമാസ പെന്‍ഷന്‍ പദ്ധതി, ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ്‌ കേന്ദ്രം ആരംഭിക്കുന്നതിനും രോഗികള്‍ക്ക്‌ ഭക്ഷണവും മരുന്നും നല്‍കുന്നതിനമുള്ള സഹായം, കണ്ണൂര്‍ ജില്ലയില്‍ എട്ട്‌ ലക്ഷം രൂപയുടെ കുഴല്‍ കിണര്‍ പദ്ധതി. വയനാട്‌ ജില്ലയില്‍ മാനന്തരവാടിയിലെ ജില്ലാ ആശുപത്രി വികസനത്തിനും ആംബുലന്‍സ്‌ വാങ്ങുന്നതിനും പദ്ധതി, കോഴിക്കോട്‌ ജില്ല സി.എച്ച്‌. സെന്ററിന്‌ കിടക്കകള്‍, മലപ്പുറം ജില്ല ആയിരം വീടുകളില്‍ പത്ത്‌ കിലോ അരി എത്തിച്ചു. നാനൂറ്‌ പേജുള്ള മലപ്പുറം ജില്ലാ സുവനീര്‍ പുറത്തിറക്കി. പാലക്കാട്‌ ജില്ലയില്‍ മുപ്പത്‌ തയ്യല്‍ മെഷീന്‍ നല്‍കാനഉള്ള പദ്ധതി തൃശൂര്‍ ജില്ലയില്‍ തീരദേശത്ത്‌ അരി വിതരണം തുടങ്ങി വിവിധ ജില്ലാ കമ്മിറ്റികളും മികച്ച പ്രവര്‍ത്തനം നടത്തിയതായി അവര്‍ അറിയിച്ചു.