കിഴക്കന്‍ പ്രവിശ്യയില്‍ സ്‌തനാര്‍ബുദ ബോധവത്‌കരണ കാമ്പയിന്‌ തുടക്കമായി

ദമാം: കിഴക്കന്‍ പ്രവിശ്യയിലെ സൗദി കാന്‍സര്‍ സൊസൈറ്റി ഈസ്റ്റേണ്‍ റോസ്‌ എന്ന സന്നദ്ധ സംഘടനയുടെ സഹകരണത്തോടെ ആവിഷ്‌കരിച്ച സ്‌താനാര്‍ബുദ ബോധവത്‌കരണ കാമ്പയിന്‌ പ്രിന്‍സ്‌ സുല്‍ത്താന്‍ സയന്‍സ്‌ ആന്റ്‌ ടെക്‌നിക്കല്‍ സെന്ററില്‍ തുടക്കമായി. സ്‌തനാര്‍ബുദ മാസാചരണത്തോട്‌ ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച്‌ വിവിധ ബോധവത്‌കരണ പരിപാടികള്‍ക്ക്‌ സൊസൈറ്റി നേതൃത്വം നല്‍കാന്‍ ഉദ്ദേശിക്കുന്നതായി ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി. സ്‌തനാര്‍ബുദം കണ്ടുപിടിക്കുന്നതിനായി മുന്‍കൂട്ടി വൈദ്യ പരിശോധന നടത്തണമെന്ന നിര്‍ദേശമടങ്ങുന്ന ലഘുലേഖയുടെ വിതരണം, സ്വയം രോഗനിര്‍ണയം നടത്തുന്നതിനുള്ള പരിശീലന ക്യാമ്പ്‌ തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്‌. അടുത്ത ശനിയാഴ്‌ചയും ഞായറാഴ്‌ചയും രണ്ട്‌ ദിവസം ദമാം കിംഗ്‌ ഫഹദ്‌ മെഡിക്കല്‍ ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്കും രോഗികള്‍ക്കുമായി പ്രത്യേക ബോധവത്‌കരണ പരിപാടിയും ഒരുക്കിയിട്ടുണ്ട്‌.
എന്റെ ജീവിതം രക്ഷിക്കാന്‍ രണ്ട്‌ മിനിട്ട്‌ എന്ന ബാനറില്‍ ദമാം കിംഗ്‌ ഫഹദ്‌ ആശുപത്രി ഹാളില്‍ അടുത്ത ശനിയാഴ്‌ച സ്‌തനാര്‍ബുദത്തെക്കുറിച്ച സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്‌. ദഹ്‌റാന്‍ ആംഡ്‌ ഫോഴ്‌സസ്‌ ഹോസ്‌പിറ്റല്‍ ഡയരക്‌ടര്‍ ഡോക്‌ടര്‍ ഇബ്രാഹിം അശ്ശുനൈര്‍ സ്‌തനാര്‍ബുദത്തിന്റെ അടയാളങ്ങള്‍ എന്ന വിഷയം അവതരിപ്പിക്കം. കാമ്പയിന്‍ ഡയരക്‌ടര്‍ ഡോക്‌ടര്‍ ഫാതിമ അല്‍ മുല്‍ഹിം ഡോക്‌ടര്‍ അബ്‌ദുല്‍ വാരിസ്‌ തുടങ്ങിയവരും വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും. വര്‍ധിച്ചുവരുന്ന സ്‌തനാര്‍ഭുതത്തെക്കുറിച്ച ബോധവത്‌കരണ കാമ്പയിന്‌ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച വിവിധ സംഘടനകളില്‍ നിന്നും നല്ല പ്രതികരണണമാണ്‌ ലഭിക്കുന്നതെന്ന്‌ സംഘാടകര്‍ വ്യക്തമാക്കി.