സ്‌പോണ്‍സറുടെ മര്‍ദനമേറ്റ മലയാളി പരാതിയുമായി അമീര്‍ ഓഫീസില്‍

ദമാം: സ്‌പോണ്‍സറില്‍ നിന്നും ക്രൂരമായ മര്‍ദനമേറ്റ മലയാളി യുവാവ്‌ നീതി തേടി കിഴക്കന്‍ പ്രവിശ്യാ അമീര്‍ ഓഫീസില്‍ പരാതി നല്‍കി. ദമാം ഹയ്യ്‌ അല്‍ മുസല്ലഫയലെ വീട്ടുഡ്രൈവറായി ജോലി ചെയ്യുന്ന തിരുവനന്തപുരം കരമന സ്വദേശി സുല്‍ഫിഖറിനാണ്‌ മര്‍ദനമേറ്റത്‌. പരാതി സ്വീകരിച്ച അധികൃതര്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന്‌ ഉറപ്പ്‌ നല്‍കിയതായി സുല്‍ഫിഖറിന്‌ സഹകരണം നല്‍കിയ മൈഷൂഖ്‌ കരൂപ്പടന്ന മലയാളം ന്യൂസിനോട്‌ പറഞ്ഞു. അടുത്ത അറിയിപ്പ്‌ ലഭിക്കുമ്പോള്‍ ഹാജരാകാനാണ്‌ സുല്‍ഫിഖറിനോട്‌ നിര്‍ദേശിച്ചത്‌.
പതിമൂന്ന്‌ മാസം മുമ്പ്‌ കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ്‌ സുല്‍ഫിഖര്‍ വീട്ടുഡ്രൈവറ്‌ വിസയില്‍ സൗദിയിലെത്തിയത്‌. അര ലക്ഷം രൂപ നല്‍കിയാണ്‌ വിസ നേടിയത്‌. രണ്ട്‌ മാസം ശമ്പളം കിട്ടിയില്ല. മൂന്നാമത്‌ മാസം മുതലാണ്‌ ശമ്പളം നല്‍കിയത്‌. ഇഖാമക്കും ലൈസന്‍സിനുമുള്ള ചിലവ്‌ എന്ന നിലക്കാണ്‌ ആദ്യ രണ്ട്‌ മാസത്തെ ശമ്പളം പിടിച്ചുവെച്ചതെന്ന്‌ പിന്നീടാണ്‌ അിറഞ്ഞതെന്ന്‌ സുല്‍ഫിഖര്‍ പറയുന്നു. സൗദിയിലെത്തി അധികം കഴിയുന്നതിന്‌ മുമ്പ്‌ കേറള പോലീസില്‍ സുല്‍ഫിഖറിന്‌ സെലക്‌ഷന്‍ കിട്ടിയെങ്കിലും ജോലിക്ക്‌ ചേരാനായില്ല.
പലപ്പോഴും സ്‌പോണ്‍സറില്‍ നിന്നും മര്‍ദനമേറ്റു. അരാംകോയിലേക്കുള്ള റൂട്ട്‌ അറിയാത്തതിനാണ്‌ ഒരു തവണ കൈകൊണ്ട്‌ തല്ലിയത്‌. ഏതാനും ദിവസം മുമ്പ്‌ ഉച്ച കഴിഞ്ഞ്‌ ഏതാണ്ട്‌ മൂന്നര മണിയോടെ മുഖ്‌ത 55 പ്രദേശത്ത്‌ ആളൊഴിഞ്ഞ സ്ഥലത്തേക്ക്‌ കാറില്‍ കയറ്റിക്കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. പന്ത്രണ്ട്‌ വയസുകാരനായ മകനോട്‌ ഉറക്കെ സംസാരിച്ചുവെന്ന്‌ കുറ്റപ്പെടുത്തിയായിരുന്നു ഇത്തവണ മര്‍ദനം. കൈ പുറകിലേക്ക്‌ പിടിച്ചുവെച്ച്‌ തലക്കും വയറിനും പുറത്തും അടിച്ചു.
സുല്‍ഫിഖറിനെ ക്രൂരമായി മര്‍ദിക്കുന്നത്‌ കണ്ട്‌ സമീപത്ത്‌ ഡ്രൈവറായി ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി സൈമണ്‍ ജോഷ്വയും ഒരു സ്വദേശിയുമാണ്‌ രക്ഷക്കെത്തിയത്‌. സ്വദേശി പൗരന്‍ വിവരം നല്‍കിയതനുസരിച്ച്‌ പോലീസ്‌ പട്രോള്‍ ഉടനെ സ്ഥലത്തെത്തി. മര്‍ദനമേറ്റ സുല്‍ഫിഖറിനെ ചികിത്സ തേടാനും തുടര്‍ന്ന്‌ പരാതി നല്‍കാനും അവര്‍ ഉപദേശിച്ചു. ആദ്യം സ്വകാര്യ ഡിസ്‌പന്‍സറിയിലെത്തിയ സുല്‍ഫിഖര്‍ പിന്നീട്‌ ദമാം മെഡിക്കല്‍ കോംപ്ലക്‌സിലും ചികിത്സ തേടി.
ഉടനെ തിരിച്ചുവന്നില്ലെങ്കില്‍ പോലീസില്‍ പരാതി നല്‍കുമെന്നും ജയിലിലടക്കുമെന്നും ഭീഷണിയുമായി സ്‌പോണ്‍സറുടെയും പ്രശ്‌നങ്ങളൊന്നുമില്ല. തിരിച്ചുവന്ന്‌ ജോലിക്ക്‌ വരണമെന്ന്‌ സ്‌പോണ്‍സറുടെ വീട്ടില്‍ നിന്നും സുല്‍ഫിഖറിന്റെ മൊബൈലില്‍ സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്‌. അമീര്‍ ഓഫീസിന്റെ ഇടപെടലിലൂടെ തനിക്ക്‌ നാട്ടിലേക്ക്‌ മടങ്ങാനാവുമെന്നാണ്‌ സുല്‍ഫിഖറിന്റെ പ്രതീക്ഷ.