സൈഹാത്തില്‍ വെടിയേറ്റ്‌ മരിച്ച കുഞ്ഞുമുഹമ്മദിന്റെ മൃതദേഹം ഖബറടക്കി


ദമാം: ഖതീഫിന്‌ സമീപം സൈഹാത്തില്‍ സെപ്‌തംബര്‍ ഏഴിന്‌ തിങ്കളാഴ്‌ച അക്രമികളുടെ വെടിയേറ്റ്‌ മരിച്ച തൃശൂര്‍ ചാവക്കാട്‌ പാവറട്ടി തൊയക്കാട്‌ അബ്‌ദുല്‍റഹ്‌മാന്‍ കുഞ്ഞുമുഹമ്മദ്‌(55)ന്റെ മൃതദേഹം ഇന്നലെ ദമാമില്‍ ഖബറടക്കി. അസര്‍ നമസ്‌കാരത്തിന്‌ ശേഷം മസ്‌ജിദ്‌ റയ്യാനില്‍ നടന്ന മയ്യിത്ത്‌ നമസ്‌കാരത്തില്‍ പത്മശ്രീ എം.കെ. യൂസുഫലി, നാട്ടില്‍ നിന്നും എത്തിയ ജ്യേഷ്‌ഠന്‍ ഹംസ, മരുമകന്‍ ആസിഫ്‌, ബന്ധു സുധീര്‍ തുടങ്ങി പ്രമുഖ വ്യക്തികളും ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധി പേര്‍ സംബന്ധിച്ചു. ഫൈസലിയ ഖബര്‍സ്ഥാനിലായിരുന്നു ഖബറടക്കം.
സൈഹാത്ത്‌ - ഖതീഫ്‌ റോഡില്‍ അല്‍ മദ്‌ലൂല്‍ ഡിസ്‌പന്‍സറിക്ക്‌ സമീപം ഹുസ്‌നൈന്‍ ഫുഡ്‌സ്റ്റഫ്‌ എന്ന കടയിലാണ്‌ കുഞ്ഞിമുഹമ്മദ്‌ ജോലി ചെയ്‌തിരുന്നത്‌. സമീപത്ത്‌ മകള്‍ മൈസൂണും മരുമകന്‍ കാട്ടൂര്‍ സ്വദേശി ആസിഫുമൊത്തായിരുന്നു താമസം. റമദാന്‍ ഒന്നിന്‌ ദമാമിലെത്തിയിരുന്ന ഭാര്യ സാജിദക്കൊപ്പം ഒമ്പതാം തീയതി ബുധനാഴ്‌ച ഉംറക്ക്‌ പുറപ്പെടുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. തിങ്കളാഴ്‌ച മഗ്‌രിബ്‌ നമസ്‌കാരം കഴിഞ്ഞ്‌ കടയിലേക്ക്‌ പോയ കുഞ്ഞിമുഹമ്മദിന്‌ നേരെ രാത്രി ഏഴ്‌ മണിയോടെയാണ്‌ കടയിലെത്തിയ അക്രമികള്‍ യന്ത്രത്തോക്ക്‌ ഉപയോഗിച്ച്‌ വെടിയുതിര്‍ത്തത്‌.
പോസ്റ്റ്‌ മോര്‍ട്ടം ഒഴിവാക്കി മൃതദേഹം പെട്ടെന്ന്‌ സംസ്‌കരിക്കുന്നതിന്‌ കുടുംബം തീവ്രശ്രമം നടത്തിയിരുന്നു. എന്നാല്‍ യന്ത്രത്തോക്ക്‌ ഉപയോഗിച്ച്‌ വെടിവെച്ചുകൊന്ന ഒരു ഭീകര കുറ്റകൃത്യം എന്ന നിലയില്‍
പോലീസ്‌ വിശദമായ പരിശോധന ആവശ്യപ്പെട്ടതിനാലാണ്‌ ഖബറടക്കം വൈകിയതെന്ന്‌ ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്‌ തുടക്കം മുതല്‍ സഹായം നല്‍കിയ ഷാജി മതിലകം പറഞ്ഞു. ഇന്നലെ ഉച്ചയോടെയാണ്‌ മൃതദേഹം ബന്ധുക്കള്‍ക്ക്‌ വിട്ടുകിട്ടിയത്‌.