ജുബൈലില്‍ വാഹനാപകടം മങ്കട സ്വദേശി നിര്യാതനായി

ദമാം: ജുബൈലില്‍ പിക്കപ്പുമായി കാര്‍ കൂട്ടിയിടിച്ച അപകടത്തില്‍ മലയാളി നിര്യാതനായി. മലപ്പുറം മങ്കട പള്ളിപ്പുറം സ്വദേശി നടുവത്തുകുകുണ്ടില്‍ ചേക്കുട്ടിയുടെ മകന്‍ മായിന്‍കുട്ടി (50)യാണ്‌ മരിച്ചത്‌. ജുബൈല്‍ കിംഗ്‌ ഫഹദ്‌ നാവല്‍ അക്കാദമിക്ക്‌ സമീപത്തെ റൗണ്ട്‌ എബൗട്ടിലാണ്‌ അപകടം നടന്നത്‌. മായിന്‍കുട്ടി ഓടിച്ച പിക്കപ്പില്‍ സ്വദേശി ഓടിച്ച കാര്‍ വന്നിടിക്കുകയായിരുന്നു. തൊട്ടടുത്തുള്ള നാവല്‍ അക്കാദമി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും തലക്ക്‌ ഗുരുതരമായ ക്ഷതമേറ്റതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല. പിക്കപ്പില്‍ കൂടെ യാത്ര ചെയ്‌തിരുന്ന ബംഗ്ലാദേശിയും കാര്‍ ഓടിച്ച സ്വദേശിയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രിയിലേക്ക്‌ മാറ്റി.
ഭാര്യ: ഉമ്മുക്കുല്‍സു. ഷാഹിദ, ജംഷിദ്‌, ഇര്‍ഷാദ്‌, മോനു എന്നിവര്‍ മക്കളാണ്‌.
മകളുടെ ഭര്‍ത്താവ്‌ സുബൈര്‍ ജിദ്ദയിലും ഭാര്യാ സഹോദരന്മാരായ ഹംസ, മൊയ്‌തു എന്നിവര്‍ ജുബൈലിലും ജോലി ചെയ്യുന്നുണ്ട്‌. മരണവിവരമറിഞ്ഞ്‌ ജാമാതാവ്‌ സുബൈര്‍ ജിദ്ദയില്‍ നിന്നും ജുബൈലിലെത്തിയിട്ടുണ്ട്‌.
ഇരുപത്തിയഞ്ച്‌ വര്‍ഷത്തിലധികമായി സൗദിയിലുള്ള മായിന്‍കുട്ടി ജുബൈല്‍ ഫോര്‍ഡ്‌ കാര്‍ സെയില്‍സ്‌ ആന്റ്‌ സര്‍വീസസില്‍ ഡ്രൈവറായിരുന്നു.
ഇന്ത്യ ഫ്രറ്റേണിറ്റി ഫോറത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു മായിന്‍കുട്ടി. മായിന്‍ക്കയുടെ അപ്രതീക്ഷിതമായ വേര്‍പാട്‌ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കനത്ത ആഘാതമായി. മൃതദേഹം ജുബൈലില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഫോറം വെല്‍ഫെയര്‍ വിഭാഗം സജീവമായി പൂര്‍ത്തിയാക്കുന്നുണ്ട്‌.