ദമാം - കൊളംബോ സെക്‌ടറില്‍ നാലാമത്‌ ശ്രീലങ്കന്‍വിമാനം തുടങ്ങി

ദമാം: കൊളംബോ - ദമാം സെക്‌ടറില്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ ഒരു വിമാനം കൂടി ഇന്ന്‌ മുതല്‍ സര്‍വീസ്‌ തുടങ്ങുന്നു. തിരുവനന്തപുരം, ചെന്നൈ, തിരുച്ചിറപ്പള്ളി, ബംഗളൂര്‍ എന്നീ ദക്ഷിണേന്ത്യന്‍ വിമാനത്താവളങ്ങളിലേക്ക്‌ നല്ല കണക്‌ഷന്‍ നല്‍കുന്ന ശ്രീലങ്കന്‍ വിമാനങ്ങള്‍ കിഴക്കന്‍ പ്രവിശ്യയിലെ മലയാളികളുള്‍പ്പെടെ നിരവധി പ്രവാസികള്‍ യാത്രക്ക്‌ ആശ്രയിക്കുന്നുണ്ട്‌. എയര്‍ ഇന്ത്യ വിമാനങ്ങള്‍ നേരിട്ടുള്ള കോഴിക്കോട്‌, കൊച്ചി സര്‍വീസുകള്‍ ഒഴിവാക്കുമ്പോഴാണ്‌ മറ്റ്‌ എയര്‍ലൈന്‍സുകള്‍ സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നത്‌ എന്നതാണ്‌ വിരോധാഭാസം.
ഇന്ന്‌ പുതിയ ശൈത്യകാല ഷെഡ്യൂളില്‍ ആരംഭിക്കുന്ന ഈ സര്‍വീസ്‌ ഈ സെക്‌ടറിലെ നാലാമത്‌ ശ്രീലങ്കന്‍ വിമാനമാണിത്‌. ബുധനാഴ്‌ച വൈകുന്നേരം 6.40ന്‌ കൊളംബോ വിടുന്ന വിമാനം രാത്രി സൗദി സമയം 9.30ന്‌ ദമാമിലെത്തും. 10.40ന്‌ തിരിച്ച്‌ പുറപ്പെട്ട്‌ വ്യാഴാഴ്‌ച രാവിലെ 6.10ന്‌ കൊളംബോയിലെത്തും.
ഇതോടെ ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്‌ സൗദിയിലെ മൂന്ന്‌ മുഖ്യ നഗരങ്ങളില്‍ നിന്നുമായി ആഴ്‌ചയില്‍ എട്ട്‌ സര്‍വീസുകളുണ്ടജാകും. ദമാമില്‍ നിന്ന്‌ നാലും റിയാദില്‍ നിന്നും ജിദ്ദയില്‍ നിന്നും രണ്ട്‌ വീതവും സര്‍വീസുകളുമാണ്‌ കൊളംബോയിലേക്കുള്ളത്‌.
കിഴക്കന്‍ പ്രവിശ്യയിലെ നല്ലൊരു വിഭാഗം പ്രവാസികളും നാട്ടിലേക്കുള്ള യാത്രക്ക്‌ ശ്രീലങ്കന്‍ എയര്‍വേസിനെയാണ്‌ ആശ്രയിക്കുന്നതെന്ന്‌ സെയില്‍സ്‌മാ നേജര്‍ പ്രതാപ്‌ ബാലകൃഷ്‌ണന്‍ പറഞ്ഞു. സ്വദേശികള്‍ക്ക്‌ മാത്രമല്ല, സൗദിയിലെ പ്രവാസികള്‍ക്കും നല്ലൊരു വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയിലും ശ്രീലങ്ക പ്രിയംകരമായി വരികയാണ്‌. ആഭ്യന്തര യുദ്ധത്തിന്‌ അറുതിയായതോടെ രാജ്യത്തിന്റെ വിനോദ സഞ്ചാര സാധ്യത വര്‍ധിച്ചിട്ടുണ്ട്‌. മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഈ വര്‍ഷം സെപ്‌തംബറില്‍ 200 ശതമാനം വര്‍ധനയുണ്ടായി. ഈ വര്‍ഷം ദമാമില്‍ നിന്നും കൂടുതല്‍ വിനോദ സഞ്ചാരികളെ പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.