തൊഴില്‍ കരാര്‍ കാലാവധി കഴിഞ്ഞിട്ടും നാട്ടിലേക്ക്‌ മടങ്ങാനാവുന്നില്ലെന്ന്‌ നഴ്‌സുമാരുടെ പരാതി

ദമാം: തൊഴില്‍ കരാര്‍ കാലാവധി പൂര്‍ത്തിയായതിന്‌ ശേഷവും ഇന്ത്യന്‍ നഴ്‌സുമാരെ നാട്ടിലേക്ക്‌ മടങ്ങാന്‍ അനുവദിക്കുന്നില്ലെന്ന്‌ പരാതി. വിവിധ ആശുപത്രികളില്‍ നഴ്‌സുമാരെയും മറ്റ്‌ ജീവനക്കാരെയും നല്‍കുന്ന കമ്പനി അധികൃതര്‍ക്കെതിരെ ഖതീഫിന്‌ സമീപം ഉള്‍പ്രദേശത്ത്‌ ജനറല്‍ ഡിസ്‌പന്‍സറിയില്‍ ജോലി ചെയ്യുന്ന മുംബൈ സ്വദേശിനിയും കോട്ടയം സ്വദേശിനിയുമാണ്‌ ഇന്ത്യന്‍ എംബസിക്ക്‌ പരാതി നല്‍കിയത്‌. തുടര്‍ന്ന്‌ കമ്പനിയും ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട്‌ പ്രശ്‌നത്തിന്‌ പരിഹാരം കാണാന്‍ ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം പ്രതിനിധി അബ്‌ദുല്‍ ലത്വീഫിന്‌ എംബസി അധികാരപത്രം നല്‍കി.
2006 ആഗസ്റ്റ്‌ 12ന്‌ ജോലിയില്‍ പ്രവേശിച്ച രണ്ട്‌ പേരുടെയും തൊഴില്‍ കരാര്‍ കാലാവധി മൂന്ന്‌ വര്‍ഷമായിരുന്നു. ഈ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം 2009 ആഗസ്റ്റ്‌ 26നാണ്‌ ഇരുവരും എക്‌സിറ്റ്‌ ആവശ്യപ്പെട്ടത്‌. മാനേജ്‌മെന്റില്‍ നിന്ന്‌ തുടര്‍ നടപടികളൊന്നും കാണാതിരുന്നതിനാല്‍ വീണ്ടും സെപ്‌തംബര്‍ 26ന്‌ വീണ്ടും അപേക്ഷ സമര്‍പ്പിച്ചു. എന്നാല്‍ ജോലി തുടരാന്‍ ബന്ധപ്പെട്ട അധികൃതര്‍ നിര്‍ബന്ധിക്കുകയാണുണ്ടായത്‌.
തുടര്‍ന്ന്‌ ജോലി ചെയ്യാന്‍ തയാറല്ലെന്ന്‌ നഴ്‌സിംഗ്‌ ഓഫീസില്‍ അറിയിച്ച ഇരുവരും ജോലിക്ക്‌ ഹാജരായില്ല. ഒക്‌ടോബര്‍ 30 വരെ ജോലി ചെയ്‌താല്‍ മാത്രമെ എക്‌സിറ്റ്‌ അനുവദിക്കുകയുള്ളുവെന്ന മാനേജ്‌മെന്റിന്റെ ഭീഷണിക്ക്‌ വഴങ്ങി മൂന്ന്‌ ദിവസത്തിന്‌ ശേഷം ജോലി തുടര്‍ന്നു. ഇപ്പോള്‍ മൂന്ന്‌ മാസത്തെ ശമ്പളവും മറ്റ്‌ ആനൂകൂല്യങ്ങളും ലഭിക്കാനുണ്ട്‌. എന്നാല്‍ ജോലി ചെയ്യാതിരുന്ന മൂന്ന്‌ ദിവസത്തേക്ക്‌ 2000 റിയാല്‍ പിഴയടക്കാനും, സ്വന്തമായി നാട്ടിലേക്കുള്ള വിമാനടിക്കറ്റെടക്കാനുമാണ്‌ കമ്പനി അധികാരികള്‍ ആവശ്യപ്പെട്ടത്‌. രണ്ട്‌ വര്‍ഷമായപ്പോള്‍ അവധിക്ക്‌ അപേക്ഷിച്ചുവെങ്കിലും നിരസിക്കുകയാണുണ്ടായതെന്ന്‌ ഫ്രറ്റേണിറ്റി ഫോറം മുഖേന എംബസിക്ക്‌ നല്‍കിയ പരാതിയില്‍ പറയുന്നു.
ഭര്‍ത്താവിനെയും കുട്ടികളെയും വിട്ട്‌ മൂന്ന്‌ വര്‍ഷം ജോലി ചെയ്‌തിട്ടും കമ്പനി അധികാരികളില്‍ നിന്നും മാന്യമായ പെരുമാറ്റം പോലും ലഭിക്കാതെ ഹതാശരാണ്‌ ഇരുവരും. എംബസിയുടെ അധികാരപത്രം തങ്ങള്‍ക്ക്‌ നാട്ടിലേക്ക്‌ തിരിച്ചെത്തുന്നതിന്‌ വഴിയൊരുക്കുമെന്ന പ്രതീക്ഷയോടെ ഇരുവരും കാത്തിരിക്കുകയാണ്‌.