സെവന്‍സ്‌ ഫുട്‌ബോള്‍ മേളക്ക്‌ ദമാമില്‍ വെള്ളിയാഴ്‌ച തുടക്കം


ദമാം: ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദമാമില്‍ സെവന്‍സ്‌ ഫുട്‌ബോള്‍ മേള സംഘടിപ്പിക്കുന്നു. ഒക്‌ടോബര്‍ 30ന്‌ വെള്ളിയാഴ്‌ച രാത്രി ഏഴര മണിക്കാണ്‌ ആദ്യമത്സരം. തുര്‍ന്ന്‌ എല്ലാ വാരാന്ത്യങ്ങളിലും മത്സരം നടക്കും. വിജയികള്‍ക്ക്‌ റോളിംഗ്‌ ട്രോഫിക്ക്‌ പുറമെ പ്രൈസ്‌ മണിയായി 5001 റിയാലും പരാജിതര്‍ക്ക്‌ 3001 റിയാലും സമ്മാനിക്കുമെന്ന്‌ ചെയര്‍മാന്‍ വര്‍ഗീസ്‌ മൂലന്‍ ദമാമില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മികച്ച ഗോള്‍കീപ്പര്‍, ഡിഫന്‍ഡര്‍, ഫോര്‍വേര്‍ഡ്‌ എന്നിവര്‍ക്കും ടോപ്പ്‌ സ്‌കോറര്‍ക്കും സമ്മാനം ലഭിക്കും. നോക്കൗട്ട്‌ അടിസ്ഥാനത്തിലുള്ള മത്സരങ്ങള്‍ക്ക്‌ ദമാം ജവാസാത്ത്‌ ഓഫീസിന്‌ സമീപമുള്ള ഗ്രൗണ്ടില്‍ ഫ്‌ളഡ്‌ ലിറ്റ്‌ സൗകര്യം ഏര്‍പ്പെടുത്തിയാണ്‌ വേദിയൊരുക്കുന്നത്‌. റിയാദില്‍ നിന്നുള്ള ഒരു ടീമുള്‍പ്പെടെ എട്ട്‌ ടീമുകള്‍ പങ്കെടുക്കും. സി. അബ്‌ദുല്‍ റസാഖ്‌ പ്രസിഡന്റ്‌ , അബ്‌ദുല്‍ ജബ്ബാര്‍ കോഴിക്കോട്‌ (വൈസ്‌. പ്രസി.), ജെഗിമോന്‍ ജോസഫ്‌ (സെക്ര.), അബ്‌ദുല്‍ റഷീദ്‌, റഫീഖ്‌ കൂട്ടിലങ്ങാടി (എക്‌സി. അംഗങ്ങള്‍) എന്നിവര്‍ ഭാരവാഹികളായി സംഘടന ഈയിടെ രൂപം നല്‍കിയ സ്‌പോര്‍ട്‌സ്‌ സമിതിക്ക്‌ കീഴിലാണ്‌ ഫുട്‌ബോള്‍ മേള സംഘടിപ്പിക്കുന്നത്‌.
പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കിഴക്കന്‍ പ്രവിശ്യയിലെ വീട്ടമ്മമാര്‍ക്ക്‌ പാചക മത്സരം, വിദ്യാര്‍ത്ഥികള്‍ക്ക്‌ ക്വിസ്‌ മത്സരം, ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ ചിത്രരചനാ മത്സരവും ചെറുകഥ, കവിതാ മത്സരം എന്നിവയും സംഘടിപ്പിക്കുന്നതായി വര്‍ഗീസ്‌ മൂലന്‍ പറഞ്ഞു. രാജു ജോര്‍ജ്‌, കെ.എം. ജോസഫ്‌ എന്നിവരും സ്‌പോര്‍ട്‌സ്‌ സമിതി ഭാരവാഹികളും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.