മാതാക്കളും കുടുംബങ്ങളും ബലിയാടുകള്‍: വാഹനാപകടങ്ങള്‍ തടയുന്നതിന്‌ വനിതകളില്‍ ബോധവത്‌കരണം

ദമാം: റോഡപകടങ്ങള്‍ തടയുന്നതിന്‌ വനിതകളില്‍ ബോധവത്‌കരണത്തിന്‌ തീവ്രശ്രമം. `മാതാക്കളും കുടുംബങ്ങളും വാഹനാപകടങ്ങളുടെ ബലിയാടുകള്‍' എന്ന ബാനറില്‍ രണ്ട്‌ ദിവസം നീണ്ടുനില്‍ക്കുന്ന ബോധവത്‌കരണ പരിപാടിക്ക്‌ ദമാമില്‍ ഇന്നലെ വൈകിട്ട്‌ തുടക്കമായി. ദമാം തുഖ്‌ബയിലെ വിമന്‍സ്‌ സോഷ്യല്‍ ഡവലപ്‌മെന്റ്‌ കമ്മിറ്റിയാണ്‌ പരിപാടി ആവിഷ്‌കരിച്ചത്‌.
സൗദി അറേബ്യയില്‍ ഓരോ വര്‍ഷവും റോഡപകടങ്ങള്‍ വര്‍ധിച്ചുവരികയാണ്‌. നിരവധി കുടുംബങ്ങളാണ്‌ ഇത്‌ കാരണം അനാഥമാകുന്നത്‌. സ്‌ത്രീകള്‍ വിധവകളാകുകയും, കുട്ടികള്‍ അനാഥരാവുകയും ചെയ്യുന്നു. അപകടത്തില്‍ മരിക്കുന്നവരിലും പരിക്കേല്‍ക്കുന്നവരിലും സ്വദേശികള്‍ക്കൊപ്പം തന്നെ മലയാളികളുള്‍പ്പെടെയുള്ള വിദേശികളുടെ എണ്ണവും കുറവല്ല.
ട്രാഫിക്‌ നിയമങ്ങള്‍ പാലിക്കാതെയുള്ള അശ്രദ്ധമായ ഡ്രൈവിംഗും, അമിത വേഗതയുമാണ്‌ അപകടത്തിന്റെ പ്രധാന കാരണങ്ങളെന്നാണ്‌ ബന്ധപ്പെട്ട പഠനങ്ങള്‍ തെളിയിക്കുന്നത്‌. വാഹനാപകടങ്ങള്‍ ജീവിതത്തില്‍ ആഘാതമായ
സ്‌ത്രീകളുടെ ചിന്തയാണ്‌ കിഴക്കന്‍ പ്രവിക്യയില്‍ സ്‌ത്രീകളുടെ പ്രത്യേക ബോധവത്‌കരണ പരിപാടിക്ക്‌ പ്രേരകമായത്‌.
വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍ക്ക്‌ പരിഹാരം കാണാനും, അവ കുറച്ചുകൊണ്ടുവരാനും, കുടുംബ നായിക എന്ന നിലയില്‍ സ്‌ത്രീക്ക്‌ കഴിയും എന്ന വീക്ഷത്തോടെയാണ്‌ തുഖ്‌ബയിലെ വനിതാ വേദി ഈ പരിപാടി ആവിഷ്‌കരിച്ചത്‌.
ബോധവത്‌കരണത്തിനായി സെമിനാറുകളും ചര്‍ച്ചകളും പ്രഭാഷണങ്ങളും മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്‌. മാതാക്കളെയും അധ്യാപികമാരെയും വനിതാ സംഘടനകളെയും ഉപയോഗപ്പെടുത്തി അവര്‍ ബന്ധപ്പെടുന്ന തലങ്ങളില്‍ ട്രാഫിക്‌ സുരക്ഷാ നിയമങ്ങള്‍ക്ക്‌ പ്രചാരണം നല്‍കുന്നതിനാണ്‌ ഇത്‌ വഴി ഉദ്ദേശിക്കുന്നത്‌. ഇത്‌ വഴി ഇത്തരം കാര്യങ്ങളില്‍ അടുത്ത തലമുറക്ക്‌ അവബോധം പകരുന്നതിന്‌ കഴിയുമെന്നാണ്‌ സംഘാടകര്‍ കരുതുന്നത്‌. റോഡപകടങ്ങളില്‍ കുടുംബ നാഥന്മാരും മക്കളും, സഹോദരങ്ങളും നഷ്‌ടപ്പെട്ട്‌ ദു:ഖവും ജീവിതപ്രയാസങ്ങളും അനുഭവിക്കുന്ന സ്‌ത്രീകളില്‍ നിന്നാണ്‌ ഈ പരിപാടിക്ക്‌ പ്രചോദനം ലഭിച്ചതെന്ന്‌ തുഖ്‌ബ വിമന്‍സ്‌ സോഷ്യല്‍ ഡവലപ്‌മെന്റ്‌ കമ്മിറ്റി പ്രസിഡന്റ്‌ നഈമ അല്‍ സാമില്‍ വ്യക്തമാക്കി.
റോഡ്‌ സുരക്ഷ എല്ലാവരുടെയും ബാധ്യത എന്ന ബാനറില്‍ അല്‍കോബാറിലെ പ്രിന്‍സ്‌ സുല്‍ത്താന്‍ സയന്‍സ്‌ ആന്റ്‌ ടെക്‌നിക്കല്‍ സെന്റ റില്‍ നടക്കുന്ന സംഗമത്തിന്‌ കിഴക്കന്‍ പ്രവിശ്യാ ഗവര്‍ണര്‍ പ്രിന്‍സ്‌ മുഹമ്മദ്‌ ബിന്‍ ഫഹദിന്റെ പത്‌നി അമീറ ജവാഹിറ ബിന്‍ത്‌ നായിഫ്‌ ബിന്‍ അബ്‌ദുല്‍ അസീസ്‌ നേതൃത്വം നല്‍കും. സൗദി അരാംകോ, ട്രാഫിക്‌ അതോറിറ്റി, കിഴക്കന്‍ പ്രവിശ്യാ വനിതാ വിദ്യാഭ്യാസ വകുപ്പ്‌ തുടങ്ങിയവയുടെ സഹകരണത്തോടെയാണ്‌ പരിപാടി നടക്കുന്നത്‌. സൗദി അരാംകോയും വനിതാ വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന്‌ ട്രാഫിക്‌ സുരക്ഷാ നിയമ ബോധവത്‌കരണ പഠന സഹായി തയാറാക്കുന്നുണ്ട്‌. ഇത്‌ സംബനധമായ ബോധവത്‌കരണവും പഠനങ്ങളും കിഴക്കന്‍ പ്രവിശ്യയിലെ ഗേള്‍സ്‌ സ്‌കൂളുകളിലും നടക്കും. ട്രാഫിക്‌, ആരോഗ്യ വകുപ്പുകളും, റെഡ്‌ ക്രസന്റും ഇതുമായി സഹകരിക്കുന്നുണ്ട്‌.