പന്തളത്ത്‌ അഞ്ചാം വാര്‍ഡിലെ ഫലം കാതോര്‍ത്ത്‌ ദമാമില്‍ ഉമര്‍ഖാന്‍

ദമാം: പത്തനംതിട്ടയിലെ പന്തളം പഞ്ചായത്തില്‍ ഒരു വാര്‍ഡില്‍ ഒക്‌ടോബര്‍ 28ന്‌ ബുധനാഴ്‌ച ഉപതിരഞ്ഞെടുപ്പ്‌ നടക്കുമ്പോള്‍ ആവേശം ഉള്ളിലൊതുക്കി ദമാമില്‍ അബ്‌ദുല്ലാ ഉമര്‍ഖാന്‍.
വനിതാസംവരണമുള്ള അഞ്ചാം വാര്‍ഡില്‍ ഉമര്‍ഖാന്റെ സഹോദരി അലി മാമ്മാള്‍ ടീച്ചറാണ്‌ കൈപ്പത്തി ചിഹ്നത്തില്‍ മത്സരരംഗത്തുള്ളത്‌. സജീവ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനായ ഉമര്‍ഖാന്‍ ദമാമില്‍ ഫ്രണ്ട്‌സ്‌ ഓഫ്‌ ജനശ്രീ കോഓര്‍ഡിനേറ്ററാണ്‌.
നേരത്തെ മലപ്പുറം ജില്ലയില്‍ പന്താവൂര്‍, വെളിയംകോട്‌, എന്നിവിടങ്ങളിലും പരിസരങ്ങളിലും സ്‌കൂളുകളില്‍ അധ്യാപികയായിരുന്ന അലിമാമ്മാള്‍ ടീച്ചര്‍
കൊടക്കാട്‌ മുഹമ്മദന്‍ ഗവ. എല്‍.പി. സ്‌കൂളില്‍ നിന്നാണ്‌ റിട്ടയര്‍ ചെയ്‌തത്‌.
ഭര്‍ത്താവ്‌ അബ്‌ദുല്‍ വഹാബ്‌ തൃശൂര്‍ ജില്ലയില്‍ റിട്ടയേര്‍ഡ്‌ വനം വകുപ്പില്‍ ഫോറസ്റ്ററായിരുന്നു.
ദീര്‍ഘകാലം പന്തളം പഞ്ചായത്തില്‍ അംഗവും വൈസ്‌ പ്രസിഡന്റുമായിരുന്ന അന്തരിച്ച അബ്‌ദുല്‍കരീം റാവുത്തര്‍ അമ്മാവനാണ്‌. മൂന്നര ദശകത്തോളം അദ്ദേഹം പ്രതിനിധീകരിച്ചതാണ്‌ ഈ വാര്‍ഡ്‌. അബ്‌ദുല്‍ കരീം റാവുത്തര്‍ നാട്ടുകാരുടെ മെമ്പറപ്പയായിരുന്നു. തുടര്‍ന്ന്‌ വനിതാ സംവരണ വാര്‍ഡായപ്പോള്‍ യു.ഡി.എഫിലെ മുസ്‌ലിംലീഗ്‌ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച്‌ ഡി.ഐ.സി. പ്രതിനിധിയായിരുന്ന ഷാഹിദയാണ്‌ ജയിച്ചത്‌. കാന്‍സര്‍ ബാധിച്ച്‌ ഏതാനും മാസം മുമ്പ്‌ ഷാഹിദയുടെ നിര്യാണത്തെത്തുടര്‍ന്നാണ്‌ വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ്‌ വേണ്ടി വന്നത്‌.
അലി മാമ്മാള്‍ ടീച്ചര്‍ക്ക്‌ പുറമെ ബി.ജെ.പിയുടെ സുമതിയമ്മ (താമര), സ്വതന്ത്രരായ അഡ്വ. സബീന (ഉദയസൂര്യന്‍), നസീറ (കായ്‌ഫലമുള്ള തെങ്ങ്‌ സ്വതന്ത്ര) എന്നിവരാണ്‌ മത്സരരംഗത്തുള്ളത്‌. അഡ്വ. സബീനക്ക്‌ സി.പി.എമ്മും നസീറക്ക്‌ സി.പി.ഐയും പിന്തുണ നല്‍കുന്നുണ്ടൈങ്കിലും, പ്രധാന മത്സരം കൈപ്പത്തിയും താമരയും തമ്മിലാണെന്നും ഉമര്‍ഖാന്‍ പറഞ്ഞു. അമ്മാവന്റെ പാരമ്പര്യം നിലനിര്‍ത്തി സഹോദരി വിജയകിരീടം ചൂടുമെന്ന പ്രതീക്ഷയും പ്രാര്‍ത്ഥനയുമായി ദമാമിലുള്ള ഉമര്‍ഖാന്‍ തിരഞ്ഞെടുപ്പ്‌ ആവേശം പങ്കുവെക്കാന്‍ നാട്ടിലെത്താന്‍ കഴിയാത്തതിന്റെ ദു:ഖവും പങ്കുവെക്കുന്നു.