അല്‍ കോബാറില്‍ സൗദി സ്‌കൂള്‍ അടച്ചിട്ടു: പന്നിപ്പനി പടരാതിരിക്കാന്‍ ജാഗ്രത

ദമാം: പന്നിപ്പനി ബാധിച്ച്‌ കിഴക്കന്‍ പ്രവിശ്യയില്‍ ഒരു സ്വദേശി വിദ്യാര്‍ത്ഥിനി മരിച്ചതോടെ സ്‌കൂളുകളില്‍ രോഗം പടരുന്നത്‌ തടയാന്‍ ജാഗ്രത ശക്തമാക്കി.
പനി ബാധിച്ച്‌ സൗദി വിദ്യാര്‍ത്ഥിനി മരിച്ച റാകയിലെ ഗേള്‍സ്‌ സ്‌കൂള്‍ ഒരാഴ്‌ചത്തേക്ക്‌ അടച്ചിട്ടു.
വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളിലൂടെ എച്ച്‌ 1 എന്‍ 1 വൈറസ്‌ വ്യാപിക്കാതിരിക്കുന്നതിനും, ഈ പകര്‍ച്ച വ്യാധിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനും കിഴക്കന്‍ പ്രവിശ്യാ ഗവര്‍ണര്‍ പ്രിന്‍സ്‌ മുഹമ്മദ്‌ ബിന്‍ ഫഹദ്‌ കിഴക്കന്‍ പ്രവിശ്യാ വിദ്യാഭ്യാസ വിഭാഗം ജനറല്‍ ഡയരക്‌ടര്‍ ഡോ. അബ്‌ദുല്‍ റഹ്‌മാന്‍ അല്‍ മുദൈരിസ്‌ ഉള്‍പ്പെടെ വിദ്യാഭ്യാസ വകുപ്പിലെ ഉന്നതരുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ നിര്‍ദേശം നല്‍കി.
അല്‍കോബാര്‍ റാകയിലെ ഗേള്‍സ്‌ സ്‌കൂളിലെ പതിനാലുകാരിയായ സൗദി വിദ്യാര്‍ത്ഥിനിയാണ്‌ പനി ബാധിച്ച്‌ മരിച്ചത്‌. കഴിഞ്ഞ വാരാന്ത്യത്തില്‍ കുടുംബസമേതം റാകയിലേക്ക്‌ യാത്ര ചെയ്‌തിരുന്ന കുട്ടിയെ ദേഹാസ്വാസ്ഥ്യം കാരണം റിയാദില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. റിയാദ്‌ ആശുപത്രിയിലായിരുന്നു കഴിഞ്ഞ ദിവസം കുട്ടിയുടെ മരണം. ഈ വിദ്യാര്‍ത്ഥിനിയും അല്‍ ഖസീം പ്രവിശ്യയിലെ അല്‍ റസ്സില്‍ അപ്പര്‍ പ്രൈമറി വിഭാഗം സ്‌കൂളിലെ പന്ത്രണ്ട്‌ കാരനായ വിദ്യാര്‍ത്ഥിയും പന്നിപ്പനി വൈറസ്‌ ബാധിച്ച്‌ മരിച്ചതായി വിദ്യാഭ്യാസ വകുപ്പ്‌ വെളിപ്പെടുത്തിയതായി ഇന്നലെ മലയാളം ന്യൂസ്‌ വാര്‍ത്ത നല്‍കിയിരുന്നു.
പന്നിപ്പനി കാരണം വിദ്യാര്‍ത്ഥികള്‍ക്ക്‌ മരണം സംഭവിക്കുന്ന പക്ഷം പ്രസ്‌തുത സ്‌കൂള്‍ ഒരാഴ്‌ച അവധി നല്‍കണമെന്ന്‌ സൗദി വിദ്യാഭ്യാസ വകുപ്പ്‌ നിര്‍ദേശിച്ചിട്ടുണ്ട്‌. ഇതിനുസരിച്ച്‌ റാകയിലും അല്‍ റാസിലമുള്ള സ്‌കൂളുകള്‍ക്ക്‌ ഇന്നലെ മുതല്‍ ഒരാഴ്‌ചത്തേക്ക്‌ അവധി നല്‍കിയിട്ടുണ്ട്‌.
പന്നിപ്പനി പകരുന്നത്‌ തടയാനുള്ള മുന്‍കരുതരായി വേനല്‍ - റമദാന്‍ അവധിക്ക്‌ ശേഷം സ്‌കൂളുകള്‍ തുറക്കുന്നത്‌ വൈകിച്ചിരുന്നു. സ്‌കൂളുകളില്‍ അധ്യയനം സജീവമായതോടെ പന്നിപ്പനി വൈറസ്‌ ബാധയെും അതിന്റെ പ്രതിരോധ കാര്യങ്ങളും വിലയിരുത്തുന്നതിനായി ശനിയാഴ്‌ച ദമാമില്‍ കിഴക്കന്‍ പ്രവിശ്യാ ആരോഗ്യ വകുപ്പ്‌, വിദ്യാഭ്യാസ വകുപ്പ്‌ അധികൃതരുടെ സംയുക്ത യോഗം ചേര്‍ന്നു. ഈ സമിതി ഓരോ ആഴ്‌ചകളിലും കൂടിക്കാഴ്‌ച നടത്തി കാര്യങ്ങള്‍ വിലയിരുത്തും. പള്ളി ഇമാമുമാര്‍, ഖതീബുമാല്‍, മതപ്രബോധകര്‍, തുടങ്ങിയവരുടെ സഹകരണത്തോടെ പന്നിപ്പനി വ്യാപനത്തിനെതിരെ ജനങ്ങളില്‍ ബോധവത്‌കരണം വ്യാപകമക്കുന്നതിന്‌ ബന്ധപ്പെട്ട അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. വൈറസ്‌ പരിശോധനക്കായി പുതിയ യന്ത്ര സാമഗ്രികള്‍ വാങ്ങുന്നതിനും തീരുമാനിച്ചിട്ടുണ്ട്‌.
ഇതിനിടെ പന്നിപ്പനികെതിരായ വാക്‌സിന്‍ നല്‍കുന്നതില്‍ രക്ഷിതാക്കള്‍ ആശങ്കാകുലരാണെന്ന്‌ അറബ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. മറ്റ്‌ നാടുകളില്‍ വാക്‌സിനേഷനുമായി ബന്ധപ്പെട്ട്‌ പ്രചരിക്കുന്ന വാര്‍ത്തകളാണ്‌ രക്ഷിതാക്കളെ ആശങ്കാകുലരാക്കുന്നത്‌. വാക്‌സിനേഷന്റെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അതിനായി ആരെയും നിര്‍ബന്ധിക്കില്ലെന്നും താല്‍പ്പര്യമുള്ളവര്‍ മാത്രം ചെയ്‌താല്‍ മതിയെന്നും കിഴക്കന്‍ മേഖലാ ആരോഗ്യ മന്ത്രാലയം ഡയരരക്‌ടര്‍ ഡോക്‌ടര്‍ താരിഖ്‌ സാലിം, വിദ്യാഭ്യാസ വകുപ്പ്‌ ജനറല്‍ ഡയരക്‌ടര്‍ ഡോ. അബ്‌ദല്‍ റഹ്‌മാന്‍ അല്‍ മുദൈരിസ്‌ എന്നിവര്‍ വ്യക്തമാക്കിയിട്ടുണ്ട്‌.