നന്മണ്ട സ്വദേശി ചന്ദ്രന്‌ ജുബൈലില്‍ ചികിത്സാ സഹായനിധി സമാഹരിക്കുന്നു

ദമാം: കാന്‍സര്‍ ബാധിതനായി കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലുള്ള കോഴിക്കോട്‌ നന്മണ്ട സ്വദേശിയുമായ പി. ചന്ദ്രന്‌ നവോദയ ജുബൈല്‍ ഏരിയ കമ്മിറ്റി ധനസഹായം സമാഹരിക്കുന്നു. നവോദയ സിറ്റി യൂനിറ്റിന്റെ സജീവ പ്രവര്‍ത്തകനും എക്‌സിക്യൂട്ടീവ്‌ അംഗവുമായ ചന്ദ്രന്റെ ചികിത്സക്കായി ജുബൈല്‍ സിറ്റി യൂനിറ്റ്‌ സമാഹരിച്ച ചികിത്സാ സഹായനിധിയുടെ ആദ്യ ഗഡു 84,488 രൂപ സിറ്റി യൂനിറ്റ്‌ സെക്രട്ടറി ശാര്‍ങ്‌ധരന്‍ ഏരിയ വൈസ്‌ പ്രസിഡന്റ്‌ കോയാമു വയനാടിന്‌ കൈമാറി.
പതിനഞ്ച്‌ വര്‍ഷത്തിലേറെയായി ജുബൈലില്‍ തയ്യല്‍ക്കാരനായി ജോലി ചെയ്യുന്ന ചന്ദ്രന്‍ വയറുവേദനയെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്നു. അള്‍സറിനുള്ള മരുന്നുകള്‍ ഏറെ കഴിച്ചിട്ടും ഭേദമില്ലാത്തതുകൊണ്ട്‌ മൂന്ന്‌ മാസം മുമ്പാണ്‌ വിദഗ്‌ധ ചികിത്സക്ക്‌ നാട്ടില്‍ പോയത്‌. കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലെ വിദഗ്‌ധ പരിശോധനയില്‍ ആമാശയത്തില്‍ കാന്‍സറാണെന്ന്‌ കണ്ടെത്തുകയായിരുന്നു. വന്‍ ചികിത്സാ ബാധ്യത വരുന്ന ഈ രോഗത്തന്‌ ഒരു ഇന്‍ജെക്‌ഷന്‌ മാത്രം എഴുപതിനായിരം രൂപ ചിലവ്‌ വരുന്നതായി ചന്ദ്രനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ജുബൈല്‍ ഏരിയാ സെക്രട്ടറി ലക്ഷ്‌മണന്‍ അറിയിച്ചു.
ഭാര്യയും രണ്ട്‌ കുട്ടികളുമടങ്ങുന്നതാണ്‌ ചന്ദ്രന്റെ കുടുംബം. പണി തീരാത്ത വിടാണ്‌ ആകെ സമ്പാദ്യം. പരാധീനതകള്‍ക്കിടയിലും ചികിത്സക്കുള്ള പണം കണ്ടെത്താന്‍ വീട്‌ വില്‍ക്കാനുള്ള ഒരുക്കത്തിലാണ്‌ കുടുംബം. ഈ സാഹചര്യത്തില്‍ ചന്ദ്രന്റെ സുഹൃത്തുക്കള്‍ അദ്ദേഹത്തിന്റെ ചികിത്സക്കായി കൂടുതല്‍ തുക കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്‌.