ദമാമില്‍ നിന്ന്‌ നേരിട്ട്‌ കോഴിക്കോട്‌, കൊച്ചി എയര്‍ ഇന്ത്യ വിമാനം ഇനിയില്ല

ദമാം: എയര്‍ ഇന്ത്യയുടെ പുതിയ ശീതകാല ഷെഡ്യൂളില്‍ ദമാമില്‍ നിന്നും നേരിട്ടുള്ള കൊച്ചി, കോഴിക്കോട്‌ വിമാനങ്ങളും റദ്ദാക്കി. നാളെ ഒക്‌ടോബര്‍ 26 മുതല്‍ പുതിയ ഷെഡ്യൂല്‍ പ്രാബല്യത്തില്‍ വരും. കൊച്ചിയില്‍ നിന്നും കോഴിക്കോട്‌ നിന്നും ദോഹ വഴി മനാമയിലേക്ക്‌ സര്‍വീസ്‌ നടത്തിയിരുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ്‌ വിമാനങ്ങള്‍ സര്‍വീസ്‌ നിര്‍ത്തിയതിന്‌ തൊട്ടുപിറകെയാണ്‌ എയര്‍ ഇന്ത്യയുടെ പുതിയ നീക്കം.
ദമാമില്‍ നിന്നും നേരിട്ട്‌ കൊച്ചിക്ക്‌ നാലും കോഴിക്കോട്ടേക്ക്‌ രണ്ടും വിമാനങ്ങളാണ്‌ എയര്‍ ഇന്ത്യ പറത്തിയിരുന്നത്‌. ആറ്‌ സര്‍വീസുകള്‍ വെട്ടിക്കുറച്ച്‌ ശൈത്യകാല ഷെഡ്യൂളില്‍ മൂന്നാക്കിയതിന്‌ പുറമെ കൊച്ചിയിലേക്കും, കോഴിക്കോട്ടേക്കുമുള്ള യാത്രക്കാര്‍ ഇനി മസ്‌കത്ത്‌ വഴി യാത്ര ചെയ്യണം. ഞായര്‍, ബുധന്‍, വ്യാഴം അര്‍ധരാത്രികളിലാണ്‌ പുതിയ സര്‍വീസ്‌.
നേരിട്ടുള്ള യാത്രക്ക്‌ മൂന്നരയും നാലും മണിക്കൂര്‍ മാത്രമേ ആവശ്യമുള്ളുവെന്തിനാല്‍ പൊതുവെ കുടുംബങ്ങള്‍ ഏറെ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നത്‌ ഈ വിമാനങ്ങളിലാണ്‌. പുതിയ ക്രമീകരണമനുസരിച്ച്‌ ദമാമില്‍ നിന്നും കൊച്ചിയിലെത്തുന്നതിന്‌ മസ്‌കത്ത്‌, കോഴിക്കോട്‌ വഴി ഏഴ്‌ മണിക്കൂറിലധികം യാത്ര ചെയ്യേണ്ടി വരും.
മാര്‍ച്ച്‌ 23 വരെയാണ്‌ ശൈത്യ കാല ഷെഡ്യൂള്‍. പൊതുവെ യാത്രക്കാര്‍ കുറഞ്ഞ സമയമായതിനാലാണ്‌ സര്‍വീസുകള്‍ കുറക്കുന്നതെന്നും അടുത്ത വേനല്‍ക്കാല ഷെഡ്യൂളില്‍ കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കുമെന്നും അധികൃതര്‍ വിശദീകരിച്ചാതിയ ട്രാവല്‍ ഏജന്‍സി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. 140 പേര്‍ക്ക്‌ യാത്ര ചെയ്യാവുന്ന വിമാനമായിരിക്കും സര്‍വീസ്‌ നടത്തുക. ചൂട്‌ കാലത്ത്‌ ഇതേ വിമാനത്തില്‍ 90 പേര്‍ക്ക്‌ മാത്രമെ സീറ്റ്‌ നല്‍കാറുള്ളു.
ഇന്ത്യന്‍ എയര്‍ലൈന്‍സ്‌ (ഐ.സി) ബഹ്‌റൈന്‍ - ദോഹ കോഴിക്കോട്‌ - കൊച്ചി ബഹ്‌റൈന്‍ സര്‍വീസിന്റെ അവസാന വിമാനം ഇന്നലെ യാത്രയായി. ഈ വിമാനസര്‍വീസ്‌ റദ്ദാക്കുന്നത്‌ കിഴക്കന്‍ പ്രവിശ്യയില്‍ നിന്നും ദോഹയില്‍ നിന്നുമുള്ള യാത്രക്കാരെ വളരെയേറെ ദോഷകരമായി ബാധിക്കും. എയര്‍ ഇന്ത്യാ എക്‌സ്‌പ്രസും ബഹ്‌റിന്‍ എയറും സര്‍വീസ്‌ നടത്തുന്ന സാഹചര്യത്തില്‍ മനാമയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്‌ വലിയ പ്രയാസം നേരിടില്ലെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. കിഴക്കന്‍ പ്രവിശ്യയില്‍ നിന്നും കോസ്‌ വേ വഴി മനാമയിലെത്തി നാട്ടിലേക്കുള്ള യാത്രക്ക്‌ ഇന്ത്യന്‍ എയര്‍ലൈന്‍സിനെ ആശ്രയിക്കുന്നവരുടെ എണ്ണം നിരവധിയാണ്‌.
ആഴ്‌ചയില്‍ അഞ്ച്‌ ദിവസം എയര്‍ ഇന്ത്യാ എക്‌സ്‌പ്രസ്‌ സര്‍വീസ്‌ ബഹ്‌റാനില്‍ നിന്നും സര്‍വീസ്‌ നടത്തുമെന്ന്‌ അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌. എന്നാല്‍ ദമാമില്‍ നിന്നും മനാമയിലെത്താനുള്ള ചെലവ്‌ സ്വയം വഹിക്കേണ്ടി വരുമെന്നതിനാല്‍ ഇത്‌ ദമാം യാത്രക്കാരുടെ പ്രശ്‌നത്തിന്‌ പരിഹാരമാവില്ല. ദമാമില്‍ നിന്നുള്ള യാത്രക്കാരെ കോസ്‌വേ വഴി മനാമയിലെത്തിക്കുന്തിന്‌ ആവശ്യമായ സംവിധാനം എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ ഒരുക്കേണ്ടതുണ്ടെന്ന്‌ ആവശ്യമുയരുസ്വകാര്യ വിമാനക്കമ്പനികളായ ജറ്റ്‌ എയറും, ബഹ്‌റൈന്‍ എയറും അല്‍കോബാറില്‍ നിന്നും കോസ്‌വേ വഴി യാത്രക്ക്‌ സൗകര്യം ഒരുകുന്നുണ്ട്‌.
പുതിയ സമയക്രമവും യാത്രാ ക്രമീകരണവും യാത്രാക്ലേശങ്ങള്‍ക്ക്‌ ഒപ്പം കാര്‍ഗോയുടെ നീക്കത്തെയും നേരിട്ട്‌ ബാധിക്കുന്നതാണ്‌.
പ്രവാസി സമൂഹത്തെ വളരെ പ്രതികൂലമായി ബാധിക്കുന്ന ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും പരിഹാരം കാണണമെന്നും ദമാം ഫ്രണ്ട്‌സ്‌ ഓഫ്‌ ജനശ്രീ ആവശ്യപ്പെട്ട്‌ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍, വ്യോമയാന സെക്രട്ടറി, പ്രവാസി കരാര്യ മന്ത്രി വയലാര്‍ രവി, വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ എന്നിവര്‍ക്ക്‌ ഇ-മെയില്‍ സന്ദേശം അയച്ചതായി കോഓര്‍ഡിനേറ്റര്‍മാരായ അബ്‌ദുല്ലാ ഉമര്‍ഖാന്‍, മാത്യു ജോസഫ്‌, ഫ്രാന്‍സിസ്‌ ബി. രാജ്‌ എന്നിവര്‍ പത്രക്കുറില്‍ പഅറിയിചച്ചു.
തിരുവനന്തപുരത്തേക്ക്‌ എയര്‍ ഇന്ത്യാ എക്‌സ്‌പ്രസ്‌ തുടങ്ങാന്‍ പോകുന്നുവെന്ന്‌ ആറ്‌ മാസം മുമ്പ്‌ ദമമിലെ എയര്‍ ഇന്ത്യാ അധികൃതര്‍ ഉറപ്പ്‌ നല്‍കിയിരുന്നതായി ഫ്രണ്ട്‌സ്‌ ഓഫ്‌ ജനശ്രീ എടുത്തുപറയുന്നു. എയര്‍ ഇന്ത്യാ എക്‌സ്‌പ്രസ്‌ ആരംഭിക്കുമെന്ന വാഗ്‌ദാനം മംഗലാപുരം നിവാസികള്‍ക്കും ലഭിച്ചിരുന്നു. ഈ വാഗ്‌ദാനങ്ങളൊന്നും ഇത്‌ വരെ അതും പ്രാബല്യത്തില്‍ വന്നിട്ടില്ല. നിലവില്‍ തിരുവനന്തപുരത്തേക്ക്‌ ആഴ്‌ചയില്‍ ഒരു സര്‍വീസ്‌ മാത്രമാണ്‌ ദമാമില്‍ നിന്നും നേരിട്ടുള്ളത്‌. തമിഴ്‌നാടിന്റെ ദക്ഷിണാഭാഗത്തുള്ളവര്‍ വരെ തിരുവനന്തപുരം സര്‍വീസിനനെ ആശ്രയിക്കുന്നതിനാല്‍ ആഴ്‌ചയില്‍ ഒരു സര്‍വീസ്‌ എന്നത്‌ അപര്യാപ്‌തമാണെന്ന്‌ ഫ്രണ്ട്‌സ്‌ ഓഫ്‌ ജനശ്രീ വ്യക്തമാക്കി.