ഹൃദയാഘാതം - ആലപ്പുഴ സ്വദേശി ദമാമില്‍ നിര്യാതനായി


ദമാം: ആലപ്പുഴ പാലസ്‌ വാര്‍ഡില്‍ നമ്പൂരിപ്പറമ്പില്‍ ചന്ദ്രമോഹന്‍ നായര്‍ (53) ഹൃദയാഘാതം മൂലം നിര്യാതനായി. മലക്‌ റെന്റ്‌ എ കാറില്‍ ഡ്രൈവറായി ജോലി ചെയ്‌തിരുന്ന ചന്ദ്രമോഹന്‍ നായര്‍ എട്ട്‌ വര്‍ഷമായി നാട്ടില്‍ പോയിട്ടില്ലെന്ന്‌ സുഹൃത്തുക്കള്‍ പറഞ്ഞു.
കുമാരിയാണ്‌ ഭാര്യ. സിനി, സ്‌മിത, സുധി, സുരേഷ്‌ എന്നിവര്‍ മക്കളാണ്‌. മകള്‍ സിനി ഈയിടെ അല്‍കോബാര്‍ ദോസരി ഹോസ്‌പിറ്റലില്‍ നഴ്‌സായി ജോലിക്കെത്തിയിരുന്നു.
വ്യാഴാഴ്‌ച രാത്രി മദീനത്തുല്‍ ഉമ്മാലിലെ താമസസ്ഥലത്ത്‌ ഉറക്കത്തിനിടയില്‍ ശ്വാസ തടസം അനുഭവപ്പെട്ട ചന്ദ്രമോഹനന്‍ നായരെ സുഹൃത്തുക്കള്‍ ദമാം മെഡിക്കല്‍ കോംപ്ലക്‌സ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നാലര മണിയോടെയായിരുന്നു മരണം. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്‌.