ദമാമില്‍ നിര്യാതയായ കുടുംബിനിയുടെ മൃതദേഹം ഖബറടക്കി

ദമാം: പനി ബാധിച്ച്‌ ബുധനാഴ്‌ച നിര്യാതയായ മംഗലാപുരം സ്വദേശിനിയായ കുടുംബിനിയുടെ മൃതദേഹം ഇന്നലെ ഖബറടക്കി. ഗുരുതരനിലയില്‍ ദമാം മെഡിക്കല്‍ കോംപ്ലക്‌സ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മംഗലാപുരം ഉള്ളാള്‍ വെളച്ചില്‍ എ.എ.മന്‍സിലില്‍ അബ്‌ദുല്‍ റഹ്‌മാന്റെയും ബീഫാത്തിമയയുടെയും മകള്‍ താജുന്നീസ എന്ന തസ്‌ലീമ (21) ബുധനാഴ്‌ച സന്ധ്യയോടെയാണ്‌ മരിച്ചത്‌. റിയാദില്‍ റെഡ്‌മെയ്‌ഡ്‌ ബിസിനസ്‌ നടത്തുന്ന മംഗലാപുരം സ്വദേശി അബ്‌ദുല്‍ലത്തീഫിന്റെ ഭാര്യയാണ്‌. മൂന്നര വയസുള്ള ഫാത്തിമത്തുന്നിദ , ആറ്‌ മാസം മാത്രം പ്രായമുള്ള നുസ ആയിഷ എന്നിവര്‍ മക്കളാണ്‌.

പ്രസവം കഴിഞ്ഞ്‌ താജുന്നീസയെയും മക്കളും അബ്‌ദുല്‍ ലത്തീഫിനൊപ്പം ബഹ്‌റൈന്‍ വഴി ഒക്‌ടോബര്‍ ഒന്നിനാണ്‌ സൗദിയില്‍ തിരിച്ചെത്തിയത്‌. റിയാദിലേക്ക്‌ മടങ്ങുന്ന വഴി ദമാം ദാനയില്‍ ബിസിനസ്‌ നടത്തുന്നതാജുന്നീസയുടെ മാതൃസഹോദരന്‍ ഹാശിമിനും മറ്റ്‌ ബന്ധുക്കള്‍ക്കുമൊപ്പം അല്‍പ്പം ദിവസങ്ങള്‍ ചിലവഴിക്കാന്‍ തങ്ങിയതായിരുന്നു. ഇതിനിടെ പനി അനുഭവപ്പെട്ടതിനെത്തുടര്‍ന്ന്‌ ദമാമില്‍ സ്വകാര്യ ഡിസ്‌പന്‍സറിയില്‍ ചികിത്സ തേടിയിരുന്നു. രണ്ട്‌ ദിവസമായിട്ടും പനി വിടാതിരുന്നതിനാല്‍ എക്‌സ്‌റേ എടുത്തു. അസുഖം രൂക്ഷമായതിനെത്തുടര്‍ന്ന്‌ ദമാം മെഡിക്കല്‍ കോംപ്ലക്‌സില്‍ പ്രവേശിപ്പിച്ചു. അഞ്ച്‌ ദിവസത്തോളമായി അബോധാവസ്ഥയിലായിരുന്നു. ശ്വാസകോശത്തിനും കിഡ്‌നിക്കും രോഗം ബാധിച്ചതിനാല്‍ ഐ.സി.യുവില്‍ വെന്റിലേഷനില്‍ കഴിയുകയായിരുന്നു.
റിയാദില്‍ റെഡ്‌മെയ്‌ഡ്‌ ബിസിനസ്‌ നടത്തുന്ന അബ്‌ദുല്‍ ലത്തീഫ്‌ ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം കര്‍ണാടക ഘടകം പ്രവര്‍ത്തകനാണ്‌. ലത്തീഫിനെയും മറ്റ്‌ ബന്ധുക്കളെയും സാന്ത്വനിപ്പിക്കാന്‍ നിരവധി പേര്‍ വീട്ടിലെത്തിയിരുന്നു.
ദമാം ജലവിയ അല്‍ തുര്‍ക്കി മസ്‌ജിദില്‍ അസര്‍ നമസ്‌കാരത്തിന്‌ ശേഷം നടന്ന മയ്യിത്ത്‌ നമസ്‌കാരത്തില്‍ ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും വനിതകളുമുള്‍പ്പെടെ നിരവധി പേര്‍ സംബന്ധിച്ചു. തുടര്‍ന്ന്‌ നടന്ന ഖബറടക്കത്തിലും നിരവധി പേര്‍ സന്നിഹിതരായി.
അവധി ദിവസമായിരുന്നിട്ടും റിക്കോര്‍ഡ്‌ വേഗതയിലാണ്‌ സാമൂഹിക പ്രവര്‍ത്തകനായ നാസ്‌ വക്കം മൃതദേഹം ദമാമില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്‌. ഇന്ത്യന്‍ എംബസി വെല്‍ഫെയര്‍ വിഭാഗം മേധാവികളും ദമാമിലെ ജനൂബിയ പോലിസ്‌ സ്റ്റേഷന്‍, മോര്‍ച്ചറി അധികൃതരും ശ്ലാഘീനീയമായ സഹകരണമാണ്‌ നല്‍കിയത്‌.