മംഗലാപുരം സ്വദേശിനിയായ യുവതി ദമാമില്‍ നിര്യാതയായി

ദമാം: പനി ബാധിച്ച്‌ ഗുരുതരനിലയില്‍ ദമാം മെഡിക്കല്‍ കോംപ്ലക്‌സ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മംഗലാപുരം സ്വദേശിനിയായ കുടുംബിനി ദമാമില്‍ നിര്യാതയായി. മംഗലാപുരം ഉള്ളാള്‍ വെളച്ചില്‍ എ.എ.മന്‍സിലില്‍ അബ്‌ദുല്‍ റഹ്‌മാന്റെയും ബീഫാത്തിമയയുടെയും മകള്‍ താജുന്നീസ എന്ന തസ്‌ലീമ (21)യാണ്‌ ഇന്നലെ സന്ധ്യയോടെ മരിച്ചത്‌. ദമാമിലുള്ള മംഗലാപുരം സ്വദേശി അബ്‌ദുല്‍ലത്തീഫിന്റെ ഭാര്യയാണ്‌. ഈ ദമ്പതികള്‍ക്ക്‌ മൂന്നരയും ആറ്‌ മാസവും പ്രായമുള്ള രണ്ട്‌ മക്കളുണ്ട്‌.
അവധിക്ക്‌ നാട്ടില്‍ പോയിരുന്ന അബ്‌ദുല്‍ ലത്തീഫും കുടുംബവും ഏതാണ്ട്‌ പന്ത്രണ്ട്‌ ദിവസം മുമ്പാണ്‌ ബഹ്‌റൈന്‍ വഴി തിരിച്ചെത്തിയത്‌. മൂന്ന്‌ ദിവസം കഴിഞ്ഞ്‌ പനി അനുഭവപ്പെട്ടതിനെത്തുടര്‍ന്ന്‌ ദമാമില്‍ സ്വകാര്യ ഡിസ്‌പന്‍സറിയില്‍ ചികിത്സ തേടിയിരുന്നു. പിന്നീട്‌ എക്‌സ്‌റേയില്‍ പ്രശ്‌നം തോന്നിയതിനാല്‍ ദമാം മെഡിക്കല്‍ കോംപ്ലക്‌സില്‍ പ്രവേശിപ്പിച്ചു. അഞ്ച്‌ ദിവസത്തോളമായി അബോധാവസ്ഥയിലായിരുന്നു. ശ്വാസകോശത്തിനും കിഡ്‌നിക്കും രോഗം ബാധിച്ചതിനാല്‍ ഐ.സി.യുവില്‍ വെന്റിലേഷനിലായിരുന്നു താഹിറ.
ദമാമില്‍ റെഡിമെയ്‌ഡ്‌ ബിസിനസ്‌ നടത്തുന്ന അബ്‌ദുല്‍ ലത്തീഫ്‌ നേരത്തെ റിയാദിലായിരുന്നു. ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം കര്‍ണാടക ഘടകത്തിലെ പ്രവര്‍ത്തകനായ അബ്‌ദുല്‍ ലത്തീഫിനെ സാന്ത്വനിപ്പിക്കാന്‍ നിരവധി പേര്‍ വീട്ടിലെത്തിയിരുന്നു. മൃതദേഹം ദമാമില്‍ ഖബറടക്കുന്നതിന്‌ നടപടിക്രമങ്ങള്‍ സാമൂഹിക പ്രവര്‍ത്തകനായ നാസ്‌ വക്കം പൂര്‍ത്തിയാക്കി വരുന്നു.