വന്‍ ജനാവലിയുടെ നിറസാന്നിധ്യത്തില്‍ ദമാമില്‍ നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ്‌ തുറന്നു

ദമാം: കുടുംബിനികളും കുട്ടികളുമടക്കം വന്‍ ജനാവലിയുടെ നിറസാന്നിധ്യത്തില്‍ ദമാമില്‍ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ്‌ തുറന്നു. റിയാദ്‌ ചേമ്പര്‍ ഓഫ്‌ കൊമേഴ്‌സ്‌ പ്രതിനിധി ഫഹദ്‌ മുബാറക്‌ റിബണ്‍ മുറിച്ച്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു. ദമാം വാട്ടര്‍ ടാങ്കിന്‌ സമീപം അല്‍ ബിലാദ്‌ മാളിന്‌ സമീപം പ്രത്യേകം ഒരുക്കിയ വേദിയില്‍ മഗ്‌രിബ്‌ നമസ്‌കാരാനാന്തരം വൈകുന്നേരം അഞ്ചര മണിയോടെ നടന്ന ഉദ്‌ഘാടനചടങ്ങില്‍ ക്യാപ്‌റ്റന്‍ സാലെഹ്‌ റഷീദ്‌, അലി ഐഷ്‌ (ജിദ്ദ), നെസ്റ്റോ ഗ്രൂപ്പ്‌ എം.ഡി. കെ.പി. ബഷീര്‍ തുടങ്ങിയവരും ദമാമിലെ വിവിധ മലയാളി സാമൂഹിക - സാംസ്‌കാരിക സംഘടനാ നേതാക്കളും പ്രമുഖ വ്യക്തികളും സംബന്ധിച്ചു. ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ നാസര്‍ അബൂബക്കര്‍, ഡയരക്‌ടര്‍ സി.കെ. ഷംസുദ്ദീന്‍, ഡയരക്‌ടര്‍ എം.കെ. സിദ്ദീഖ്‌, ദമാം ജനറല്‍ മാനേജര്‍ അഷ്‌റഫ്‌ (കണ്ണൂര്‍) എന്നിവര്‍ ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കി.
പ്രശസ്‌ത വ്യാപാര ശൃംഖലയായ ജീപാസ്‌ ഗ്രൂപ്പിന്റെ ഭാഗമായ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റി ഇന്ത്യന്‍ ഉത്‌പന്നങ്ങളുടെ സൗദി അറേബ്യയിലെ ഏറ്റവും വിപുലമായ വിപണന കേന്ദമാണ്‌. നെസ്റ്റോ ശൃംഖലയിലെ രണ്ടാമത്‌ ശാഖയാണ്‌ ദമാമില്‍ ആരംഭിച്ചത്‌. എഴുപത്തിഅയ്യായിരം ചതുരശ്ര അടി വിസ്‌തൃതിയിലാണ്‌ ഈ ഹൈപ്പര്‍ മാര്‍ക്കറ്റ്‌ ഒരുക്കിയിരിക്കുന്നത്‌. നേരിട്ട്‌ ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ പച്ചക്കറികള്‍ മുതല്‍ ഭക്ഷ്യ വസ്‌തുക്കള്‍, മാംസം, ഇലക്‌ട്രോണിക്‌സ്‌, ടെക്‌സ്റ്റൈല്‍സ്‌ തുടങ്ങി വൈവിധ്യമാര്‍ന്ന ഉത്‌പന്നങ്ങള്‍ക്ക്‌ പ്രത്യേക വിഭാഗങ്ങളും വിശാലമായ കാര്‍പാര്‍ക്കിംഗ്‌ സൗകര്യവും ദമാമില്‍ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ സവിശേഷതകളില്‍ ഉള്‍പ്പെടും.
ഇന്ത്യയില്‍ നിന്ന്‌, വിശേഷിച്ചും, കേരളത്തില്‍ നിന്നുള്ള സവിശേഷ ഉത്‌പ്പന്നങ്ങള്‍ ഗുണമേന്മയും പുതുമയും നിലനിര്‍ത്തി മിതമായ നിരക്കില്‍ ലഭ്യമാക്കുന്നതിന്‌ തങ്ങള്‍ പ്രതിബദ്ധത പുലര്‍ത്തുമെന്ന്‌ നെസ്റ്റോ സി.ഇ.ഓ നാസര്‍ അബൂബക്കര്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള ഫ്രഷ്‌ മട്ടണും പച്ചക്കറികളുമാണ്‌ ഉദ്‌ഘാടന ദിവസം ആകര്‍ഷകമായ ഓഫറുകളോടെ അവതരിപ്പിച്ചത്‌. ഇന്ത്യന്‍ പച്ചക്കറികള്‍ക്ക്‌ കിലോ 4.90 തുടങ്ങിയ ഉദ്‌ഘാടന ഓഫറുകള്‍ രണ്ടാഴ്‌ചക്കാലം നീണ്ടുനില്‍ക്കുമെന്നും തുടര്‍ന്നും ആകര്‍ഷകമായ മറ്റ്‌ ഓഫറുകള്‍ ലഭ്യമായിരിക്കുമെന്നും മാനേജ്‌മെന്റ്‌ അറിയിച്ചു.