വാഹനാപകടം: മുറൂര്‍ കസ്റ്റഡിയില്‍ കഴിഞ്ഞ തൃശൂര്‍ സ്വദേശി ഷിജു മോചിതനായി


ദമാം: ഓടിച്ചിരുന്ന വാഹനം മറിഞ്ഞ അപകടത്തെത്തുടര്‍ന്ന്‌ നാല്‌ ദിവസമായി ദഹ്‌റാന്‍ മുറൂര്‍ തടവില്‍ കഴിഞ്ഞ മലയാളി യുവാവ്‌ മോചിതനായി. ദമാമില്‍ വീട്ടുഡ്രൈവറായിരുന്ന തൃശൂര്‍ പുത്തൂര്‍ സ്വദേശി ഷിജു ജോണ്‍ (28) എന്ന യുവാവിന്‌ സ്‌പോണ്‍സറുമായി നവോദയ വെല്‍ഫെയര്‍ വിഭാഗം കോഓര്‍ഡിനേറ്റര്‍ ഇ.എം. കബീറിന്റെ നിരന്തരമായ ഇടപെടലാണ്‌ മോചനത്തിന്‌ വഴിയൊരുക്കിയത്‌. അയല്‍വാസിയും സുഹൃത്തുമായ ലാഞ്ചോ (ജുബൈല്‍)യും സജീവമായി സഹകരിച്ചു.

ദമാം ദഹ്‌റാനിലെ റബ്‌വയില്‍ പ്രിന്‍സ്‌ സുല്‍ത്താന്‍ ഓഫീസ്‌ ജീവനക്കാരനായ അബ്‌ദുല്ലാഹ്‌ അല്‍ ഗാംദിയുടെ വീട്ടുഡ്രൈവറായി രണ്ട്‌ വര്‍ഷം മുമ്പാണ്‌ ഷിജു ജോണ്‍ എത്തിയത്‌. ജോലി നിര്‍ത്തി നാട്ടിലേക്ക്‌ പോകുന്നതിന്‌ തീരുമാനിച്ചിരിക്കെയാണ്‌ ഷിജു ജോണ്‍ ഓടിച്ച മെര്‍സിഡസ്‌ ബെന്‍സ്‌ കാറിന്‌ അപകടം നേരിട്ടത്‌. വാഹനം റോഡില്‍ നിന്നും തെന്നി മണലില്‍ ഇറങ്ങി മതിലിനിടിച്ച്‌ മറിയക്കുകയായിരുന്നു. കാര്‍ ഓടിക്കുമ്പോള്‍ ഒരു സ്വദേശി യുവാവ്‌ മുന്നില്‍ വാഹനം വട്ടം കറക്കിയെന്നും തുടര്‍ന്ന്‌ കാര്‍ വെട്ടിച്ചപ്പോള്‍ മണലില്‍ ഇറങ്ങി നിയന്ത്രണം നഷ്‌ടപ്പെട്ട്‌ ഭിത്തിയില്‍ ഇടിച്ചുമറിയുകയായിരുന്നുവെന്നാണ്‌ ഷിജുവിന്റെ വിശദീകരണം. വാഹനത്തിന്‌ ഇന്‍ഷ്വറന്‍സ്‌ കാലാവധി കഴിഞ്ഞിരുന്നത്‌ പ്രശ്‌നമായി.
ചെറിയ റോഡുകളില്‍ പോലും ഷാജി അമിത വേഗതയിലാണ്‌ വാഹനം ഓടിക്കുന്നതെന്നായിരുന്നു സ്‌പോണ്‍സറുടെ പരാതി. മുമ്പും ഷിജു ഓടിച്ച ഒരു വാഹനത്തിന്‌ അപകടം നേരിട്ടുവെന്നും കേവലം മൂവായിരം റിയാലിന്‌ ആക്രിക്കടയില്‍ നല്‍കേണ്ടി വന്നു.
ഇപ്പോഴുണ്ടായ അപകടത്തിലും മുപ്പതിനായിരത്തിലേറെ റിയാല്‍ നഷ്‌ടം നേരിട്ടതായി സ്‌പോണ്‍സര്‍ പറയുന്നു. ആദ്യ അപകടത്തില്‍ ഷിജുവിന്‌ കൈക്ക്‌ ചതവ്‌ പറ്റിയിരുന്നു. രണ്ടാമത്തെ അപകടത്തില്‍ കാര്യമായ പരിക്കില്ല. ദൈവാനുഗ്രഹം കൊണ്ടാണ്‌ രണ്ട്‌ അപകടവേളകളിലും തന്റെ കുടുംബമോ, കുട്ടികളോ വാഹനത്തില്‍ ഇല്ലാതിരുന്നതെന്നും അദ്ദേഹം പറയുന്നു.
ഷിജുവിന്റെ സുഹൃത്ത്‌ ലാന്‍ജോ ദമാം അമീര്‍ ഓഫീസില്‍ പരാതി നല്‍കിയിരുന്നു. ഷിജുവിനെ മോചിപ്പിക്കുന്നതിന്‌ സ്‌പോണ്‍സറുമായി പല തവണ സംസാരിച്ചതായി ഇ.എം. കബീര്‍ പറഞ്ഞു. നിരന്തരമായ നടത്തിയ ചര്‍ച്ചകളുടെ ഫലമായി 32,000 റിയാല്‍ നഷ്‌ടത്തിന്‌ പകരം
അയ്യായിരം റിയാല്‍ സ്വീകരിക്കാമെന്ന്‌ സ്‌പോണ്‍സര്‍ സമ്മതിച്ചു. മൂന്നാമത്‌ അപകടം വരുത്താതിരിക്കുന്നതിന്‌ ഒരു പിഴയായി കണ്ടാല്‍ മതിയെന്നാണ്‌ സ്‌പോണ്‍സറുടെ വാക്കുകളെന്ന്‌ കബീര്‍ പ റഞ്ഞു.
ഷിജു മോചിതനായി ആറ്‌ ദിവസത്തിനകം തുക നല്‍കാമെന്ന്‌ ലാന്‍ജോ ഉറപ്പ്‌ നല്‍കി. തുടര്‍ന്ന്‌ തിങ്കളാഴ്‌ച രാവിലെ ഷിജു ദഹ്‌റാന്‍ മുറൂര്‍ കസ്റ്റഡിയില്‍ നിന്നും മോചിതനായി. ജോലി തുടരാന്‍ സ്‌പോണ്‍സര്‍ നിര്‍ബന്ധിച്ചുവെങ്കിലും അതിന്‌ താല്‍പ്പര്യമില്ലാത്ത ഷിജു രണ്ട്‌ ദിവസത്തിനകം നാട്ടിലേക്ക്‌ മടങ്ങും.