സണ്‍ഷൈന്‍ സ്‌കൂളിന്റെ പുതിയ കെട്ടിടം തുറന്നു

ദമാം: അല്‍കോബാര്‍ റാകയില്‍ സണ്‍ഷൈന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളിന്റെ കെ.ജി. വിഭാഗം പ്രവര്‍ത്തിക്കുന്ന പുതിയ കെട്ടിടം ഉദ്‌ഘാടനം ഡോ. വി.എസ്‌. ജ്യോതി (ബദര്‍ അല്‍ റബീ ഡിസ്‌പന്‍സറി) നിര്‍വഹിച്ചു. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ മൂന്ന്‌ മാസത്തിലൊരിക്കല്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌ നടത്തുന്നതിന്‌ ബദര്‍ അല്‍ റബീ ഡിസ്‌പന്‍സറി സന്നദ്ധമാണെന്ന്‌ ഉദ്‌ഘാടന പ്രസംഗത്തില്‍ ഡോ. ജ്യോതി അറിയിച്ചു. ചടങ്ങില്‍ സ്‌കൂള്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ കീപ്പള്ളില്‍, ഡയരക്‌ടര്‍ ജോസഫ്‌ കളത്തില്‍ പറമ്പില്‍, ജോണ്‍തോമസ്‌, സ്‌കൂള്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ പി.ജി.എസ്‌. മേനോന്‍ തുടങ്ങിയവരും അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സംബന്ധിച്ചു.
ആരോഗ്യവും രോഗപ്രതിരോധവും എന്ന വിഷയം അവതരിപ്പിച്ച്‌ ഇന്റേണിസ്റ്റ്‌ ഡോ. ഹരീഷ്‌ കുമാര്‍ പ്രസന്റേഷന്‍ നിര്‍വഹിച്ചു. എച്ച്‌ 1 എന്‍ 1 പനിയെക്കുറിച്ച്‌ അദ്ദേഹം വിശദമായി സംസാരിച്ചു. തുടര്‍ന്ന്‌ സ്‌കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളെയും ഡോ. അക്‌ബര്‍, ഡോ. ഷാനവാസ്‌, എന്നിവര്‍ വൈദ്യ പരിശോധന നടത്തി.
സണ്‍ഷൈന്‍ സ്‌കൂളിന്റെ പുതിയ ഓഡിറ്റോറിയം ഉദ്‌ഘാടനം ഇതോടനുബന്ധിച്ച്‌ നടന്നു. കുട്ടികളിലെ സര്‍ഗസൃഷ്‌ടി പ്രോത്സാഹിപ്പിക്കുന്നതിനും ഭാവനയും കാലപരമായ പ്രകടനവും വളര്‍ത്താനും ഈ കേന്ദ്രം പ്രവര്‍ത്തിക്കുമെന്ന്‌ മാനേജ്‌മെന്റ്‌ അറിയിച്ചു.