കാറപകടത്തില്‍ മരിച്ച ഷൗക്കത്തിന്റെ മൃതദേഹം അഫീഫില്‍ ഖബറടക്കി.

ദമാം: ഉംറ തീര്‍ത്ഥാടനത്തിന്‌ പോകുന്ന വഴിയില്‍ കാറപകടത്തില്‍ നിര്യാതനായ
കോഴിക്കോട്‌ അടിവാരം കൈതപ്പൊയിലില്‍ കൊട്ടാരക്കുത്ത്‌ വീട്ടില്‍ ഷൗക്കത്ത്‌ അലി (36)യുടെ മൃതദേഹം ഇന്നലെ രാവിലെ അഫീഫ്‌ ഖബര്‍സ്ഥാനില്‍ ഖബറടക്കി. ജ്യേഷ്‌ഠന്‍ അബ്‌ദുല്‍ മജീദ്‌ (ജുബൈല്‍), സഹോദരിമാരുടെ ഭര്‍ത്താക്കന്മാരായ മുഹമ്മദ്‌ (ദമാം), ശരീഫ്‌ (റിയാദ്‌), എന്നിവര്‍ക്ക്‌ പുറമെ അഫീഫ്‌ മലയാളി സമാജം പ്രവര്‍ത്തകരുള്‍പ്പെടെ നിരവധി പേര്‍ ദുഹര്‍ നമസ്‌കാരത്തിന്‌ ശേഷം നടന്ന മയ്യിത്ത്‌ നമസ്‌കാരത്തിലും തുടര്‍ന്ന്‌ അന്ത്യ കര്‍മങ്ങളിലും പങ്കാളികളായി.
ദമാമില്‍ നിന്നും ഉംറക്ക്‌ പുറപ്പെട്ട റെന്റ്‌ എ കാറില്‍ അഞ്ച്‌ പേരാണുണ്ടായിരുന്നത്‌. അവര്‍ യാത്ര ചെയ്‌ത ടൊയോട്ട ഇന്നോവ കാര്‍ വെള്ളിയാഴ്‌ച പുലര്‍ച്ചെ അഞ്ച്‌ മണിയോടെയാണ്‌ റിയാദില്‍ നിന്നും നാനൂറ്‌ കിലോമീറ്റര്‍ അകലെ അഫീഫിന്‌ സമീപം ഹുമയാത്തില്‍ അപകടത്തില്‍ പെട്ടത്‌. കാറിലുണ്ടായിരുന്ന നാല്‌ പേര്‍ രക്ഷപ്പെട്ടുവെങ്കിലും കാര്‍ ഓടിച്ചിരുന്ന ഷൗക്കത്ത്‌ മരിച്ചു. മൃതദേഹം ഖബറടക്കുന്നതിന്‌ ആവശ്യമായ നടപടിക്രമങ്ങള്‍ ഷാജഹാന്‍ ആലുവയുടെ നേതൃത്വത്തില്‍ അഫീഫ്‌ മലയാളി സമാജം പ്രവര്‍ത്തകരാണ്‌ പൂര്‍ത്തിയാക്കിയത്‌.
മൊയ്‌തിന്‍കൂട്ടി ഹാജി - നഫീസ ദമ്പതികളുടെ ഒമ്പത്‌ മക്കളില്‍ ഇളയമകനാണ്‌ ഷൗക്കത്ത്‌. ഷമീമയാണ്‌ ഭാര്യ. തൗസീഫ്‌ (12), അജ്‌മല്‍ (7) എന്നിവര്‍ മക്കളാണ്‌.