ഖത്തറില്‍ ഡ്രൈവറായി എത്തിയ വയനാട്‌ സ്വദേശി റസ്സല്‍ സൗദി മരുഭൂമിയില്‍ ഒട്ടകം മേയ്‌ക്കുന്നു!!

ദമാം: ഖത്തറില്‍ ജോലിക്കെത്തിയ ഒരു മലയാളി കൂടി സൗദി മരുഭൂമിയില്‍ ഒട്ടകങ്ങളെ മേയ്‌ക്കാനെത്തി ദുരിതം നേരിടുന്നു. ഏതാണ്ട്‌ നാല്‌ വര്‍ഷമായി ഖത്തറില്‍ ജോലി ചെയ്‌തിരുന്ന വയനാട്‌ നാലാം മൈല്‍ സ്വദേശി റസ്സല്‍ (25) ആണ്‌ ഏതാനും ദിവസം മുമ്പ്‌ സൗദിയിലെത്തിയത്‌. ഉമ്മക്ക്‌ സുഖമില്ലെന്നും രണ്ടാഴ്‌ചക്കാലം വീട്ടില്‍ ജോലി ചെയ്‌താല്‍ മതിയെന്നും തെറ്റുധരിപ്പിച്ചാണ്‌ സ്‌പോണ്‍സര്‍ തന്നെ സൗദിയിലേക്ക്‌ കൊണ്ടുവന്നതെന്ന്‌ റസ്സല്‍ മലയാളം ന്യൂസിനോട്‌ പറഞ്ഞു.
അവിവാഹിതനായ റസ്സല്‍ ഹുസൈന്‍ - സാറ ദമ്പതികളുടെ മകനാണ്‌. നാട്ടില്‍ ഡ്രൈവറായിരുന്നു. അമ്മാവന്‍ കുഞ്ഞബ്‌ദുല്ല നാലായിരം റിയാല്‍ നല്‍കി വാങ്ങിയ വിസയില്‍ വീട്ടു ഡ്രൈവറായാണ്‌ ഖത്തറിലെത്തിയത്‌. ഹോട്ടല്‍ നടത്തുന്ന മുഹമ്മദ്‌ എന്ന ഹാജിയാരില്‍ നിന്നാണ്‌ വിസയെടുത്തത്‌. ര മെഡിക്കലിനും മറ്റുമുള്ള രേഖകള്‍ തന്നതും റെസിഡന്‍സ്‌ പെര്‍മിറ്റ്‌ എടുത്തു തന്നതും ഏജന്റാണ്‌. ണ്ട്‌ വര്‍ഷം കഴിഞ്ഞ്‌ നാട്ടില്‍ പോയി. ആയിരം റിയാല്‍ കൊടുത്താണ്‌ റീ എന്‍ട്രി വിസയടിച്ചത്‌. തിരിച്ചുവന്ന്‌ ഒന്നര വര്‍ഷമായി. പുറത്ത്‌ ജോലിയെടുക്കാനുള്ള കടലാസും ഏജന്റ്‌ തന്നു. നാല്‌ മാസം ജോലിയില്ലാതെ കഴിഞ്ഞു. ഈ കാലത്തൊന്നും സ്‌പോണ്‍സറെ കണ്ടിട്ടില്ല.
വേറെ ജോലി തേടുന്നതിന്‌ റിലീസ്‌ ലഭിക്കാന്‍ 5500 റിയാലാണ്‌ ഏജന്റ്‌ ആവശ്യപ്പെട്ടത്‌. റിലീസിനുള്ള സ്‌പോണ്‍സറുടെ രേഖ നല്‍കിയെങ്കിലും പുതിയ സ്‌പോണ്‍സറുമായി ബന്ധപ്പെടുത്തിയ ആള്‍ നാട്ടിലേക്ക്‌ പോയതോടെ ആ ശ്രമം വൃഥാവിലായി. വീണ്ടും മറ്റൊരു റിലീസ്‌ പേപ്പര്‍ സ്‌പോണ്‍സറില്‍ നിന്നും വേണമെന്ന്‌ ഏജന്റിനോട്‌ പറഞ്ഞിരുന്നു. ഇതിനിടെയാണ്‌ നേരില്‍ കാണണമെന്ന്‌ സ്‌പോണ്‍സര്‍ ആവശ്യപ്പെട്ടതായി ഏജന്റ്‌ പറഞ്ഞത്‌. അത്‌ ഇത്തരമൊരു കുരുക്കിലാക്കുമെന്ന്‌ സ്വപ്‌നത്തില്‍ പോലും കരുതിയില്ലെന്ന്‌ റസ്സല്‍ പറയുന്നു.
സ്‌പോണ്‍സര്‍ തന്റെ ഉമ്മാക്ക്‌ സുഖമില്ലെന്നും ദോഹ മുര്‍റയിലെ വീട്ടില്‍ പതിനഞ്ച്‌ ദിവസത്തേക്ക്‌ നില്‍ക്കണമെന്നും പറഞ്ഞാണ്‌ വിളിച്ചത്‌. അത്‌ കഴിഞ്ഞ്‌ നാട്ടില്‍ പോയി വരാന്‍ റീഎന്‍ട്രി തരാമെന്നും പറഞ്ഞു. ആ വാക്കുകള്‍ വിശ്വസിച്ച്‌ കൂടെ പോയി.
പാസ്‌പോര്‍ട്ടും ബതാഖയും വാങ്ങിവെച്ച സ്‌പോണ്‍സര്‍ അടുത്ത ദിവസം കൂട്ടിക്കൊണ്ട്‌ വന്നത്‌ സൗദി മരുഭൂമിയിലേക്കാണ്‌. കൊടുംകാടാണ്‌ ഇവിടെ. അറുപത്‌ ഒട്ടകത്തെ നോക്കാനുണ്ട്‌. അവക്ക്‌ വെള്ളവും പുല്ലും നല്‍കി മേച്ച്‌ നടക്കുന്നതാണ്‌ ജോലി. ഇടക്ക്‌ സ്‌പോണ്‍സറുടെ പിതാവും അനിയനും വരുന്നു. ഒട്ടകങ്ങളെ കറന്ന്‌ പാലുമായി അവര്‍ പോകും. ഭക്ഷണമില്ലാതെ അവശനാണ്‌. പൊരിഞ്ഞ ചൂടില്‍ മരുഭൂമിയിലൂടെ കിലോമീറ്റര്‍ കണക്കിന്‌ നടന്ന്‌ കാല്‍പൊട്ടി ചോര വരുന്നു. താന്‍ എവിടെയാണുള്ളതെന്ന്‌ പോലും റസ്സലിന്‌ പറയാനാവുന്നില്ല. അഞ്ച്‌ കിലോമീറ്റര്‍ അകലെ സറാറയെന്ന സ്ഥലമുണ്ടെന്ന്‌ ആരോ പറഞ്ഞ വിവരം മാത്രമാണ്‌ റസ്സലിനുള്ളത്‌.
പതിനെട്ട്‌ ദിവസം മുമ്പാണ്‌ സൗദിയിലെത്തിയത്‌. വിസിറ്റിംഗ്‌ വിസയാണ്‌ അടിച്ചിരിക്കുന്നത്‌. നവമ്പര്‍ 13ന്‌ വിസയുടെ കാലാവധി തീരുമെന്നത്‌ റസ്സലിനെ അലട്ടുന്നു. ഇതിനിടെ നാട്ടില്‍ പിതാവിന്‌ അസുഖം കാരണം ആശുപത്രിയിലെന്ന്‌ വിവരം ലഭിച്ചത്‌ കൂടുതല്‍ ദു:ഖമാകുന്നു. ഇന്ത്യന്‍ എംബസികളുടെയും സൗദിയിലും ഖത്തറിലുമുള്ള സാമൂഹിക പ്രവര്‍ത്തകരുടെയും തന്നെ മരുഭൂമിയില്‍ നിന്നും രക്ഷപ്പെടുത്തുന്നതിന്‌ വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ്‌ റസ്സല്‍.