വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിയെ വിദഗ്‌ധ ചികിത്സക്ക്‌ ഇന്ന്‌ നാട്ടിലെത്തിക്കുന്നു


ദമാം: വാഹനമിടിച്ച്‌ ഗുരുതരമായി പരിക്കേറ്റ്‌ ആശുപത്രിയിലായിരുന്ന തൊടുപുഴ എടവട്ടി പുത്തന്‍വീട്ടില്‍ ഷാജിയുടെ മകന്‍ അന്‍സാരി (23)യെ വിദഗ്‌ധ ചികിത്സക്കായി ഇന്ന്‌ നാട്ടിലേക്ക്‌ കൊണ്ടുപോകും. സൗദിയ കൊച്ചി വിമാനത്തില്‍ ഒരു സുഹൃത്തും അന്‍സാരിയെ അനുഗമിക്കുന്നുണ്ട്‌.
എട്ട്‌ മാസം മാത്രം മുമ്പ്‌ സൗദിയിലെത്തിയ അന്‍സാരി ദമാമില്‍ വിഞ്ച്‌ ഡ്രൈവറായി ജോലി ചെയ്‌ത്‌ വരികയായിരുന്നു. സ്വദേശിയുടെ കേട്‌ പറ്റിയ കാര്‍ വിഞ്ചില്‍ കയറ്റി സ്‌ക്രൂ മുറുക്കുന്ന സമയത്ത്‌ ഒരു സ്വദേശിയുടെ നിയന്ത്രണം വിട്ടുവന്ന കാപ്രിസ്‌ കാറാണ്‌ അന്‍സാരിയെ ഇടിച്ചു തെറിപ്പിച്ചത്‌.
റെഡ്‌ ക്രസന്റ്‌ ആംബുലന്‍സ്‌ ദമാമിലെ സ്വകാര്യ ആശുപത്രിയിലാണ്‌ അന്‍സാരിയെ എത്തിച്ചത്‌. പ്രാഥമിക ശുശ്രൂഷ നല്‍കിയ ആശുപത്രി പരിക്കേറ്റ കാലുകള്‍ക്ക്‌ ശസ്‌ത്രക്രിയ നടത്തുന്നതിന്‌ അമ്പതിനായിരം റിയാല്‍ ചെലവ്‌ വരുമെന്നാണ്‌ അറിയിച്ചത്‌. ഇതിന്‌ മുന്‍കൂര്‍ തുക നല്‍കാന്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കഴിയാതിരുന്നതിനാല്‍ ശസ്‌ത്രക്രിയ നടത്തായെ വേദന സംഹാരികള്‍ മാത്രമായി കഴിയുകയായിരുന്നു. ഈ സാഹചര്യത്തിലാണ്‌ അന്‍സാരിയെ പെട്ടെന്ന്‌ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചത്‌. റിയാദില്‍ ജോലി ചെയ്യുന്ന ജ്യേഷ്‌ഠന്‍ അനീഷ്‌ അപകടവിവരമറിഞ്ഞ്‌ ദമാമിലെത്തിയിരുന്നു. ഫ്രറ്റേണിറ്റി ഫോറം ദമാം ഘടകം ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന്‌ സഹകരണം നല്‍കി.
തആവുന്‍ കമ്പനിയുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ്‌ കാര്‍ഡ്‌ അന്‍സാരിക്കുണ്ട്‌. എന്നാല്‍ ഇത്‌ പ്രകാരമുള്ള ഇന്‍ഷ്വറന്‍സ്‌ പരിരക്ഷയില്‍ വാഹനം ഇടിച്ച അപകടം ഉള്‍പ്പെടില്ലെന്നാണ്‌ ബന്ധപ്പെട്ട കമ്പനി അധികൃതര്‍ വ്യക്തമാക്കിയതെന്ന്‌ ഫ്രറ്റേണിറ്റി ഫോറം വെല്‍ഫെയര്‍ വിഭാഗം പ്രതിനിധി മുഹമ്മദലി മണ്ണാര്‍ക്കാട്‌ പറഞ്ഞു. ആശുപത്രിയില്‍ പണമടച്ച്‌ ചികിത്സ നേടാനും പിന്നീട്‌ കോടതിയില്‍ കേസ്‌ തീരുമാനമാകുമ്പോള്‍ കോടതി വിധിയനുസരിച്ചുള്ള പണം തിരിച്ചുലഭിക്കുമെന്നുമാണ്‌ ട്രാഫിക്‌ വിഭാഗത്തില്‍ നിന്നും വ്യക്തമാക്കിയതെന്ന്‌ മുഹമ്മദലി അറിയിച്ചു.