ഏകദൈവാരാധാന വിജയത്തിലേക്കുള്ള വഴി

ദമാം: പ്രപഞ്ച സ്രഷ്‌ടാവും നിയന്ത്രകനുമായ അല്ലാഹുവിനെ യഥാവിധം അറിഞ്ഞും അവനെ മാത്രം ആരാധിച്ചും ജീവിക്കുമ്പോഴാണ്‌ മനുഷ്യരുടെ മുന്നില്‍ സ്വര്‍ഗവിജയത്തിലേക്കുള്ള വഴി സുഗമവും സുരക്ഷിതവുമായിത്തീരുകെയെന്ന്‌ പ്രഗത്ഭ പണ്‍ഡിതനും വാഗ്മിയുമായ മോയിന്‍കുട്ടി മദനി പ്രസ്‌താവിച്ചു. ജുബൈല്‍ ദഅവ സെന്ററും ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററും സംയുക്തമായി നടത്തിയ തസ്‌ഫിയ ഏകദിന വൈജ്ഞാനിക വേദിയില്‍ തൗഹീദ്‌ വിജയത്തിലേക്കുള്ള വഴി എന്‌ വിഷയം അവതരിപ്പിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദര്‍ശ പ്രബോധനത്തിന്‌ പ്രലോഭനങ്ങളും നീക്കുപോക്കുകളും തടസം നില്‍ക്കരുത്‌. പരിസര നിര്‍മ്മാണത്തിന്‌ ശേഷം മാത്രമെ പ്രബോധനമാകാവൂ എന്ന നിലപാട്‌ പ്രവാചകന്മാരുടെ നിലപാടുകളുമായി യോജിക്കുന്നതല്ലെന്ന്‌ അദ്ദേഹം തുടര്‍ന്ന്‌ പറഞ്ഞു.
രണ്ടാമത്‌ സെഷനില്‍ ശാകിര്‍ ഹുസൈന്‍ സലഫി കര്‍മ്മ വിശുദ്ധിക്കൊരു മാതൃക എന്ന വിഷയത്തില്‍ ക്ലാസെടുത്തു. വ്യക്തി ജീവിതത്തിലുണ്ടാകുന്ന ലൗകിക പരീക്ഷണങ്ങള്‍ ഇസ്‌ലാമിക നിഷ്‌ഠകള്‍ പാലിക്കുന്നതിന്‌ തടസമാകരുതെന്ന്‌ അദ്ദേഹം ഉണര്‍ത്തി. പ്രവാചകന്റെ ശുദ്ധമായ ദീനി രീതികളെ അവഗണിക്കുന്ന സ്വഭാവം മുസ്‌ലിംകളില്‍ ഉണ്ടാകാന്‍ പാടില്ല. പ്രവാസികളില്‍ ഇസ്‌ലാമിക സന്ദേശമെത്തിക്കാന്‍ അവരവരുടെ ഭാഷകളില്‍ പഠനക്ലാസുകള്‍ക്ക്‌ അവസരമേകുന്നതിന്‌ മുന്‍കൈയെടുത്ത സൗദി മുന്‍ ഗ്രാന്റ്‌ മുഫ്‌തി ശൈഖ്‌ അബ്‌ദുല്‍ അസീസ്‌ ബിന്‍ ബാസിനെ അദ്ദേഹം പ്രത്യേകം അനുസ്‌മരിച്ചു.
മൂന്നാമത്‌ സെഷനില്‍ വിശ്വാസിയുടെ ജീവിത ചിന്തകള്‍ എന്ന വിഷയത്തില്‍ മൗലവി സുഹൈര്‍ ചുങ്കത്തറ പ്രഭാഷണം നടത്തി. ഐഹിക ലോകത്തിന്റെ വസ്‌ത്രമണിഞ്ഞ പരലോകത്തേക്കുള്ള യാത്രികനാണ്‌ മനുഷ്യനെന്നും, യാത്രയുടെ ലക്ഷ്യം സ്വര്‍ഗമാകയാല്‍ നന്മകളുടെ വേലിതീര്‍ത്തും തിന്മകളെ പ്രതിരോധിച്ചും ശ്രദ്ധയോടെ ജീവിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു.
ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ്‌ ഡോ. മുഹമ്മ്‌ദ ഫാറൂഖ്‌ അധ്യക്ഷനായിരുന്നു. കര്‍ണാടക സലഫീ അസോസിയേഷനെ പ്രതിനിധീകരിച്ച്‌ അശ്‌റഫ്‌ അലി സംസാരിച്ചു. ദഅവ സെന്റര്‍ മലയാളം വിഭാഗം പ്രബോധകന്‍ മൗലവി സമീര്‍ മുണ്ടേരി, അന്‍വര്‍ അബൂബക്കര്‍, അബ്‌ദുസ്സമദ്‌ വിളയില്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ സ്വാഗതവും യൂസുഫ്‌ ശരീഫ്‌, മൊയ്‌തീന്‍കുട്ടി, അന്‍വര്‍ഷാ എന്നിവര്‍ നന്ദിയും പറഞ്ഞു. തസ്‌ഫിയ പ്രശ്‌നോത്തരിയില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വി.ഇ. ബഷീര്‍ വിതരണം ചെയ്‌തു. മുഹമ്മദ്‌ കബീര്‍ സലഫിയുടെ ഹദീസ്‌ ക്ലാസോടെയാണ്‌ പരിപാടി ആരംഭിച്ചത്‌.
ബാബുത്തസ്‌ഫിയ എന്ന കുട്ടികളുടെ പരിപാടി അര്‍ഷദ്‌ ബിന്‍ ഹംസ ഉദ്‌ഘാടനം ചെയ്‌തു. ഇബ്രാഹിം സലഫി, റാസ്‌തനൂറ അവതാരകനായിരുന്നു. അല്‍ ഫുര്‍ഖാന്‍ മദ്രസ വിദ്യാര്‍ത്ഥി ശാഹിദ്‌ ഷാജി നന്ദി പറഞ്ഞു.