ആകര്‍ഷകമായ ഓഫറുകളുമായി ദമാമില്‍ നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ്‌ 21ന്‌ തുറക്കുന്നു

ദമാം: ഇന്ത്യന്‍ ഉത്‌പന്നങ്ങളുടെ സൗദി അറേബ്യയിലെ ഏറ്റവും വിപുലമായ വിപണന കേന്ദ്രമായ നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ പുതിയ ശാഖ ദമാമില്‍ ആരംഭിക്കുന്നു. മെഡിക്കല്‍ കോംപ്ലക്‌സ്‌ റോഡിലെ അല്‍ ബിലാദ്‌ മാളില്‍
ഒക്‌ടോബര്‍ 21ന്‌ ബുധനാഴ്‌ച വൈകുന്നേരം അഞ്ച്‌ മണിക്ക്‌ ഖാലിദ്‌ അല്‍ സാലെഹ്‌ (അല്‍ ശര്‍ഖിയ ചേമ്പര്‍) ഉദ്‌ഘാടനം നിര്‍വഹിക്കുമെന്ന്‌
ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ നാസര്‍ അബൂബക്കര്‍, ഡയരക്‌ടര്‍ സി.കെ. ഷംസുദ്ദീന്‍, ഡയരക്‌ടര്‍ എം.കെ. സിദ്ദീഖ്‌ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ദമാം പോലീസ്‌ മേധാവി ക്യാപ്‌റ്റന്‍ സാദ്‌ അല്‍ ഖുബൈസി, നെസ്റ്റോ ഗ്രൂപ്പ്‌ എം.ഡി. കെ.പി. ബഷീര്‍ തുടങ്ങിയ മറ്റ്‌ പ്രമുഖ വ്യക്തികളും സംബന്ധിക്കും.
പ്രശസ്‌ത വ്യാപാര ശൃംഖലയായ ജീപാസ്‌ ഗ്രൂപ്പിന്റെ ഭാഗമായ നെസ്റ്റോ ഇതിനകം തന്നെ എല്ലാ വിഭാഗം ഉപഭോക്താക്കളുടെയും അംഗീകാരം പിടിച്ചുവാങ്‌ഹിയിട്ടുണ്ട്‌. അന്താരാഷ്‌ട്ര നിലവാരമുള്ള ഒരു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ എല്ലാ ആധുനിക സൗകര്യങ്ങളും ഒരുക്കുന്നതോടൊപ്പം ഇന്ത്യയില്‍ നിന്ന്‌, വിശേഷിച്ചും, കേരളത്തില്‍ നിന്നുള്ള സവിശേഷ ഉത്‌പ്പന്നങ്ങള്‍ ഗുണമേന്മയും പുതുമയും നിലനിര്‍ത്തി മിതമായ നിരക്കില്‍ ലഭ്യമാക്കുക എന്ന നെസ്റ്റോയുടെ പ്രതിബദ്ധതയുടെ തുടര്‍ച്ചയായിരിക്കും ദമാമിലെ പുതിയ സംരംഭത്തിന്റെയും ലക്ഷ്യമെന്ന്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ നാസര്‍ അബൂബക്കര്‍ പറഞ്ഞു. മൂന്നാമത്‌ ഹൈപ്പര്‍ മാര്‍ക്കറ്റ്‌ റിയാദ്‌ ഹാരയില്‍ ആരംഭിക്കും. നാലാമത്തേത്‌ ഹസയില്‍ തുടങ്ങുന്നതിന്‌ നടപടികളായി.
എഴുപത്തിഅയ്യായിരം ചതുരശ്ര അടി വിസ്‌തൃതിയിലാണ്‌ ദമാമില്‍ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ്‌ ഒരുക്കിയിരിക്കുന്നത്‌. നേരിട്ട്‌ ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ പച്ചക്കറികള്‍ മുതല്‍ ഭക്ഷ്യ വസ്‌തുക്കള്‍, മാംസം, ഇലക്‌ട്രോണിക്‌സ്‌, ടെക്‌സ്റ്റൈല്‍സ്‌ തുടങ്ങി വൈവിധ്യമാര്‍ന്ന ഉത്‌പന്നങ്ങള്‍ക്ക്‌ പ്രത്യേക വിഭാഗങ്ങളും വിശാലമായ കാര്‍പാര്‍ക്കിംഗ്‌ സൗകര്യവും നെസ്റ്റോ ദമാമിന്റെ വിവിധ സവിശേഷതകളില്‍ ഉള്‍പ്പെടും. അഷ്‌റഫ്‌ (കണ്ണൂര്‍) ദമാമില്‍ ജനറല്‍ മാനേജറായി പ്രവര്‍ത്തിക്കും.
വന്‍ തുകയുടെ ഒരു സമ്മാനത്തിന്‌ പകരം വില കുറച്ച്‌ കഴിയുന്നത്ര കൂടുതല്‍ പേര്‍ക്ക്‌ അതിന്റെ ഗുണം ലഭ്യമാക്കുന്നതാണ്‌ തങ്ങളുടെ വിപണന തന്ത്രമെന്ന്‌ നാസര്‍ അബൂബക്കര്‍ വിശദീകരിച്ചു.
ഇന്ത്യന്‍ പച്ചക്കറികള്‍ക്ക്‌ കിലോ 4.90 തുടങ്ങി ഉദ്‌ഘാടന ഓഫറുകള്‍ രണ്ടാഴ്‌ചക്കാലം നീണ്ടുനില്‍ക്കും. ആകര്‍ഷകമായ ഓഫറുകള്‍ തുടര്‍ന്നും നെസ്റ്റോയില്‍ ലഭ്യമായിരിക്കുമെന്ന്‌ മാനേജ്‌മെന്റ്‌ അറിയിച്ചു. ഉദ്‌ഘാടന ചടങ്ങിലും തുടര്‍ന്നും മാനേജ്‌മെന്റ്‌ എല്ലാവരുടെയും സഹകരണം തേടി.