ദുരിത പര്‍വത്തിന്‌ അറുതി; മരുഭൂമിയില്‍ നിന്നും തിരിച്ച്‌ ഖത്തറിലെത്തിയ
റംശാദ്‌ ഇന്ന്‌ നാട്ടിലേക്ക്‌ മടങ്ങുന്നു

ദമാം: പാലക്കാട്‌ കുഴല്‍മന്ദം കോട്ടായി പരുത്തിപ്പുള്ളി ചോലങ്ങാടന്‍ ഉമറിന്റെയും സുബൈദയുടെയും മകന്‍ സ്വദേശി ചോലങ്ങാടന്‍ റംശാദ്‌ ഇന്ന്‌ സ്വന്തം പാസ്‌പോര്‍ട്ടില്‍ ഖത്തറില്‍ നിന്നും നാട്ടിലേക്ക്‌ മടങ്ങുന്നു. പാസ്‌പോര്‍ട്ടും മറ്റ്‌ രേഖകളുമായി സ്‌പോണ്‍സര്‍ ഡീപോര്‍ട്ടേഷന്‍ സെന്ററിലെത്തിച്ച റംശാദിനെ ഇന്ന്‌ കാലത്ത്‌ ദുബൈ വഴി കരിപ്പൂരിലേക്ക്‌ തിരിച്ചയക്കുമെന്ന്‌ വിവരംലഭിച്ചതായി ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം ഖത്തര്‍ സെക്രട്ടറി നിസാമുദ്ദീന്‍ കോട്ടയം അറിയിച്ചു.
വന്‍ തുക നല്‍കി നേടിയ വീട്ടു ഡ്രൈവറുടെ വിസയില്‍ ജൂലൈ 25നാണ്‌ റംശാദ്‌ ഖത്തറിലെത്തിയത്‌.സൗദിയിലെ മരുഭൂമിയില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതനായ റംശാദിനെക്കുറിച്ച്‌ മലയാളം ന്യൂസ്‌ (സെപ്‌തംബര്‍ 13) വാര്‍ത്ത നല്‍കിയിരുന്നു. തുടര്‍ന്ന്‌ റിയാദിലെയും ദോഹയിലെയും ഇന്ത്യന്‍ എംബസി അധികൃതരും ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം ദമാം, ദോഹ, റിയാദ്‌ ഘടകങ്ങളും കൂട്ടായി നടത്തിയ ശക്തമായ ഇടപെടല്‍ കാരണം രണ്ട്‌ ദിവസം മുമ്പ്‌ റംശാദിനെ മരുഭൂമിയില്‍ നിന്നും ഖത്തറിലേക്ക്‌ തിരിച്ചുകൊണ്ടുപോയി. ദോഹ ഇന്ത്യന്‍ എംബസി ഫസ്റ്റ്‌സെക്രട്ടറി ഹാരിഷ്‌ അറോറയും റിയാദ്‌ ഇന്ത്യന്‍ എംബസി വെല്‍ഫെയര്‍ വിഭാഗത്തിലെ പി.കെ. മിശ്രയും നല്‍കിയ സഹകരണത്തിന്‌ ഫോറം ഭാരവാഹികള്‍ നന്ദി പറഞ്ഞു.
ഖത്തറില്‍ നിന്നും സൗദിയിലെ മരുഭൂമിയില്‍ എത്തുന്നവര്‍ പുറം ലോകത്തേക്ക്‌ രക്ഷപ്പെട്ടാല്‍ തന്നെ യാത്രാരേഖയായി റിയാദ്‌ എംബസിയില്‍ നിന്നും ഇ.സി. നേടി നാട്ടിലേക്ക്‌ മടങ്ങാറാണ്‌ പതിവ്‌. ഖത്തറിലേക്ക്‌ തിരിച്ചുകൊണ്ടുപോയി പാസ്‌പോര്‍ട്ടില്‍ തന്നെ റംശാദ്‌ നാട്ടിലേക്ക്‌ മടങ്ങുന്നത്‌ വേറിട്ട അനുഭവമായി.