വാഹനാപകടം - കാസര്‍ഗോഡ്‌ സ്വദേശി അബൂബക്കറിനെ ദമാം ജയിലിലേക്ക്‌ മാറ്റി

ദമാം: ഒന്നര മാസം മുമ്പുണ്ടായ വാഹനാപകടക്കേസില്‍ കുറ്റം ചുമത്തി മലയാളി വീട്ടു ഡ്രൈവര്‍ തടവില്‍. സ്‌പോണ്‍സറുടെ ഫോര്‍ഡ്‌ കാര്‍ ഓടിച്ച കാസര്‍ഗോഡ്‌ ചേരാല്‍ ഹൗസില്‍ അബൂബക്കര്‍ സിദ്ദീഖാ (37)ണ്‌ തടവില്‍ കഴിയുന്നത്‌. രണ്ടാഴ്‌ചയോളം ദമാം മുറൂറില്‍ തടവില്‍ കിടന്ന അബൂബക്കറിനെ ഇന്നലെ രാവിലെയാണ്‌ ദമാം ഫൈസലിയ ജയിലിലേക്ക്‌ മാറ്റി. സ്‌പോണ്‍സറുടെ വാഹനത്തിന്‌ ഇസ്‌തിമാറയും ഇന്‍ഷ്വറന്‍സ്‌ ഇല്ലായിരുന്നുവെന്ന്‌ അബൂബക്കര്‍ പറഞ്ഞു.
ഭാര്യയും ഒരു കുട്ടിയുമടങ്ങുന്ന കുടുംബത്തിന്റെ നാഥനായ അബൂബക്കര്‍ നാട്ടില്‍ നിന്നും ജോലിക്കെത്തി 21 മാസമായതേയുള്ളു. അടുത്ത ജനവരിയില്‍ രണ്ട്‌ വര്‍ഷം തികയും.
ദമാം കിംഗ്‌ ഫഹദ്‌ സ്‌പെഷ്യലിസ്റ്റ്‌ ഹോസ്‌പിറ്റലിന്‌ സമീപമുള്ള റോഡില്‍ റമദാന്‍ 12ന്‌ വൈകുന്നേരം നാല്‌ മണിയോടെയാണ്‌ അപകടം സംഭവിച്ചതെന്ന്‌ അബൂബക്കര്‍ പറഞ്ഞു. അപകടത്തിന്റെ സാഹചര്യം അബൂബക്കര്‍ വിശദീകരിക്കുന്നത്‌ ഇങ്ങിനെ: സ്‌പോണ്‍സറുടെ ഫോര്‍ഡ്‌ വാഹനത്തില്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക്‌ വാഹനത്തില്‍ വെള്ളവുമായി വരികയായിരുന്നു. യമനി പയ്യന്‍ കാറുമായി തന്റെ വാഹനത്തിന്റെ മുന്നില്‍ കയറിയപ്പോള്‍ ബ്രേക്ക്‌ ചവിട്ട്‌ ഹോണടിച്ചു. പിന്നീട്‌ ഇതേ യമനി പയ്യന്‍ വലത്‌ വശത്തേക്ക്‌ കാര്‍ പെട്ടെന്ന്‌ വലത്‌ വശത്തെ ട്രാക്കില്‍ കയറിയപ്പോള്‍ പിറകില്‍ വന്ന സ്വദേശിയുടെ കാര്‍ ഇടിക്കുകയായിരുന്നു. രണ്ട്‌ വാഹനവുമായി തന്റെ കാര്‍ തട്ടിയിട്ടില്ല. ഇരു വാഹനങ്ങളും വഴി മുടക്കി നിന്നതിനാല്‍ തന്റെ വാഹനം മുന്നോട്ട്‌ എടുക്കാനായില്ലെന്ന്‌ അബൂബക്കര്‍ പറയുന്നു
ആദ്യം വന്ന ട്രാഫിക്‌ പോലീസുകാര്‍ അപകടത്തില്‍ തനിക്ക്‌ പങ്കില്ലെന്നാണ പറഞ്‌ത്‌. പിന്നീട്‌ കാര്‍ പാര്‍ക്ക്‌ ചെയ്‌ത്‌ മുറൂര്‍ സ്റ്റേഷനിലേക്ക്‌ കൊണ്ടുപോയി. സ്‌പോണ്‍സര്‍ വന്ന്‌ ജാമ്യത്തില്‍ പുറത്തിറക്കി. എന്നാല്‍ ഈദിന്‌ ശേഷം സ്റ്റേഷനില്‍ വിളിപ്പിച്ചപ്പോള്‍ സ്‌പോണ്‍സര്‍ കൂടെ വന്നില്ല. അപകടത്തിന്റെ കുറ്റം ചുമത്തി 35,000 റിയാല്‍ നല്‍കാനാണ്‌ നിര്‍ദേശിച്ചത്‌. അധികൃതരെ കണ്ട്‌ വസ്‌തുത ധരിപ്പിച്ച്‌ തന്നെ സംരക്ഷിക്കുന്നതിന്‌ പകരം ദിവസങ്ങളോളം സ്‌പോണ്‍സര്‍ ബന്ധപ്പെട്ടതേയില്ലെന്ന്‌ അബൂബക്കര്‍ പറഞ്ഞു. പിന്നീട്‌ അദ്ദേഹം
പാസ്‌പോര്‌ട്ട്‌ സ്റ്റേഷനില്‍ ഏല്‍പ്പിച്ച്‌ കൈയൊഴിഞ്ഞതായി അബൂബക്കറിന്റെ സുഹൃത്ത്‌ മുഹമ്മദ്‌ പറഞ്ഞു. പതിനയ്യായിരം റിയാല്‍ നല്‍കിയാല്‍ തടവില്‍ നിന്നും മോചിതനാകാമെന്ന്‌ കഴിഞ്ഞ ദിവസം അബൂബക്കറിനെ അറിയിച്ചിരുന്നു. ഇതിനിടെയാണ്‌ ഇന്നലെ ഉച്ചയോടെ ജയിലിലേക്ക്‌ മാറ്റിയത്‌.
ആവശ്യമായ രേഖകളില്ലാതെ വീട്ടുഡ്രൈവര്‍മാരെ വാഹനം ഓടിക്കാന്‍ നിര്‍ബന്ധിക്കുകയും, പിന്നീട്‌ കൈയൊഴികയും ചെയ്യുന്ന ദുഷ്‌പ്രവണത ഇല്ലാതാക്കാന്‍ എംബസി ശക്തമായ നടപടി സ്വീകരിക്കണമെന്ന്‌ സാമൂഹിക പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.