പ്രവാസി പുനരധിവാസത്തിന്‌ ആദ്യം വേണ്ട മാനസിക ഇഛ

ദമാം: പ്രവാസികളുടെ പുനരധിവാസത്തിന്‌ സാധ്യതകള്‍ വളരെയേറെയുണ്ടെന്നും എന്നാല്‍ അതിന്‌ ആദ്യം വേണ്ടത്‌ മാനസിക ഇഛയാണെന്നും പ്രൊഫ. നിസാര്‍ കാത്തുങ്ങല്‍ (പ്രിന്‍സിപ്പല്‍ മിഡില്‍ ഈസ്റ്റ്‌ ഇന്റര്‍നാഷനല്‍ സ്‌കൂള്‍, അല്‍ഖര്‍ജ്‌) അഭിപ്രായപ്പെട്ടു. അല്‍കോബാറില്‍ ഫ്രണ്ട്‌സ്‌ ഓഫ്‌ ജനശ്രീ സംഘടിപ്പിച്ച സംഗമത്തില്‍ പ്രവാസി പുനരധിവാസം - സാധ്യതകള്‍ എന്ന വിഷയം അവതരിപ്പിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസി പുനരധിവാസത്തിന്‌ സര്‍ക്കാര്‍ പദ്ധതികള്‍ കാത്തിരിക്കുന്നത്‌ വിഡ്‌ഢിത്തമാണ്‌. പ്രവാസികള്‍ക്ക്‌ കൂട്ടായി ആവിഷ്‌കരിക്കാവുന്ന വിവിധ പദ്ധതികളിലേക്ക്‌ അദ്ദേഹം വിരല്‍ ചൂണ്ടി. വിദ്യാഭ്യാസ രംഗത്തും വ്യവസായ രംഗത്തും സഹകരണ സംരംഭങ്ങളിലൂടെ നിക്ഷേപത്തിനൊപ്പം നാട്ടില്‍ തിരിച്ചെത്തുന്നവര്‍ക്ക്‌ തൊഴിലവസരവും ലഭിക്കുമെന്ന്‌ അദ്ദേഹം വിശദീകരിച്ചു.
കിഴക്കന്‍ പ്രവിശ്യയില്‍ അടുത്ത കാലത്ത്‌ പ്രവര്‍ത്തനം ആരംഭിച്ച ജനശ്രീ സുസ്ഥിര വികസന മിഷന്‍ പ്രവര്‍ത്തകരുടെയും അഭ്യുദയകാംക്ഷികളുടെയും ആദ്യത്തെ ഒത്തുചേരലിന്റെ ഉദ്‌ഘാടനം ദമാം ഇന്ത്യന്‍ സ്‌കൂള്‍ ഭരണസമിതിയംഗം ജോണ്‍ തോമസ്‌ നിര്‍വഹിച്ചു. പ്രഭാഷണം, പുസ്‌തക പ്രകാശനം, കലാപരിപാടികള്‍ എന്നിങ്ങിനെ മൂന്ന്‌ സെഷനുകളിലായാണ്‌ പരിപാടികള്‍ നടന്നത്‌.
കിഴക്കന്‍ പ്രവിശ്യയിലെ മികച്ച സാമൂഹിക പ്രവര്‍ത്തകന്‌ ജനശ്രീ ഏര്‍പ്പെടുത്തിയ അവാര്‍ഡിന്‌ ഈ വര്‍ഷം തിരഞ്ഞെടുക്കപ്പെട്ട ജഗിമോന്‍ ജോസഫിന്‌ ഷാജാഹന്‌ റാവുത്തര്‍ മെമന്റോ നല്‍കി ആദരിച്ചു. ജനശ്രീ തയാറാക്കിയ ലഘുകൃതി ശ്രീദേവി മേനോന്‍ (അല്‍ഖൊസാമ സ്‌കൂള്‍) പ്രകാശനം ചെയ്‌തു. ടി.പി.എം ഫസല്‍ സ്വീകരിച്ചു. നിസാര്‍ കാത്തുങ്ങലിന്‌ ഫ്രാന്‍സിസ്‌ ബി. രാജ്‌ മെമന്റോ നല്‍കി.
പ്രിയദര്‍ശനി പുസ്‌തകങ്ങളുടെ പ്രകാശനം ഡോ. സീനത്ത്‌ ഷാനവാസ്‌ (പ്രിന്‍സിപ്പല്‍ ഫ്യൂച്ചര്‍ സ്‌കൂള്‍) നിര്‍വഹിച്ചു. ഇനോക്‌ പ്രസിഡന്റ്‌ അബ്‌ദുല്‍ ഹമീദിന്‌ നല്‍കി. പുസ്‌തകങ്ങളുടെ വിതരണ ഉദ്‌ഘാടനം അബ്‌ദുല്‍സലീം നിര്‍വഹിച്ചു. മന്‍സൂര്‍ പള്ളൂര്‍ പുസ്‌തകം ഏറ്റുവാങ്ങി. ജനശ്രീ പുസ്‌തക വിതരണ ഉദ്‌ഘാടനം എസ്‌.എം. താജുദ്ദീന്‍ നിര്‍വഹിച്ചു.
പ്രവാസിയും പുനരധിവാസവും എന്ന ലേഖനമത്സര വിജയികളായ മുംതാസ്‌ നജീബ്‌, ഖദീജ ഹബീബ്‌ (ദമാം) എന്നിവര്‍ക്ക്‌ വര്‍ഗീസ്‌ മൂലന്‍ സമ്മാനങ്ങള്‍ നല്‍കി. സബീന എം. സാലി (റിയാദ്‌), നാസറുദ്ദീന്‍ (റിയാദ്‌), (അല്‍കോബാര്‍), അബൂ ഫര്‍ഹാന്‍ (റിയാദ്‌) എന്നിവര്‍ ഹാജരായിരുന്നില്ല.
ജനശ്രീ യുനിറ്റുകളുടെ ഉദ്‌ഘാടനം മാത്യു ജോസഫ്‌ നിര്‍വഹിച്ചു. നിസാര്‍ റൂമി രചനയും സംവിധാനവും നിര്‍വഹിച്ച്‌ രാജന്‍ നമ്പ്യാര്‍ നിര്‍മ്മിച്ച ഹ്രസ്വ ചിത്രം ബലിപ്പൂക്കള്‍ പ്രദര്‍ശിപ്പിച്ചു. കുട്ടികളുടെ കലാപരിപാടികള്‍ നടന്നു.
ജനശ്രീ ചീഫ്‌ കോഓര്‍ഡിനേറ്റര്‍മാരായ അബ്‌ദുല്ലാ ഉമര്‍ഖാന്‍ സ്വാഗതവും മാത്യു ജോസഫ്‌ നന്ദിയും പറഞ്ഞു.ആയിഷ ഖിറാഅത്ത്‌ നടത്തി. മരിയാ അല്‍ഫോണ്‍സാ സെബി, ആഷ്‌ലിന്‍ ആന്‍ മാത്യു എന്നിവര്‍ അവതാരകരായിരുന്നു.