നാല്‌ പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു; ഹുമയാത്തില്‍ കാറപകടം; ഉംറക്ക്‌
പുറപ്പെട്ട മലയാളി യുവാവ്‌ മരിച്ചു.

ദമാം: ഉംറ തീര്‍ത്ഥാടനത്തിന്‌ ദമാമില്‍ നിന്നും പുറപ്പെട്ട മലയാളികള്‍ യാത്ര ചെയ്‌ത ടൊയോട്ട ഇന്നോവ കാര്‍ അപകടത്തില്‍ പെട്ട്‌ ഒരാള്‍ മരിച്ചു. നാല്‌ പേര്‍ അത്ഭുതകരമാംവിധം രക്ഷപ്പെട്ടു. കാര്‍ ഓടിച്ചിരുന്ന കോഴിക്കോട്‌ അടിവാരം കൈതപ്പൊയിലില്‍ കൊട്ടാരക്കുത്ത്‌ വീട്ടില്‍ ഷൗക്കത്ത്‌ അലി (36) യാണ്‌ മരിച്ചത്‌. കൂടെ യാത്ര ചെയ്‌ത
വയനാട്‌ ജില്ലയില്‍ മാനന്തവാടി സ്വദേശി ജാഫര്‍, തരുവണ ഷറഫുദ്ദീന്‍, കോഴിക്കോട്‌ ജില്ലയില്‍ ഈങ്ങാപ്പഴ സ്വദേശി അഷ്‌റഫ്‌, ഷൗക്കത്തിന്റെ സഹോദരീ ഭര്‍ത്താവായ താമരശ്ശേരി സ്വദേശി ഷരീഫ്‌ എന്നിവരാണ്‌ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടവര്‍.
റിയാദ്‌ - മക്ക ഹൈവേയില്‍ അഫീഫില്‍ എത്തുന്നതിന്‌ മുമ്പ്‌ 400 കിലോമീറ്റര്‍ അകലെ ഹുമയാത്തില്‍ പുലര്‍ച്ചെ അഞ്ച്‌ മണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ റോഡിന്റെ മധ്യത്തിലുള്ള ഭിത്തിയിലിടിക്കുകയായിരുന്നു. ഉറങ്ങിപ്പോയതാണ്‌ അപകടത്തിന്‌ കാരണമായതെന്ന്‌ കരുതുന്നു. മൃതദേഹം അഫീഫ്‌ ജനറല്‍ ആശുപത്രിയിലാണുള്ളത്‌.
മൊയ്‌തിന്‍കൂട്ടി ഹാജി - നഫീസ ദമ്പതികളുടെ ഒമ്പത്‌ മക്കളില്‍ ഇളയമകനാണ്‌ ഷൗക്കത്ത്‌. ജ്യേഷ്‌ഠന്‍ മജീദ്‌. ജുബൈല്‍ യുനൈറ്റഡ്‌ ഗള്‍ഫ്‌ ഗ്രൂപ്പിന്‌ കീഴില്‍ ട്രക്ക്‌ ഡ്രൈവറാണ്‌. ഷമീമയാണ്‌ ഷൗക്കത്തിന്റെ ഭാര്യ. തൗസീഫ്‌ (12), അജ്‌മല്‍ (7) എന്നിവര്‍ മക്കളാണ്‌.
വ്യാഴാഴ്‌ച രാത്രി ആറര മണിയോടെയാണ്‌ ഷൗക്കത്തും മറ്റ്‌ മൂന്ന്‌ പേരും ഉംറക്ക്‌ കാറില്‍ ദമാമില്‍ നിന്നും യാത്ര തിരിച്ചതെന്ന്‌ സുഹൃത്ത്‌ കൊല്ലം സ്വദേശി നിസാര്‍ പറഞ്ഞു. റിയാദില്‍ ഹൗസ്‌ ഡ്രൈവറായ ഷരീഫ്‌ റിയാദില്‍ നിന്നാണ്‌ സംഘത്തോടൊപ്പം ചേരുകയായിരുന്നു.
ഷൗക്കത്തിന്റെ മൃതദേഹം സൗദിയില്‍ ഖബറടക്കുന്നതിന്‌ ആവശ്യമായ രേഖകള്‍ തയാറാക്കുന്നതായി സുഹൃത്ത്‌ ബഷീര്‍ മലയാളം ന്യൂസിനോട്‌ പറഞ്ഞു. ദമാമിലുള്ള സ്‌പോണ്‍സറില്‍ നിന്നും ആവശ്യമായ രേഖകള്‍ സ്വീകരിച്ച ശേഷം സഹോദരന്‍ മജീദ്‌ ഇന്ന്‌ അഫീഫിലേക്ക്‌ പുറപ്പെടുന്നുണ്ട്‌.